കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ
വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്.
ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം.
കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ദിവസം കൊച്ചിയിലും ചിലവഴിക്കും. ഇതില്‍ ഒരു ദിവസം ഉത്തരവാദിത്ത ടൂറിനായി മാറ്റിവെക്കും.
മാര്‍ച്ച് പകുതിവരെ എല്ലാ ആഴ്ച്ചയിലും വിദേശ സംഘങ്ങള്‍ കൊച്ചിയിലെത്തും. അവിടെനിന്നും ഉത്തരവാദിത്ത ടൂറിസം സംഘാടകരുടെ കൂടെ വിവിധ സ്ഥലങ്ങളിലേക്ക് പോകും. ഞായറാഴ്ച ഇസ്രായേല്‍ സംഘം കുമരകത്തെത്തും. ഇതുവരെ 12 സംഘങ്ങള്‍ കുമരകം സന്ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്.