കാടു കയറാം തൊമ്മന്‍കുത്തിലേക്ക്
പി ഹർഷകുമാർ
സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്.
നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം.
250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഓര്‍ത്തുവെച്ചാല്‍ യാത്രയ്ക്കിടയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ വിട്ടുപോകുന്നത് ഒഴിവാക്കാം.
ഞാന്‍ അടങ്ങിയ ഏഴംഗ സുഹൃത്ത് സംഘം രാവിലെ ഒമ്പതോടെയാണ് തൊമ്മന്‍കുത്ത് ചെക്പോയിന്റില് എത്തിയത്. വിലാസവും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കി 10 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ട്രെക്കിങിന് തയ്യാറായി. ഇനി 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനയാത്ര തുടങ്ങുകയായി. ഒരു കിലോമീറ്ററോളം സാധാരണ സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള പാതയിലൂടെ സഞ്ചരിച്ച് കാടിന്റെ അതിര്‍ത്തിയിലെത്തണം. ‘അപകടം’ എന്നെഴുതിയ സൂചനാ ബോര്‍ഡാണ് നിങ്ങളെ അവിടെ സ്വാഗതം ചെയ്യുക. ഞാനുള്ളപ്പോള്‍ ഭയപ്പെടേണ്ടയെന്ന ഗൈഡിന്റെ ഉറപ്പിലാണ് ഇനി അങ്ങോട്ടുള്ള യാത്ര. പ്രാഞ്ചി എന്ന് സ്വയം പരിചയപ്പെടുത്തിയ ഗൈഡ് ഞങ്ങള്‍ക്ക് വഴികാട്ടിയായി.
നാക്കയംകുത്ത് വെളളച്ചാട്ടമാണ് ട്രക്കിങിന്റെ ലക്ഷ്യസ്ഥാനം. അങ്ങോട്ടുള്ള യാത്ര കാട്ടിലൂടെയാണ്. സഞ്ചാരിയുടെ ആരോഗ്യക്ഷമതയും താല്പര്യവുമനുസരിച്ച് ലക്ഷ്യസ്ഥാനത്തേയ്ക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാം. റിസ്ക്ക് ഒഴിവാക്കാന്‍ മുന്‍ സഞ്ചാരികള്‍ അടയാളപ്പെടുത്തിയ പാത തിരഞ്ഞെടുക്കുന്നവരും, സ്വന്തമായി കണ്ടെത്തുന്ന സഞ്ചാരപാതയിലൂടെ മുന്നോട്ടു നിങ്ങുന്നവരുമുണ്ട്. തീരുമാനം എന്തായാലും പിന്തുണയുമായി ഗൈഡ് ഉണ്ടാവും.
ശബ്ദമുണ്ടാക്കാതെയുള്ള യാത്രയാണ് ഗൈഡ് പ്രോത്സാഹിപ്പിക്കുക. ആനയിറങ്ങുന്ന വഴിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ വന്യമൃഗങ്ങളുടെ സഞ്ചാരപാതയെക്കുറിച്ചും മറ്റു രീതികളെ കുറിച്ചും ഗൈഡ് വിശദീകരിക്കും. കുത്തനെയുള്ള കയറ്റങ്ങളും അതിനൊത്ത ഇറക്കങ്ങളും കാട്ടുവഴികളുടെ പ്രത്യേകതയാണ്. പലപ്പോഴും അടിപതറിപ്പോകാതിരിക്കാന് അടുത്തുള്ള ചെറു ചെടികളിലും മരങ്ങളിലും പിടിമുറുക്കുന്ന സഞ്ചാരിക്ക് ഗൈഡിന്റെ ഉപദേശം വീണ്ടുമെത്തും.. ‘പിടിക്കും മുന്‍പ് മരത്തിന് മുകളിലോട്ട് നോക്കണം, തേനീച്ചക്കൂടുണ്ടെങ്കില് അപകടമുറപ്പ്’. തേനീച്ചക്കൂടുകളുടെ ചിത്രമെടുക്കുന്നതിനും കര്‍ശന വിലക്കുണ്ട്. ഫ്ളാഷ് തെളിയുന്നത് തേനീച്ചകളെ ഭ്രാന്ത് പിടിപ്പിക്കുമത്രേ.
സഞ്ചാരിയുടെ കാലു കുഴയുന്നത് ഗൈഡ് മുന്‍കൂട്ടി കാണും. കൃത്യമായ ഇടവേളകളില്‍ വിശ്രമവും കുത്തി നടക്കാന്‍ ഈറ്റ കമ്പുകളും അയാള്‍ നല്‍കും. പ്ലാസ്റ്റിക്കിന് നിരോധനമുള്ള കാട്ടില്‍, വിശ്രമവേളകളില്‍ ലഘു ഭക്ഷണമാവാം. വിശ്രമശേഷം വീണ്ടും കാട്ടിലേയ്ക്ക്.
കാടിറങ്ങിവരുന്ന നീര്‍ച്ചാലുകളിലെ വെള്ളം പ്യൂരിഫൈഡ് വാട്ടര്‍ പോലെ ശുദ്ധമെന്ന് ഗൈഡ്. സംശയം തീര്‍ക്കാന്‍ കുടിച്ചുനോക്കിയ ഞങ്ങള്‍, കയ്യില്‍ കരുതിയ വെള്ളം കാട്ടിലൊഴിച്ചുകളഞ്ഞ് ചാലുകളിലെ വെള്ളം ശേഖരിച്ചു. രുചിയിലും വ്യത്യാസം പുലര്‍ത്തിയ ആ വെള്ളം യാത്രാവേളയില്‍ ഞങ്ങള്‍ മത്സരിച്ചു കുടിച്ചു.
ഏഴോളം ഗുഹകളാണ് യാത്രയിലെ പ്രധാന കാഴ്ചകളിലൊന്ന്. ചെങ്കുത്തായ പറയിലൂടെ ഗൈഡിന്റെ നിര്‍ദേശപ്രകാരം തൊമ്മന്‍കുത്ത് പുഴയില്‍ സ്ഥിതിചെയ്യുന്ന ഗുഹയിലേക്ക് ഇറങ്ങിച്ചെല്ലാം. കല്ലില്‍ തീര്‍ത്ത ഭീമന് കട്ടിലുകളും ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. ഒപ്പംനിന്ന് ചിത്രമെടുക്കാം. പൂര്‍വ്വികരെ സ്മരിച്ച് വിശ്രമിക്കാം.
മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോള്‍ ഗുഹ വെള്ളത്തിനടിയിലാകും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഗുഹയില്‍ അടുപ്പു കൂട്ടിയതിന്റെ സൂചനകള്‍ കണ്ടു. കാട്ടിനുള്ളില്‍ അതിവസിക്കുന്ന ‘ഊരാളി’ ഗോത്രവിഭാഗത്തിലുള്ളവര്‍ രാത്രിയില്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തുന്നതിന്റെ ബാക്കി പത്രമാണ് ഇത്തരം അടുപ്പുകളെന്ന് ഗൈഡിന്റെ വിശദീകരണം. ഈറ്റക്കാടുകളും കാനന പാതകളുംതാണ്ടി ഒടുവില്‍ ഞങ്ങള്‍ ലക്ഷ്യസ്ഥാനമായ നാക്കയംകുത്ത് വെള്ളച്ചാട്ടത്തിന് സമീപമെത്തി. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞിരുന്നു.
ബാഹുബലി സിനിമയിലെ വെള്ളച്ചാട്ടത്തിന്റെ ചെറിയരൂപമാണ് നാക്കയംകുത്തിന്. ഒരു ഡാം കവിഞ്ഞൊഴുകുന്ന പ്രതീതി ഉളവാക്കുന്ന വെള്ളച്ചാട്ടത്തിന് താഴെ സഞ്ചാരികള്‍ക്ക് കുളിക്കുന്നതിനുള്ള സൗകര്യമുണ്ട്. നട്ടുച്ചനേരത്തും തണുപ്പ് കാത്തുസൂക്ഷിക്കുന്ന ഈ വെള്ളത്തിന്, യാത്രയിലുടനീളം ശരീരത്തിനുണ്ടായ ബുദ്ധിമുട്ടിനെ കഴുകിക്കളയുവാന്‍ സാധിക്കും. വെള്ളച്ചാട്ടത്തിന് അരികിലൂടെ മുകളിലേയ്ക്ക് കയറുവാനും സൗകര്യമുണ്ട്. അവിടെയും ആദിമ മനുഷ്യന്റെ തിരുശേഷിപ്പിന് സമാനമായ ഗുഹകള്‍ കാണാം.
കുളിയും വിശ്രമവും ഉച്ച ഭക്ഷണവും കഴിഞ്ഞ് മടക്കയാത്ര ആരംഭിക്കാം. തിരിച്ചുള്ള യാത്ര നീര്‍ച്ചാലുകളും ചെറു വെള്ളക്കെട്ടുകളും നിറഞ്ഞ പുഴിയലൂടെയാണ്. വെള്ളത്തിന്റെ ശക്തിയില്‍ ഒഴികിയെത്തിയ ഭീമന് പാറകളും വന്‍ വൃക്ഷത്തടികളും താണ്ടിയുള്ള യാത്ര കാനന പാതയേക്കാള്‍ സാഹസികത നിറഞ്ഞതാണ്.
ഒരു പാറയില്‍നിന്നും അടുത്ത പാറയിലേക്ക് എന്ന രീതിയിലാണ് യാത്ര. ചിലപ്പോള്‍ വന്‍ പാറകളില്‍ അള്ളിപ്പിടിച്ചു കയറണം. ചെങ്കുത്തായ ഭാഗങ്ങളില്‍ മരത്തിലോ വള്ളിപ്പടര്‍പ്പിലോ ഊര്‍ന്ന് ഇറങ്ങണം. യാത്രയില്‍, മഴക്കാലത്ത് പുഴ പാറകളില്‍ തീര്‍ത്ത കലാസൃഷ്ടികള്‍ കാണാം. യാത്രയിലുടനീളം ഗൈഡ് ഞങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ തന്നുകൊണ്ടിരുന്നു. ഷൂസില്‍ നനവുണ്ടെങ്കില്‍ ഊരി കയ്യില്‍ പിടിച്ച് നഗ്നപാദനായി നടക്കുക. അല്ലെങ്കില്‍ തെന്നീ വീഴുവാന്‍ ഇടയുണ്ട്. ഇത് അവഗണിച്ച എന്റെ സൃഹൃത്ത് ആറുതവണ പാറയില്‍ പലരീതികളില്‍ ചുമ്പിക്കുകയും ചെയ്തു. കാനന പാതയില്‍ ഉപയോഗിച്ച വടി ഇവിടെ ആവശ്യമില്ല. ഇരു കൈകളും പാറയില്‍ അള്ളിപ്പിടിക്കാന്‍ ഉപയോഗിക്കുമ്പോള്‍ വടി അധികപ്പറ്റാണ്.
പുഴയിലെ ചെറു വെള്ളക്കെട്ടുകളിന്റെ തന്റെ നിര്‍ദ്ദേശമില്ലാതെ ഇറങ്ങരുതെന്ന് ഗൈഡിന്റെ മുന്നറിയിപ്പുണ്ട്. വെള്ളം കുറവുള്ള പുഴയെ ഇങ്ങനെയെന്തിന് ഭയപ്പെടണമെന്ന സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി, രണ്ടാള് നീളമുള്ള മുളം കമ്പ് വെട്ടി ഗൈഡ് കയ്യില്തന്നു. ഇറങ്ങണമെന്ന് തോനുന്ന തെള്ളക്കെട്ടുകളില് കമ്പ് ഉപയോഗിച്ച് കുത്താന്‍ പറഞ്ഞു. പിന്നീട് ഒരിക്കലും സമാന സംശയം ഗ്രൂപ്പ് അംഗങ്ങള്‍ ആരും ചോദിച്ചില്ല. കാരണം ചെറുതെന്ന് തോന്നിയ പല വെള്ളക്കെട്ടുകളുടെയും ആഴമളക്കാന്‍ മുളംകമ്പ് തികയാതെവന്നു.
‘തുമ്പന്‍’ എന്ന ആദിവാസി മൂപ്പന് പുഴയില്‍ മുങ്ങിമരിച്ചതോടെയാണ് തൊമ്മന്‍കുത്തിന് ആ പേരു ലഭിച്ചത്. പേരുപോലെതന്നെ ‘കുത്തുകള്‍(പുഴയിലെ വന്‍ കുഴികളെ വിളിക്കുന്ന പ്രാദേശിക വാക്ക്)’ തന്നെയാണ് പുഴയുടെ പ്രത്യേകത.
ഒരുപാട് നാളുകള്‍ക്കുശേഷം ശരീരം ഇളകിയതിന്റെ ലക്ഷണം എല്ലാവരിലും കണ്ടു. വയര്ത്തുപോയ ഞങ്ങള്‍ക്ക് പുഴയില്‍ വീണ്ടുമൊരു കുളി പാസാക്കാന്‍ ഗൈഡ് അവസരമൊരുക്കി. ഒടുവില്‍ നാലരയോടെ സാധാരണ സഞ്ചാരികള്‍ക്ക് അനുവദിച്ച സന്ദര്‍ശന മേഖലയുടെ അതിര്‍ത്തിയില്‍ ഞങ്ങളെത്തി. അവിടെനിന്നും ആദ്യ ചെക്പോസ്റ്റിന് സമീപമുള്ള വനംവകുപ്പിന്റെ കെട്ടിടത്തിലേക്ക്.
തൊമ്മന്‍കുത്തില്‍ യാത്രികര്‍ കണ്ടതും കാണാന്‍ വിട്ടുപോയതുമായ മൃഗങ്ങളുടെയും സ്ഥലങ്ങളുടെയും വിവരണം ഇവിടെയുണ്ട്. കാണാന്‍ വിട്ടുപോയ സ്ഥലങ്ങള്‍ സന്ദര്‍ശന അനുമതി ഇല്ലാത്തതിനാല്‍ ഗൈഡ് ഒഴിവാക്കുന്നതാണ്. ഗ്യാലറിയിലെ മൃഗങ്ങളെ കാണാന്‍ സാധിക്കാത്തതിലും പരിഭവത്തിന് അവസരമില്ല. കാരണം വന്യമൃഗങ്ങള്‍ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് കാടുകളില്‍ സ്ഥാപിച്ച ക്യാമറകളിലൂടെ ഉറപ്പാക്കിയതിന് ശേഷമാണ് അധികൃതര്‍ ട്രക്കിങ് അനുവദിക്കുന്നത്.
നല്ല ‘ഫ്രയ്മുകള്’ ഇഷ്ടപ്പെടുന്നവര്‍ക്ക് ക്യാമറ കണ്ണുകള്‍ തിരിക്കാന്‍ യാത്രയില്‍ അവസരങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അല്‍പ്പം പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുന്നവര്‍ക്കേ കാടിന്റെ ഭംഗി മികച്ചരീതിയില്‍ പകര്‍ത്താന്‍ സാധിക്കൂ..
വാരാന്ത്യ യാത്രകള്‍ക്ക് യോജിച്ചയിടമാണ് ‘തൊമ്മന്‍കുത്ത്’. സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബസമേതവും കാമുകി-കാമുകന്മാര്ക്കും തൊമ്മന്‍കുത്ത് ചെറു പറുദീസ തന്നെ. ശുദ്ധവായുവും പ്രകൃതി ഭംഗിയും ഒത്തുചേര്‍ന്ന തൊമ്മന്‍കുത്തിലേക്ക് ഒരിക്കലെങ്കിലും ഒരു യാത്ര പോകണം.
റൂട്ട്
തൊടുപുഴയില്‍നിന്നും 18 കിലോമീറ്റര്‍ അകലെയാണ് തൊമ്മന്‍കുത്തിന്റെ സ്ഥാനം. കരിമണ്ണൂര്‍, വണ്ണപ്പുറം, ഉടുമ്പാനൂര് എന്നിവ 10 കിലോമീറ്റര്‍ ചുറ്റളവിനുള്ളിനെ ടൗണുകളാണ്. തൊമ്മന്‍കുത്തിലേയ്ക്ക് ബസ് റൂട്ടില്ല. സ്വന്തം വാഹനം ഉപയോഗിക്കുകയാണ് നല്ലത്.
ടിപ്പ്സ്
ആവശ്യമുള്ള ഭക്ഷണങ്ങളും വെള്ളവും മറ്റും ടൗണില്‍നിന്നും വാങ്ങുക. തൊമ്മന്‍കുത്തിന് സമീപം ചെറു ചായക്കടകള്‍ മാത്രമാണുള്ളത്. കഴിവതും ഇറുകിപ്പിടിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക. ഷൂസ് ധരിക്കുന്നത് നല്ലത്, എന്നാല്‍ ജലാംശം പറ്റിപ്പിടിക്കാതെ നോക്കണം. പുഴയില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് ആവശ്യമായ സാധനങ്ങള്‍ കൂടെക്കരുതുക. മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്ലാസ്റ്റിക്ക് കൂടില്‍ സൂക്ഷിക്കുക. മഴക്കാലം അല്ലാത്തതിനാല്‍ അട്ടകളുടെ ശല്യം പൂര്‍ണമായും ഒഴിവായിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കും ബുക്കിങിനും 8547601306 എന്ന എന്‍ക്വയറി നമ്പറില്‍ ബന്ധപ്പെടുക.