യോഗയും മോദിയും; ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച തുടങ്ങും
തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ചാണ് യോഗയുള്‍പ്പെടെയുള്ള സംഗീത-നൃത്ത പൈപാടികള്‍ അരങ്ങേറുക. ചൊവ്വാഴ്ച പ്രധിനിതി സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇരുപതു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുനത്.
സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റുമായും വിവിധ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലീ, സുരേഷ് പ്രഭു, അസീം പ്രേംജി, മുകേഷ് അമ്പാനി, പിയൂഷ് ഗോയല്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സംഗത്തില്‍ ഉള്‍പ്പെടുന്നു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്, ഓസ്ട്രേലിയന്‍ നടി കേറ്റ് ബ്ലാഞ്ചെറ്റ്, സംഗീതജ്ഞന് എല്‍ട്ടണ്‍ ജോണ്‍ എന്നിവര്‍ക്കുള്ള ക്രിസ്റ്റല്‍ അവാര്‍ഡ് വിതരണവും ഫോറത്തോടനുബന്ധിച്ച് നടക്കും.