‘ഗോ’ ഗുജറാത്ത് ; പശു ടൂറിസം പാലു ചുരത്തുമോ?
പലതരം ടൂറിസത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാലിതാ പുതിയൊരു ടൂറിസം പദ്ധതി, പശു ടൂറിസം. പശുക്കളുടെ നാടായ ഗുജറാത്തില്‍ നിന്നാണ് ഈ ടൂറിസം പദ്ധതി രൂപമെടുത്തത്. ഗോസേവാ ആയോഗ് എന്നാണ് പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്. സംസ്ഥാനത്ത് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുള്ളത്.
പശു വളര്‍ത്തുന്ന, ചാണകം, മൂത്രം എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മികച്ച ഗോശാലകളിലേക്ക് രണ്ടു ദിവസത്തെ വിനോദയാത്രയാണ് ഉദ്ദേശിക്കുന്നതെന്ന് ഗോസേവ ആയോഗ് ചെയര്മാന് മുന്‍ കേന്ദ്ര സഹമന്ത്രി വല്ലബ് കത്തീരിയ പറഞ്ഞു.
പശു വളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് ജനങ്ങളേ ബോധവാന്മാരാക്കുക എന്നാണ് പശു ടൂറിസത്തിന്റെ പ്രഥമ ലക്ഷ്യം. പശു മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് ബയോഗ്യാസ്, മരുന്നുകള്‍ മുതലായവ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി നല്ല വരുമാനം നേടാം എന്നുള്ളത് പശു വളര്‍ത്തുന്നവര്‍ക്ക് അറിയില്ല. വരുമാനവും മതപരവുമായ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് പശു ടൂറിസം വികസിപ്പിക്കുക എന്ന് കത്തീരിയ കൂട്ടിച്ചേര്‍ത്തു.
പശു മൂത്രത്തില്‍ നിന്നും ധാരാളം മരുന്നുകളും ഫിനോയില്‍, സോപ്പ് എന്നിവയും ചാണകത്തില്‍ നിന്നും ബയോഗ്യാസ്, ചന്ദനത്തിരികള്‍ എന്നിവയും ഉണ്ടാക്കാം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. പശു സംരക്ഷണത്തിന്റെ ഭാഗമായി പശുക്കള്‍ക്ക് മേയാനുള്ള സ്ഥലവും കണ്ടെത്തണം. നിലവില്‍ ആനന്ദിനടുത്തുള്ള ധര്മാജിലാണ് പശുക്കള്‍ക്ക് മേയാനുള്ള സ്ഥലമായി കണ്ടെത്തിയിരിക്കുന്നത്. കത്തീരിയ പറഞ്ഞു.
പശുക്കള്‍ക്ക് മേയാനുള്ള സ്ഥലം കലാപരമായാണ് നിര്‍മിക്കുന്നത്. പശുക്കളുടെ ക്ഷേമം ആഗ്രഹിക്കുന്നവരില്‍ നിന്നും ഈ സ്ഥലത്തിനു വേണ്ടിയുള്ള ആശയങ്ങള്‍ ശേഖരിക്കുകയും അത് നടപ്പാക്കുകയും ചെയ്യും. ഞങ്ങളുടെ യാത്രക്കിടെ ഒരുപാട് വിനോദ സഞ്ചാരികളെ കാണുകയും അവരോട് പശു വളര്‍ത്തുന്നതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ച് പറയുകയും ചെയ്തിരുന്നു. ഇതിലൂടെ അവര്‍ പശു സംരക്ഷണവും, ഗോശാലകള്‍ നിര്‍മിക്കാനും തുടങ്ങി. ഇത് നമ്മുടെ വിശുദ്ധ മൃഗത്തെ സംരക്ഷിക്കാന്‍ സഹായിക്കും. മുന്‍ കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ പശു സംരക്ഷണം സര്‍ക്കാരിന്റെ തുടക്കം മുതലേയുള്ള നിയമവ്യവസ്ഥയാണ്. ഈ നിയമം ലംഘിച്ചാല്‍ ജീവപര്യന്തമാണ് ശിക്ഷ. പശു ടൂറിസത്തിന്റെ ഭാഗമായി ജയിലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പശു സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്. നിലവില്‍ അഹമ്മദാബാദ്, രാജ്കോട്ട്, ഭുജി എന്നീ ജയ്ലുകളില് പശു സംരക്ഷണ ശാലകളുണ്ട്. ഗോണ്ടല്‍, അമ്രേലി ജയ്ലുകളില് ഗോശാല തുടങ്ങാനുള്ള അനുവാദം ചോദിച്ചിട്ടുണ്ട്. കൂടാതെ വിവിധ കോളേജുകളിലും യൂനിവേഴ്സിറ്റികളിലും അനുമതി ചോദിച്ചിട്ടുണ്ടെന്നു കാത്തിരി പറഞ്ഞു