Special

നദിക്കു മേലേ നടന്നുപോകാം. വരൂ ..ലഡാക്കിലേക്ക്

ലോകത്തെ അതിസാഹസിക യാത്രകളില്‍ തന്നെ ഏറ്റവും ശ്രദ്ധേയ യാത്രയാണ്  ലഡാക്കിലെ ‘ചഡര്‍ ട്രെക്കിങ്ങ്’. വര്‍ഷാരംഭത്തിലെ ആദ്യ മാസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് കൂടുന്ന ലഡാക്കില്‍ ട്രെക്കിങ്ങ് സൗകര്യത്തിനായി 16 കിലോമീറ്ററാണ് നീണ്ട് കിടക്കുന്നത്. തണുപ്പ് അധികഠിനമാകുന്ന ഈ സമയത്ത് സംസ്‌ക്കാര്‍ നദി മഞ്ഞ് കഷ്ണമായി മാറി നദി ഇല്ലാതായി മഞ്ഞ് മാത്രമാവും. ഈ സമയത്താണ് ഇവിടം ട്രെക്കിങ്ങിന് അനുയോജ്യമാവുന്നത്. തണുപ്പും ഉയരവും  പ്രശ്‌നം തന്നെയാണ്. എന്നാലും സ്‌കേറ്റിങ്ങ് പ്രേമികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണ് സംസ്‌ക്കാര്‍ നദിയിലൂടെയുള്ള യാത്ര.


നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ഇവിടേക്കുള്ള പല റോഡുകളും ഏതാണ്ട് സഞ്ചാരത്തിന് പോലും സാധ്യമാകാത്ത വിധത്തില്‍ മഞ്ഞാല്‍ മൂടപ്പെടും. ഈ സമയമാണ് ട്രെക്കിങ്ങിനായി കൂടുതല്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്.മഞ്ഞുകാലം അല്ലാത്തപ്പോള്‍ അതിമനോഹരിയായി ഒഴുകിക്കൊണ്ടിരിക്കുന്ന മായാനദിയാണ് സംസ്‌ക്കാര്‍ നദി.എന്നാല്‍ താഴെ ഒഴുക്കും മുകളില്‍ മഞ്ഞിന്റെ വിരിപ്പുമായി മഞ്ഞുകാലം വരുമ്പോള്‍ അവളുടെ രൂപം മാറും.