മംഗളജോഡി മിന്നി; യു. എന്‍ പുരസ്കാര നേട്ടത്തില്‍ പക്ഷിസങ്കേതം
ഐക്യരാഷ്ട്ര സഭയുടെ ലോക സഞ്ചാര പുരസ്ക്കാരം ഒറീസയിലെ മംഗളജോഡി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിനു ലഭിച്ചു. സ്പെയിനില്‍ നടന്ന പരിപാടിയില്‍ മംഗളജോഡി അംഗങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി. 128 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷയില്‍ 50 രാജ്യങ്ങളെയാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്. പതിനാല്‍ രാജ്യങ്ങള്‍ പുരസ്ക്കാരത്തിനര്‍ഹാരായി. ഇക്കോ ടൂറിസം വിഭാഗത്തിലാണ് മംഗളജോഡിക്ക് പുരസ്ക്കാരം ലഭിച്ചത്.
ഒറീസയിലെ ചില്‍ക്ക തടാകക്കരയുടെ ഉത്തരദിശയിലാണ് മംഗളജോഡി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത്. ചതപ്പുനിലയങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം. പക്ഷികളുടെ സ്വര്‍ഗമെന്നാണ് ഇവിടം വിശേഷിപ്പിക്കാറ്. മൂന്നു ലക്ഷം പക്ഷികള്‍ ഒരുദിവസം ഇവിടെത്തുന്നു. കടല്‍ കടന്ന് രാജ്യങ്ങള്‍ താണ്ടി പക്ഷികള്‍ ദേശാടനത്തിനെത്തുന്നു. ശിശിര കാലത്താണ് പക്ഷികള്‍ കൂടുതലും വരുന്നത്. ജനുവരി മാസങ്ങളില്‍ അവര്‍ തിരിച്ച് സ്വദേശത്തെക്ക് പോവും. ഒരു ഗ്രാമം പക്ഷികള്‍ക്ക് ആവാസമൊരുക്കുന്നത് വലിയകാര്യം തന്നെയാണ്. പ്രകൃതിയും ഗ്രാമവാസികളും പക്ഷികള്‍ക്ക് വേണ്ടി ഒത്തൊരുമിച്ചു.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പക്ഷികള്‍ മംഗളജോഡില്‍ ഉണ്ടാകുക. ഈ സമയത്താണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ശിച്ച വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ ധാരാളം വിദേശികളും ഇവിടെത്താറുണ്ട്. വിനോദ സഞ്ചാര കേന്ദ്രത്തിലുപരി പഠനകേന്ദ്രം കൂടിയാണിത്. മനുഷ്യരും പക്ഷികളും പ്രകൃതിയും കൂടിച്ചേര്‍ന്ന സന്തുലിത ആവാസവ്യവസ്ഥ.
വന്യജീവി സംരക്ഷണ കേന്ദ്രമായതിനാല്‍ വനം വകുപ്പിന് കീഴിലാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരു ഗ്രാമത്തിന് അറിവുനല്‍കി ഇരുപതു വര്‍ഷമെടുത്തു ഇന്നു കാണുന്ന ഇക്കോ ടൂറിസ്റ്റ് കേന്ദ്രം കെട്ടിപ്പടുക്കാന്‍. വനം വകുപ്പാണ് ഇതിനു മുന്‍കൈയെടുത്തത്. അതിനു മുമ്പ് ഈ തടാകം മാലിന്യം തള്ളാനുള്ള സ്ഥലമായിരുന്നു. ദേശാടന പക്ഷികള്‍ക്കുള്ള ആവാസ കേന്ദ്രങ്ങള്‍ തുലോം കുറവാണ്. മംഗളജോഡി കേന്ദ്രം പക്ഷികള്‍ക്ക് വേണ്ടി അവരുടെ ആവാസകേന്ദ്രത്തെ പുനനിര്‍മിച്ചു.