കടലിനടിയിലെ ‘മായന്‍’ തുരങ്കം
കാഴ്ച്ചയുടെ വിസ്മയങ്ങള്‍ മടിത്തട്ടില്‍ സൂക്ഷിക്കുന്ന സ്വഭാവം കടലിനുണ്ട്. കടലിനടിയിലെ രഹസ്യങ്ങള്‍ തേടി ഊളിയിടാന്‍ പലര്‍ക്കും ഇഷ്ട്മാണ്. പവിഴപുറ്റുകളെയും മത്സ്യങ്ങളെയും വലംവെച്ച് കടലിന്റെ രഹസ്യങ്ങളിലേക്ക് ചൂഴുന്നത് ത്രസിപ്പിക്കുന്ന അനുഭവം തന്നെയാവും.
കടലിനടിയിലെ പലതിനെ കുറിച്ചും നമ്മള് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ നീളമുള്ള തുരങ്കവും കണ്ടെത്തിയിരിക്കുന്നു. മായന്‍ സംസ്ക്കാരത്തെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് ലോകത്തെ നീളം കൂടിയ സമുദ്രത്തിനടിയിലെ തുരങ്കം മെക്സിക്കോയില്‍ കണ്ടെത്തിയത്. 347 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം.
കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലുള്ള സാക് അക്റ്റണ്‍, ഡോസ് ഒജോസ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരുന്ന തുരങ്കങ്ങളാണ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. 263 കിലോമീറ്ററാണ് സാക് അക്റ്റണിന്റെ നീളം. ഡോസ് ഒജോസിന്റെത് 83 കിലോമീറ്ററും. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററും കൂടി ചേര്‍ന്നാണ് പുതിയ ഗുഹയുടെ നീളം 374 ആയി കണക്കാക്കുന്നത്.
മാസങ്ങളോളം നീണ്ട പര്യവേഷണത്തിനോടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. മായന്‍ സംസ്ക്കാരത്തിനു തെളിവായി പാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികൂടങ്ങളും ഗുഹയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഈ ഗുഹയുടെ വലിയൊരു ഭാഗം സമുദ്രത്തിനു മുകളിലായിരുന്നുവെന്നാണ് നിഗമനം. മായന്‍ സംസ്ക്കാരത്തിന്റെ പ്രൌഡകാലത്താണ് ഗുഹ കടലില്‍ മുങ്ങിയതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.