റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ് ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു.
മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന് ഐ.എ.എസ്. അറിയിച്ചു.
സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
അൾട്രാ ചലഞ്ച്
ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ അൾട്രാ-മാരത്തോണില്‍ രണ്ടു വര്‍ഷം പങ്കെടുത്ത പരിചയവും ഉണ്ടായിരിക്കണം.
റണ്‍ ഫോര്‍ ഫണ്‍
തുടക്കക്കാർക്ക് ഊന്നൽ നൽകുന്ന മത്സരമാണ് റണ്‍ ഫോര്‍ ഫണ്‍. ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ദൂരമാണ് തുടക്കക്കാര്‍ താണ്ടേണ്ടത്. ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് ആരംഭിക്കും. രണ്ടു മണിക്കൂറാണ് ഓടിയെത്തേണ്ട സമയം
ഹാഫ് മാരത്തോണ്‍
21 കിലോമീറ്റർ നീളമുള്ള ട്രാക്കാണിതിന്. ആദ്യ 8 കിലോമീറ്റർ വളവുകളോടു കൂടിയ നിരത്താണ്. സമുദ്ര നിരപ്പില്‍ നിന്നും 1750 മീറ്ററാണ് ഉയരം. 12 വയസ്സിന് മുകളിലുള്ളവർക്ക് ഈ വിഭാഗത്തിൽ പങ്കെടുക്കാം. 5 മണിക്കൂറാണ് മത്സര സമയം.
ഫുള്‍ മാരത്തോണ്‍
ഈ വിഭാഗത്തിന്റെ ട്രാക്ക് ദൈർഘ്യം 42 കിലോമീറ്ററാണ്. ഷോല വനവും തേയിലത്തോട്ടങ്ങളും കടന്നു വേണം ഈ ദൂരം പിന്നിടാന്‍. വിശ്രമിക്കാനുള്ള സ്ഥലങ്ങളും മറ്റു സജ്ജീകരണങ്ങളും വഴികളില്‍ ഒരുക്കും. കുറഞ്ഞത് രണ്ട് ഹാഫ് മാരത്തോണില്‍ പങ്കെടുത്തവര്ക്കെ ഈ മത്സരത്തിലേക്ക് യോഗ്യത നേടാന്‍ പറ്റൂ.