News

റേഷന്‍കാര്‍ഡുണ്ടോ? തത്കാല്‍ പാസ്പോര്‍ട്ട് നേടാം

തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷാ രേഖകളില്‍ ഇളവ്. റേഷന്‍ കാര്‍ഡും ഇനി തത്കാല്‍ പാസ്പോര്‍ട്ട് നേടാന്‍ ആധികാരിക രേഖ.

കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി റേഷന്‍ കാര്‍ഡും ആധികാരിക രേഖ. നേരത്തെ റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇത് റദ്ദാക്കി. റേഷന്‍ കാര്‍ഡിനെ വീണ്ടും ആധികാരിക രേഖയായി കേന്ദ്രം അംഗീകരിച്ചെന്ന് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാല്‍ പാസ്പോര്‍ട്ടിന് ആധികാരിക രേഖയായി സ്കൂള്‍- കോളജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി.

പ്രശാന്ത് ചന്ദ്രന്‍ -കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍

ആധാര്‍ കാര്‍ഡ് തത്കാല്‍ പാസ്പോര്‍ട്ടിന് അത്യാവശ്യമെങ്കിലും കാര്‍ഡ് ലഭിക്കാത്തവര്‍ എന്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ മതി .
തത്കാല്‍ പാസ്പോര്‍ട്ടിന് നേരത്തെ വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവ ആധാറിനൊപ്പം നിര്‍ബന്ധമായിരുന്നു. ഇനി റേഷന്‍ കാര്‍ഡ് അടക്കം രണ്ടു രേഖകള്‍ കൂടി മതി .
പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഇല്ലാത്തതിനാല്‍ പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് തത്കാല്‍ പാസ്പോര്‍ട്ട് നടപടികള്‍ ദുഷ്കരമായിരുന്നു. ഇനി ആധാറിനോപ്പം ഇവര്‍ സ്കൂള്‍- കോളജ് തിരിച്ചറിയല്‍ രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും നല്‍കിയാല്‍ മതിയെന്നും പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു