സ്മാര്‍ട്ട് ഓട്ടോ നിറയും: കൊച്ചി പഴയ കൊച്ചിയല്ല
നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിയിലെ ഓട്ടോക്കാര്‍ ഓടുന്നത് നാടിന്‍റെ കൂടെയാണ്. മെട്രോ നഗരമായ കൊച്ചിയില്‍ ഇനി മെട്രോ ഓട്ടോറിക്ഷകളും. 15000 മെട്രോ ഓട്ടോകളാണ് കൊച്ചിയുടെ നിരത്തിലിറങ്ങുക. ഇതു സംബന്ധിച്ച് നഗരത്തിലെ ഓട്ടോറിക്ഷകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം.
പൊതുഗതാഗത സംവിധാനത്തിലേക്ക് ഓട്ടോയും
ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമാവുന്ന ലോകത്തിലെ ആദ്യ നഗരമാവും കൊച്ചി. കൊച്ചിയിലെ ഊടു വഴികളിലേക്ക് ബസ് സര്‍വീസ് ഇല്ല. ഇവിടങ്ങളിലേക്ക് ഓട്ടോ മാത്രമേ എത്തൂ. വീട്ടില്‍ നിന്നും ഓട്ടോയില്‍ മെട്രോ സ്റ്റേഷനിലേക്ക്. മെട്രോയില്‍നിന്നിറങ്ങി ലക്ഷ്യസ്ഥലത്തേക്ക് വീണ്ടും ഓട്ടോ വിളിക്കാം. അതും ഒറ്റ ടിക്കറ്റില്‍. പൊതുഗതാഗതം എല്ലായിടത്തും എത്തുന്ന (ഫസ്റ്റ് ടു ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി) സംവിധാനമൊരുക്കുകയാണ് കെഎംആര്‍എല്‍.
ഓട്ടോകള്‍ മൂന്നുതരം
കൊച്ചിയിലെ ഓട്ടോകള്‍ മൂന്നുതരത്തിലായിരിക്കും ഇനിയുണ്ടാവുക. ഷെയര്‍ ഓട്ടോ, ഹയര്‍ ഓട്ടോ, സ്റ്റാന്‍റ് ഓട്ടോ. മെട്രോയുടെ ഫീഡര്‍ ഓട്ടോകളും ഇക്കൂട്ടത്തിലുണ്ടാവും. ഓട്ടോ ഏതുവിഭാഗത്തില്‍ പെട്ടതാണെന്ന് ഓട്ടോയുടെ മുകളില്‍ ഘടിപ്പിക്കുന്ന എല്‍.എ.ഡിലൈറ്റില്‍ തെളിഞ്ഞു കാണാം. മൂന്നു വിഭാഗത്തില്‍ ഏതില്‍ വേണമെങ്കിലും ഓട്ടോയ്ക്ക് സവാരി നടത്താം. ലൈറ്റ് അതനുസരിച്ച് മാറ്റിയാല്‍ മതി. ഓണ്‍ലൈന്‍ ടാക്സി വിളിക്കുംപോലെ യാത്രക്കാരന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷ വിളിച്ചു വരുത്താവുന്ന സംവിധാനമാണിത്. ഓരോ ഓട്ടോ ഓടിക്കുന്നവര്‍ക്കും പ്രത്യേക നിറത്തിലുള്ള യുണിഫോം ഉണ്ട്. മടക്ക ഓട്ടം കിട്ടാത്ത സ്ഥലങ്ങളിലേക്ക് ഹയര്‍ ഓട്ടോ വിളിക്കാം.
ഒറ്റ ടിക്കറ്റ്
ഭാവിയില്‍ എല്ലാ ഓട്ടോകളിലും ജിപിഎസും പൊതു കണ്‍ട്രോള്‍ സംവിധാനവും വരുമ്പോള്‍ മോട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് മതി ഓരോ യാത്രക്കും. ഓടുന്ന കിലോമീറ്ററിനനുസരിച്ച് ഓരോ ഉടമയ്ക്കും അതാതുദിവസം അക്കൗണ്ടിലേക്ക് പണം എത്തും. ജിപിഎസ് അടിസ്ഥാനമാക്കി ഓട്ടോ ഓടുന്ന ദൂരവും കൂലി സംബന്ധിച്ച താരിഫും യാത്രക്കാരന് ലഭിക്കും.
ആദ്യ ഘട്ടത്തില്‍ 300 ഓട്ടോറിക്ഷകള്‍ കൊച്ചി മെട്രോ സ്റ്റെഷനുകളിലേക്കുള്ള ഫീഡര്‍ സര്‍വീസായി ഓടിക്കും. ഷെയര്‍ ഓട്ടോ ആയാണ് 300 ഓട്ടോകളും ഓടുന്നത്. മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തേക്കു മൂന്നു പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് ഏഴു രൂപയാണ് നിരക്ക്. രണ്ടു പേരുണ്ടെങ്കില്‍ 10 രൂപയും തനിച്ചു യാത്രചെയ്യാന്‍ 20 രൂപയുമാണ് നിരക്ക്. 1.5 കിലോമീറ്ററാണ് ഫീഡര്‍ റൂട്ട്. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.ബി. സ്യമന്തഭദ്രൻ, കെഎംആർഎൽ പ്രോജക്ട് ഡയറക്ടർ തിരുമൻ അർച്ചുനൻ എന്നിവര്‍ ഒപ്പുവെച്ചു