Aviation

വിമാനത്തില്‍ മൊബൈലും നെറ്റും ഉപയോഗിക്കാം; നിര്‍ദേശം ട്രായിയുടേത്

എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ കയറിയാലുടന്‍ ‘ദയവു ചെയ്ത് നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്വിച്ഓഫ്‌ ചെയ്തു വെക്കേണ്ടതാണ്’ എന്ന നിര്‍ദേശം കേള്‍ക്കാം. ഇത് കേള്‍ക്കുമ്പോഴേ മൊബൈല്‍ ഫോണ്‍ ജീവന്‍റെ പാതിയായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു സങ്കടം തോന്നും. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത‍.

വിമാനയാത്രക്കിടെ മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഉപഗ്രഹ-ഭൗമ നെറ്റ്‌വര്‍ക്ക് വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശുപാര്‍ശ.

വോയിസ്, ഡേറ്റ, വീഡിയോ സേവനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര യാത്രക്കിടെ മൊബൈലില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് ഇന്‍-ഫ്ലൈറ്റ് കണക്ടിവിറ്റി ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്.

വിമാന യാത്രക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെവേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്ന നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ 3000 മീറ്ററിനു മുകളില്‍ പറക്കുന്ന വിമാനങ്ങളിലാണ് സേവനം ലഭ്യമാകുക.

വൈ-ഫൈ വഴിയാവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇതു സംബന്ധിച്ച അറിയിപ് വിമാനത്തില്‍ നല്‍കണം. മറ്റു രീതിയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.