Australia

തറവാട്ടിലെന്തുകാര്യം : ലോകമേ തറവാട്

ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍.

ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ കാണാന്‍ ഇറങ്ങിയവര്‍. വെറുതേ വിനോദയാത്ര ചെയ്യുകയല്ല ഇവരുടെ ലക്ഷ്യം, മറിച്ച് പോകുന്ന നാടിന്‍റെ സംസ്ക്കാരവും ജനജീവിതവും ഭൂമിശാസ്ത്രവും അറിയുകയാണ്. സഞ്ചാരഗോത്രങ്ങള്‍ എന്നാണ് ഈ കുടുംബം അറിയപ്പെടാന്‍ ആഗ്രഹികുന്നത്. വിയറ്റ്‌നാം, കംബോഡിയ, തായ് ലാന്‍റ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും 150 ഡോളറാണ് താമസം ഭക്ഷണം അടക്കമുള്ള ചെലവുകള്‍ക്ക്‌ ഈ കുടുംബം നീക്കിവെച്ചിരിക്കുന്നത്.

Picture courtasy: Her Life+Loves.

‘ജീവിതം വളരെ ഹ്രസ്വമാണെന്ന് ഞങ്ങള്‍ക്കറിയാം. ഒരു വര്‍ഷം ഞങ്ങള്‍ യാത്രക്കുവേണ്ടി മാറ്റിവെച്ചു. ഇപ്പോള്‍ ആറുമാസം കഴിഞ്ഞു. ഞങ്ങല്‍ ഞങ്ങളുടെ ജീവിത സ്വപ്നത്തിലാണ്. നാല് ബാക്ക് ബാഗും ഹൃദയം നിറയെ സ്വപ്നങ്ങളുമായാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. ആദ്യത്തെ ലക്ഷ്യം വടക്കുകിഴക്ക് ഏഷ്യയായിരുന്നു. ഇനി ബ്രിട്ടണ്‍. ക്ലാരെ സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. യാത്രയിലൂടെ നാടിനെ അറിയുന്നതാണ് മക്കള്‍ക്ക്‌ കിട്ടുന്ന മികച്ച വിദ്യാഭ്യാസമെന്നു ദമ്പതികള്‍ പറയുന്നു. ലോകം തന്നെയാണ് നല്ല പാഠശാല.

ഒക്ടോബര്‍ 2016ലെ വിദേശ യാത്രക്ക് ശേഷമാണ് ഈ ‘സാഹസിക’ സഞ്ചാരം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ എന്തെങ്കിലും പുതുമയുള്ള കാര്യങ്ങള്‍ ചെയ്യണം. പുതിയവ അനുഭവിക്കണം. അങ്ങനെയാണ് ഈ ലോകം ചുറ്റാനുള്ള തീരുമാനത്തിലെത്തുന്നത്. ‘പുതിയ നാട്ടിലെത്തുമ്പോള്‍ അവിടുത്തെ ഭാഷകളും പ്രയോഗങ്ങളും കുട്ടികള്‍ പഠിച്ചെടുക്കുന്നു. ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് തോന്നാറുണ്ട് ഞങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് പോകുന്നുണ്ടോ എന്ന്. പിന്നീട് ഓര്‍ക്കും, ഞങ്ങള്‍ക്ക്  ഇനിയും മാസങ്ങളുണ്ടല്ലോ ചെലവഴിക്കാന്‍’. ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.