വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ
സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ…
കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ്
ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്.
ഡാര്‍ജിലിംഗ് ഹിമാലയ റെയില്‍വേ, വെസ്റ്റ്ബംഗാള്‍
1881ല്‍ നിര്‍മ്മിച്ച ഏറ്റവും പഴക്കം ചെന്ന ടോയ് ട്രെയിനാണ് ഡാര്‍ജിലിംഗ് ഹിമാലയ റെയില്‍വേ. ഇന്ത്യയിലെ ചരിത്രപ്രാധാന്യം നിറഞ്ഞ പര്‍വത നിരയായ ഡാര്‍ജിലിംഗ് ഹിമാലയ താഴ്‌വര യാത്ര യാത്രാപ്രേമിക്കള്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവം സമ്മാനിക്കും. പശ്ചിമബംഗാളിലെ ന്യൂജല്‍പായ്ഗുരിയില്‍ നിന്ന് സിലിഗുരി, കുര്‍സിയോങ്ങ്, ഘൂം ലഴി ഡാര്‍ജിലിംഗ് വരെ ട്രെയില്‍ റൂട്ട് പ്രവര്‍ത്തിക്കുന്നു. 500 ചെറുതും വലുതുമായ പാലങ്ങള്‍ കടന്നാണ് തീവണ്ടിയുടെ യാത്ര. ഡാര്‍ജിലിംഗില്‍ നിന്ന് രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസികയാത്രയ്ക്ക് ഒരുദിവസം അധികമില്ല. സമുദ്രനിരപ്പില്‍ നിന്ന് 7,400 അടി ഉയരത്തിലാണ് ഈ സ്ഥലം സത്ഥിതി ചെയ്യുന്നത്. അപ്രതീക്ഷിതമായ നിരലവധി വളവുകളും, തിരിവുകളും കുത്തനെയുള്ള കയറ്റങ്ങളും യാത്രക്കാരെ ആകാംഷഭരിതരാക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ബറ്റേഷ്യ ലൂപ്പ്, ഘോം, ഡാര്‍ജിലിംഗ് എന്നിവയ്ക്കിടയിലുള്ളതാണ്. ഡാര്‍ജിലിംഗ് മലനിരകളുടെ മുഴുവന്‍ ഭംഗിയും ഇവിടെ നിന്ന് ആസ്വദിക്കാന്‍ സാധിക്കും.
നീലഗിരി മലയോര തീവണ്ടി, തമിഴ്‌നാട്
മേട്ടുപാളയം മുതല്‍ ഊട്ടി വരെ നീളുന്ന റെയില്‍പാതയാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. ഈ പാതയിലൂടെ ഓടുന്ന ഏക തീവണ്ടിയും ഇതുതന്നെയാണ്. പുലര്‍ച്ച ചൈന്നെയില്‍ നിന്ന് തീവണ്ടി നീലഗിരിയിലെത്തും. നാല് കോച്ചുകളുള്ള ഈ കൊച്ചു ടോയ് ട്രെയിന്‍ സ്വിസ്സ് നിര്‍മ്മിത എക്‌സ് ക്ലാസ് ശ്രേണിയില്‍പ്പെടുന്ന ലോക്കോമോട്ടീവ് ആവി എഞ്ചിനാല്‍ നിര്‍മ്മിച്ചതാണ്. 250 പാലങ്ങളും 16 ടണലുകളും താണ്ടിയാണ് തീവണ്ടി ഊട്ടിയില്‍ എത്തുന്നത്. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയാണ് ഈ യാത്രയുടെ മനോഹര കാഴ്ച്ചകള്‍ ഒളിച്ചിരിക്കുന്നത്.
മാതേരണ്‍ ഹില്‍ റെയില്‍വേ, മഹാരാഷ്ട്ര
1907ല്‍ ഓട്ടം തുടങ്ങിയ ഈ ടോയ് ട്രെയിന്‍ അധികം സഞ്ചാരികള്‍ പരീക്ഷിക്കാത്ത ഒരു റെയില്‍ പാതയാണ്. എന്നാല്‍ പൂര്‍ണ്ണമായ മലിനീകരണരഹിതവും സമാധാനപരമായ യാത്രയാണ് ഈ പാതയിലൂടെ ആസ്വദിക്കാന്‍ സാധിക്കുക. നേരല്‍ സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന യാത്ര 20 കിലോമീറ്റര്‍ മാത്രം നീണ്ട് നില്‍ക്കുന്നതാണ്. രണ്ടര മണിക്കൂറില്‍ തീരുന്ന യാത്ര അതുകൊണ്ട്തന്നെ തീവണ്ടി മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.
കംഗ്രാതാഴ്‌വര റെയില്‍വേ, ഹിമാചല്‍ പ്രദേശ്
ഇന്ത്യയില്‍ ഏറ്റവും അവസാനം നിര്‍മ്മിച്ച മലയോര തീവണ്ടി പാതയാണ് കംഗ്രാ താഴ്‌വര. 1929ല്‍ പണിപൂര്‍ത്തിയാക്കിയ പാതയ്ക്ക് 164 കിലോമീറ്റര്‍ ദൂരം ഉണ്ട്. പഞ്ചാബിലെ പട്ടാന്‍കോട്ടില്‍ നിന്നും യാത്ര ആരംഭിച്ച് ഹിമാചല്‍പ്രദേശിലെ ജോഗീന്ദര്‍ നഗറില്‍ യാത്ര അവസാനിക്കും. രണ്ട് തുരങ്കങ്ങളില്‍ കൂടി മാത്രം കടന്ന് പോകുന്ന തീവണ്ടിയാത്ര 10 മണിക്കൂര്‍ നീണ്ടതാണ്. കംഗ്രാ മുതല്‍ പാലംപ്പൂര്‍ വരെ അവിസ്മരണീയമായ പ്രകൃതി ദൃശ്യങ്ങളാണ് കാഴ്ച്ചക്കാര്‍ക്കായി പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്.