വരൂ ദുബായ്ക്ക് .മൊബൈല്‍ ആപ്പുമായി യുഎഇ
യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ എംബസി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. ഇതോടെ ജോലി സ്ഥലത്തെത്തിയ ശേഷമുണ്ടാവുന്ന നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സാധിക്കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍ താമസിയാതെ മലയാളത്തിലും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്ര സുഗമവും പ്രയാസരഹിതവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉൾക്കൊള്ളിച്ചാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനിലുണ്ട്.