ദുഷ്പ്രചരണങ്ങളെ ടൂറിസം ന്യൂസ് ലൈവ് ചെറുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തിനെതിരെ ചിലര്‍ നടത്തുന്ന വ്യാപകമായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ ടൂറിസം ന്യൂസ് ലൈവിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്ത് ടൂറിസം ന്യൂസ് ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം;
കേരളത്തിനെതിരെ വ്യാപകമായി ചില വ്യവസ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍, ഈ നാടിനാകെ ദുഷ് പേര് ഉണ്ടാക്കുന്നതും, നമ്മുടെ ടൂറിസം അടക്കമുള്ള മേഖലകളെ പ്രതിസന്ധിയിലാക്കുന്നതുമാണ്. സംസ്ഥാനത്തിന് എതിരെ നടക്കുന്ന അത്തരം കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്നത് അനിവാര്യമാണ്. ആ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ട്രാവല്‍ & ടൂറിസം ന്യൂസ് പോര്‍ട്ടല്‍ ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്.
നമ്മുടെ ടൂറിസം രംഗത്തിന്റെ സവിശേഷതകളും സാധ്യതകളും പരിചയപ്പെടുത്താനും, ഒരടിസ്ഥാനവുമില്ലാത്ത നെഗറ്റീവ് ക്യാമ്പയിനെ ചെറുക്കാനും ഈ പോര്‍ട്ടല്‍ ഉപകരിക്കും. ആ ഒരു ലക്ഷ്യം നിറവേറ്റുന്നതിനാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സജീവമായ സംഘടന ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയം ഉള്‍ക്കൊള്ളുകയും തികച്ചും പ്രൊഫഷണലായി തന്നെ, മിടുക്കരായ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ടൂറിസം ന്യൂസ് ലൈവ് ആരംഭിച്ചതും തികച്ചും അഭിനന്ദനാര്‍ഹമാണ്.
നവമാധ്യമങ്ങളുടെ കാലമാണ് ഇത്. ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താനും, ദുരുപയോഗം ചെയ്യാനും കഴിയുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. നമ്മുടെ നാട്ടില്‍ ആരെയെങ്കിലും മോശം പറയാനോ, അപകീര്‍ത്തിപ്പെടുത്താനോ ഈ മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതി പൊതുവെ കണ്ടുവരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മഞ്ഞപത്ര ശൈലി പിന്തുടരുന്നതും കാണാറുണ്ട്. എന്തിലും കുറ്റം കാണുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് ഏത് വിഖ്യാത മാധ്യമപ്രവര്‍ത്തകനും വ്യക്തമാക്കും. ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. അവരത് ഭംഗിയായി നേരത്തെ ചെയ്തിട്ടുണ്ട്. ഇനിയുമേറെ നന്മ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും.
ആ നല്ല മാറ്റത്തിന് ഈ കാലഘട്ടത്തില്‍ മാര്‍ഗദര്‍ശനമേകാന്‍ ഈ ടൂറിസം ന്യൂസ് ലൈവിന് സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിഭാവുകകത്വമോ കൃത്രിമത്വമോ ടൂറിസം ന്യൂസ് ലൈവിന്റെ വാര്‍ത്തകളില്‍ ഉണ്ടാകില്ലെന്ന നിലപാട് എടുത്തുപറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ട വിവരങ്ങള്‍ നല്‍കാനും, കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം ന്യൂസ് ലൈവിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.