Tech

കേട്ടില്ലേ..കണ്ടില്ലേ.. ഇത് ..ഇനി വരുന്നൊരു കാഴ്ച്ചക്കാലം ..

pic courtesy: youtube.com

മാഡ്രിഡ്: ടൂറിസം രംഗത്ത്‌ അത്യത്ഭുതവുമായി പുത്തന്‍ വെര്‍ച്വല്‍ റിയാല്‍റ്റി. പല വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷണങ്ങളും ഈ രംഗത്ത്‌ നടന്നിട്ടുണ്ടെങ്കിലും സ്പെയിനില്‍ ഫിറ്റൂര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഒന്നൊന്നര സംഭവമാണ്.

ഹോട്ടല്‍ മുറികള്‍ മുന്‍കൂട്ടി അതിഥികള്‍ക്ക് തന്നെ തരപ്പെടുത്താവുന്നതാണ് പുതിയ സംവിധാനം. അച്ചടിച്ച ബ്രോഷര്‍ ഇല്ല, പകരം ഹെഡ് സെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കാം. ഇതോടെ ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്‍റെ ആവശ്യം വരില്ല. മുഖം തിരിച്ചറിയാനാകുന്ന കണ്ണാടിയിലൂടെ കടന്നുപോയാല്‍ ചെക്ക് ഇന്‍ ചെയ്യലായി.

മുഖം കണ്ണാടി തിരിച്ചറിഞ്ഞാലുടന്‍ ഹോട്ടല്‍ മുറി നിങ്ങള്‍ ബുക്ക് ചെയ്തപ്പോള്‍ നിര്‍ദ്ദേശിച്ച അഭിരുചികള്‍ക്ക് അനുസരിച്ച് മാറുകയായി. താപനില, പ്രകാശം തുടങ്ങി ചുവരില്‍ വേണ്ടത് വാന്‍ഗോഗിന്‍റെയോ പിക്കാസയുടെയോ ചിത്രമോ? എങ്ങനെയും മുറി നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറും.

ഫ്രഞ്ച് കമ്പനി അല്‍ത്രാന്‍ ആണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര ഹോട്ടലുകളാണ് അല്‍ത്രാന്‍റെ ആദ്യ ലക്‌ഷ്യം.

ഹോട്ടല്‍ മുറിയിലെ കിടക്കകള്‍ സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്. ഉറക്കത്തിലെ ചലനങ്ങള്‍ സെന്‍സറുകള്‍ പിടിച്ചെടുക്കും. നിങ്ങള്‍ കണ്ണു തുറന്നാല്‍ ചായ ഓര്‍ഡര്‍ ചെയ്യാന്‍ ഫോണ്‍ തപ്പേണ്ട. കണ്ണു തുറന്നാലുടന്‍ ഹോട്ടല്‍ സ്റ്റാഫിന് അറിയാം. അവര്‍ ബെഡ് കോഫിയുമായി മുന്നിലെത്തും.

വിദൂരത്തിരുന്നു ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ അവിടുത്തെ നീന്തല്‍ കുളത്തിലും ഭക്ഷണശാലയിലുമൊക്കെ വെര്‍ച്വല്‍ റിയാല്‍റ്റിയിലൂടെ പോയി വരാനാകും. ഇങ്ങനെ വലിയ മാറ്റത്തിനൊരുങ്ങുകയാണ് വിനോദ സഞ്ചാര മേഖല.