Kerala

യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ടൂറിസം

രണ്ടാംഘട്ട പ്രമോഷന്‍ ക്യാമ്പയിന് ശേഷം യൂറോപ്പിലെ 7.5 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച് കേരള ടൂറിസം. വിവിധ തരം പദ്ധതികളാണ് ഇതിനായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി യൂറോപ്പിലുളള വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുക. യൂറോപ്യന്‍ വിപണിക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കേരളത്തിനെ ലോക ടൂറിസം ഭൂപടത്തില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

ലോക ടൂറിസത്തിന്‍റെ മൊത്ത വളര്‍ച്ചയ്ക്ക് യൂറോപ്പ് മികച്ച സാധ്യതകള്‍ ആണ് നല്‍കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസം കര്‍ശനമായ പ്രചാരണ പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കാനും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2021 ആകുമ്പോഴേക്കും 50 ശതമാനമാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ടെന്നും ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.  2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 10,18,986 ആഭ്യന്തര സഞ്ചാരികള്‍ വന്നു പോയതായി കണക്കുണ്ട്.  സഞ്ചാരികളുടെ വരവിലുണ്ടായ ഈ ഉയര്‍ച്ച നിരക്കുകളുടെ കണക്ക് ഈ ലക്ഷ്യത്തിന്‍റെ അനുകൂലമായ സൂചന മാത്രമാണെന്ന് റാണി ജോര്‍ജ് കൂട്ടി ചേര്‍ത്തു.