കശ്മീര്‍; ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം
ഷാജഹാന്‍ കെഇ
കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍.
യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്‍. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്. കൊക്കകള്‍ക്കു മുകളിലൂടെയുള്ള റോഡില്‍ സര്‍ക്കസുകളിച്ച് നീങ്ങുന്ന വാഹനങ്ങള്‍. ചുറ്റും വെള്ളപുതച്ച ഹിമവാന്‍.
ബസ് യാത്രയുടെ തുടക്കത്തില്‍ വീതികൂടിയ റോഡുകളായിരുന്നെങ്കിലും അത് അധികദൂരം ഉണ്ടായില്ല. മലമടക്കുകളിലെ വളവുകളെ താണ്ടി മുന്നേറുന്ന ബസ്സിന്‍റെ മുമ്പോട്ടുള്ള കാഴ്ച്ചകളേക്കാളും എന്നെ കീഴടക്കിയത് താഴ്വരയിലെ ഫ്രൈമുകളാണ്. ഗ്രാമങ്ങളും, പെട്ടിക്കൂടുപോലെയുള്ള വീടുകളും, വെള്ളച്ചാട്ടങ്ങളും, കൃഷിഭൂമിയും എല്ലാം മനോഹരമായിരുന്നു. പാറക്കെട്ടിലൂടെ ഒഴുകിയൊലിക്കുന്ന നദികളിലെ പുല്‍മേട്ടില്‍ മേയുന്ന കുതിരകളും ചെമ്മരിയാടിന്‍ കൂട്ടവും പുതിയ അനുഭവമായി. രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്കമായ ചന്നാനി (പാറ്റ്നി ടോപ് തുരങ്കം) ഈ പാതയിലാണ്. ബനാനിയില്‍ നിന്നും നിഷ്റി വരെ ഒമ്പതു കിലോമീറ്റര്‍ നീളമുണ്ട് ഈ തുരങ്കത്തിന്. പാതകള്‍ പിന്നിട്ട് ശ്രീനഗറില്‍ എത്തിയപ്പോഴേക്കും രാത്രി എട്ടുമണിയായി. ഥാല്‍ തടാകത്തിനടുത്തുള്ള ഥാല്‍ ഗേറ്റ് ഹോട്ടലിലായിരുന്നു താമസം. ഹോട്ടെലില്‍ നിന്നും പുറത്തിറങ്ങിയാല്‍ കാണുന്നത് ചിനാര്‍ മരങ്ങള്‍ കെട്ടിപ്പുണരുന്ന പാര്‍ക്കാണ്. ചിനാര്‍ പാര്‍ക്ക്. പ്രദേശത്തുള്ള ആളുകള്‍ കുടുംബവുമായി സമയം ചിലവിടുന്നത് ഇവിടെയാവും എന്നു തോന്നി. പാര്‍ക്കിന്‍റെ ചുറ്റും വെള്ളക്കെട്ടുകളാണ്. ഇവിടെനിന്നും അല്‍പ്പം മാറിയാണ് പ്രണയത്തിന്‍റെ നീരുറവയായ ഥാല്‍ തടാകവും ലാല്‍ ചൗക്ക് മാര്‍ക്കറ്റും.
ശ്രീനഗറില്‍ നിന്നും രണ്ടു മണിക്കൂറിനുള്ളില്‍ എത്തപ്പെടാന്‍ സാധിക്കുന്ന സ്ഥലങ്ങളാണ് ഗുല്‍മര്‍ഗ്, സോനാമര്‍ഗ്, പഹല്‍ഗാം. അതുകൊണ്ട് തന്നെ ശ്രീനഗര്‍ കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ആദ്യ ദിവസം പോകാന്‍ ഞാന്‍ പ്ലാന്‍ ചെയ്തത് സോനാ മര്‍ഗിലേക്കായിരുന്നു. ശ്രീനഗറില്‍ നിന്ന് ഇന്ത്യയേയും ചൈനയെയും ബന്ധിപ്പിക്കുന്ന സില്‍ക്ക് റോഡ് വഴി ലഡാക്ക് റൂട്ടില്‍ 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സോനാമാര്‍ഗ് എത്താം. ടൂറിസ്റ്റ് സീസണില്‍ സഞ്ചാരികളും കച്ചവടക്കാരും കുതിരകളും മാത്രമേ ഇവിടുണ്ടാവൂ. കാശ്മീരിലെ മനോഹരമായ റോഡുകളിലൊന്നാണ് സോനാമാര്‍ഗിലേത്. മഞ്ഞു മലകള്‍ ശരീരത്തെയും നീലപുതച്ച നദികളും താഴ്വരകളും മനസ്സിനെയും കുളിരണിയിച്ചു. വഴിയോരങ്ങളിലെ ആപ്പിള്‍ മരങ്ങളാണ് സോനാമാര്‍ഗിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
ഗുല്‍മര്‍ഗിലേക്ക് ശ്രീനഗറില്‍ നിന്നും 50 കിലോമീറ്ററാണ് ദൂരം. ചുരം കയറി ഒരുകിലോമീറ്റര്‍ നടക്കണം ലക്ഷ്യത്തിലെത്താന്‍. മഞ്ഞുമലകള്‍ താണ്ടിവേണം മുകളിലെത്താന്‍. ഒരു ചെറിയ ട്രെക്കിംഗ്. റോപ് വെ സൗകര്യവുമുണ്ട്. ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ക്ക് ലൊക്കേഷനായ ഗുല്‍മര്‍ഗ് ആറുമാസം മഞ്ഞുപുതഞ്ഞു കിടക്കും. അതുകൊണ്ടുതന്നെ ഇവിടെ സ്ഥിരതാമസക്കാര്‍ കുറവാണ്.
മിനി സ്വിറ്റ്സര്‍ലാന്‍റ് എന്നാണ് പഹല്‍ഗാം അറിയപ്പെടുന്നത് . ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരം. വഴികളില്‍ ആപ്രിക്കോട്ട് തോട്ടങ്ങളും ആപ്പിള്‍ തോട്ടങ്ങളും പീലിവിരിച്ച് നില്‍ക്കുന്നു. പാറക്കെട്ടുകളും, വലിയ ഉരുളന്‍ കല്ലും, അവയില്‍ തട്ടിത്തെറിച്ച് പല ദിക്കുകളിലേക്കായി പരന്നൊഴുകുന്ന നദികളും കടന്നാണ് യാത്ര. ആട്ടിന്‍ പറ്റങ്ങളെ ചിട്ടയോടെ മേച്ചു വരുന്ന കാഴ്ച രസം പിടിപ്പിക്കുന്നതാണ്. നിരതെറ്റാതെ കിലോമീറ്ററുകളോളം നീളത്തില്‍ ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന ഫാക്റ്ററികള്‍. അതിനു മുമ്പിലായി ബാറ്റ് വില്‍പ്പനക്കാരും. ഇന്ത്യയില്‍ എല്ലായിടത്തേക്കും ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്നത് ഇവിടെനിന്നാണ്. കശ്മീരി വില്ലോസ് എന്ന മരമാണ് ഇതിനുപയോഗിക്കുന്നത്. ഏക്കറുകളോളം പരന്നു കിടക്കുന്ന കുങ്കുമപ്പാടങ്ങള്‍ എനിക്ക് പുതിയ അനുഭവമാണ്. വഴിയരികില്‍ കുങ്കുമപ്പൂവും ഡ്രൈഫ്രൂട്സും വില്‍ക്കുന്ന ധാരാളം കടകളുമുണ്ട്. ഇവിടെ നിന്നും അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് അഞ്ചുദിവസത്തെ കാല്‍നട യാത്രയുണ്ട്. വഴി അപകടം നിറഞ്ഞതിനാല്‍ അങ്ങോട്ടുള്ള യാത്ര വേണ്ട എന്നു തീരുമാനിച്ചു.
യാത്രയുടെ അവസാന ദിവസമാണ് ശ്രീനഗര്‍ ചുറ്റിയടിക്കാന്‍ തീരുമാനിച്ചത്. ഉദ്യാനങ്ങളുടെ നഗരമാണ് ശ്രീനഗര്‍. ലോക പ്രശസ്തമായ തുലിഫ് ഗാര്‍ഡന്‍ ഇവിടെയാണുള്ളത്. ഏപ്രില്‍ മാസത്തിലാണ് തുലിഫ് പൂക്കുന്നത്. ഥാല്‍ തടാകത്തിലെ ശിക്കാര വള്ളങ്ങളിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്. സന്ധ്യയില്‍ വിളക്കു തെളിയുമ്പോള്‍ ഥാല്‍ തടാകത്തില്‍ സ്വര്‍ണവെളിച്ചം പരക്കും. അപ്പോള്‍ ഹസ്രത്ത് ബാല്‍ പള്ളിയുടെ മിനാരങ്ങളില്‍ പ്രാവുകള്‍ രാവുറങ്ങാന്‍ ചേക്കേറും.
മുഗള്‍ ബാക്കിപത്രമായ ഷാലിമാറും, നിഷാത്ത് ബാഗും സ്ഥിതിചെയ്യുന്നത് ഥാല്‍ തടാകക്കരയിലാണ്. എഡി 1394ല്‍ സുല്‍ത്താന്‍ സിക്കന്തര്‍ പണികഴിപ്പിച്ച ജാമിയാ മസ്ജിദ് ഒറ്റമരം തൂണുകളില്‍ ഇപ്പോഴും പ്രൗഡിയോടെ തടാകക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ശ്രീനഗറില്‍ അങ്ങിങ്ങായി സങ്കര്‍ഷങ്ങളുടെ അവശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നുണ്ട്. വഴികളില്‍ തോക്കുമായി റോന്തു ചുറ്റുന്ന പട്ടാളക്കാരും. കശ്മീരിനോട് യാത്രപറയുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരായിരുന്നു. വാര്‍ത്തകളിലെ കശ്മീരല്ലാത്ത നിറമുള്ള കശ്മീരാണ് ഞാന്‍ അനുഭവിച്ചറിഞ്ഞത്.