India

ബന്ദില്‍ വലഞ്ഞ് കര്‍ണാടക;നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍

കര്‍ഷക സംഘടനകള്‍ മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ബന്ദില്‍ വലഞ്ഞ് കര്‍ണാടക. തുടര്‍ച്ചയായി അവധി ദിനം വരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നടത്താത്തതിനാല്‍
കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിരുന്നില്ല.
സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാഞ്ഞതിനാല്‍ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ടെക്ക് കമ്പിനികളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കി. വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയിലെ സ്‌കൂളുകളെ ബന്ദ് ബാധിച്ചിരുന്നില്ല, എന്നാല്‍ തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു.
ബിജെപി ദേശീയ അധ്യഷന്‍ അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് മൈസൂരുവില്‍ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. സമ്മേളനത്തെയും ബന്ദ് ബാധിക്കുമെന്നാണ് വിവരം. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനം സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രവരി നാലിന് ബെംഗളൂരുവില്‍ എത്തും. അന്നും കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.