സഞ്ചാരികള്‍ പെരുവഴിയില്‍ : ഗോവയില്‍ ടാക്സി സമരം
പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു.
സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി.
ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അക്രമം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിരാകരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതെന്നും ഫെബ്രുവരി 24 നകം വാഹനങ്ങളില്‍ ഇവ സ്ഥാപിച്ചേ മതിയാവൂ എന്നും ഗോവ മുഖ്യമന്ത്രി പ്രതികരിച്ചു