വൈകുന്നേര ‘പഴ’യാഹാരം; പഴം പാന്‍കേക്ക് റിസിപ്പി
ഭക്ഷണ പ്രിയരല്ലാത്തവരായി ആരുണ്ട്..? ഓരോരുത്തര്‍ക്കും ഭക്ഷണത്തില്‍ ഓരോ താല്‍പ്പര്യങ്ങളാണ്. ചിലര്‍ പച്ചക്കറികളിലെ വൈവിധ്യങ്ങള്‍ ഇഷ്ടപെടുന്നു. ചിലര്‍ക്കാവട്ടെ ഇറച്ചിയും മീനുമാണ് പ്രിയം. ചിലര്‍ക്ക് പലഹാരങ്ങളാണ് താല്‍പ്പര്യം. എത്ര കഴിച്ചാലും ആര്‍ത്തി തീരാത്തവരുമുണ്ട്. അങ്ങനെ കുറെയേറെ വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ആഹാരം. അതുകൊണ്ടാണല്ലോ ഓരോ ആഹാര വസ്ത്തുക്കളും തേടി പല ദിക്കുകളിലും നമ്മള് യാത്ര ചെയ്യുന്നത്.
ഓരോ നാട്ടിലും ഓരോ പ്രദേശത്തും ഓരോ വീട്ടിലും വ്യത്യസ്ഥ സ്വാദുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. നാലുമണി പലഹാരമെന്നും, ചായക്കടിയെന്നും, എണ്ണക്കടിയെന്നും മറ്റുമുള്ള പേരുകളില്‍ ഇതറിയപ്പെടുന്നു. നമ്മുടെ വീടുകളില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ സ്വാദ് മറ്റെവിടെ ചെന്നാലും കിട്ടാറില്ല. ചെലപ്പോഴൊക്കെ വീട്ടിലുണ്ടാക്കുന്നതിലും രുചിയുള്ള പലഹാരവും വീണുകിട്ടാറുണ്ട്.
വളരെ വേഗത്തില്‍ ഉണ്ടാക്കാവുന്ന വൈകുന്നേര പലഹാരം ഒന്നു പരീക്ഷിച്ചുനോക്കാം. പഴം പാന്‍കേക്ക്. വീട്ടമ്മയായ ഗീതയാണ് പഴം പാന്‍കേക്കിന്റെ റിസിപ്പി പങ്കുവെക്കുന്നത്.
പഴം പാന്‍കേക്ക്
നേന്ത്രപ്പഴം നന്നായി പഴുത്തത് – രണ്ടെണ്ണം
അരിപ്പൊടി – അഞ്ച് ടേബിള്‍ സ്പൂണ്‍
മുട്ട – രണ്ടെണ്ണം
ഏലക്ക- നാലെണ്ണം
പാല്/വെള്ളം – ദോശയുടെ മാവിന്റെ പരുവത്തില്‍ അരച്ചെടുക്കാന്‍
പഞ്ചസാര – ആവിശ്യത്തിന്
ഉപ്പ് – ആവിശ്യത്തിന്
വെളിച്ചെണ്ണ – ചുട്ടെടുക്കാന്‍ ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം കഷ്ണങ്ങളാക്കിയത്, മുട്ട, ഏലക്ക, ഉപ്പ്, പഞ്ചസാര, പാല്/വെള്ളം എന്നിവ മിക്സിയില്‍ ദോശമാവ് പരുവത്തില്‍ അരച്ചെടുക്കുക. ഇതിനോട് കൂടെ അരിപ്പൊടി ചേര്‍ത്ത് നന്നായി കലക്കിയെടുക്കുക. മൈദ ഇഷ്ട്മുള്ളവര്ക്ക് അതുപയോഗിക്കാം. എങ്കിലും അരിപ്പൊടിയാണ് ആരോഗ്യത്തിനു ഉത്തമം. ദോശക്കല്ല് ചൂടാക്കി വെളിച്ചെണ്ണ പുരട്ടി തട്ടുദോശപോലെ ചുട്ടെടുക്കാം.
ആരോഗ്യമാര്‍ന്ന വൈകുന്നേര പലഹാരം തയ്യാര്‍….