യവനകഥയിലെ വിസ്മയമോ …ഗ്രീസിന്‍റെ വശ്യതയോ …
താരാ നന്തിക്കര
ഗ്രീസിലെ രണ്ട് ദ്വീപുകളായ സക്കിന്തോസും സന്‍റെറിനി മിറ്റിയോറ കുന്നുകളും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഏഥൻസ് വഴിയല്ലാതെ ഈ സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പമല്ലാത്തതിനാൽ ഏഥൻസും പ്ലാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരോട്ടപ്രദക്ഷിണം. ഏഥൻസ് വഴി സക്കിന്തോസിലേക്കും തിരിച്ച് ഏഥൻസിലെത്തി അവിടെ നിന്ന് മിറ്റിയോറയിലേക്കും വീണ്ടും ഏഥൻസിൽ വന്ന് സാന്‍റെറിനിയിലേക്കും തിരിച്ചും. അങ്ങനെ പല ദിവസങ്ങളിലായി നാലു തവണ ഏഥൻസിൽ ചെലവഴിക്കാൻ സാധിച്ചു. പലപ്പോഴായി ഏഥൻസിന്‍റെ പൊട്ടും പൊടിയും കാണാൻ കഴിഞ്ഞെന്ന് പറയാം.
ഏഥൻസിൽ കാലു കുത്തിയ ആദ്യ ദിവസം മഴ കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് ഏഥൻസിലെത്തി അവിടത്തെ പ്രശസ്തമായ പ്ലാക്കയിൽ നിന്ന് അത്താഴം കഴിക്കാനായിരുന്നു പ്ലാൻ. പക്ഷെ പെരുമഴ ആയതിനാൽ എയർപോർട്ടിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് മിറ്റിയോറയിലേക്ക് ട്രെയിനിൽ പോവാൻ സന്ധ്യക്കേ റെയിൽവേ സ്റ്റേഷനിൽ എത്തി. പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ മഴ. ഒരു വൈകുന്നേരം വെറുതെ കളഞ്ഞതിന്‍റെ മുഷിപ്പിൽ റെയിൽവേസ്റ്റേഷനിൽ ഇരിക്കുമ്പോള്‍ അവിടെയൊരു എക്സിബിഷൻ നടക്കുന്നത് കണ്ടു. സ്ത്രീകൾ കൈകൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ അവർതന്നെ വിൽക്കുന്ന ഒരു എക്സിബിഷൻ. ഗ്രീസിന്‍റെ പല ഭാഗത്ത്നിന്നും വന്ന സ്ത്രീകൾ സ്റ്റാളുകളിൽ ഇരിക്കുന്നു. ഹാൻഡ്മെയിഡ് സോപ്പുകൾ, ഫ്രിഡ്ജ് മാഗ്നെറ്റുകൾ, ചിത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ. കൗതുകം തോന്നിയത് സോപ്പുകൾ കണ്ടപ്പോഴാണ്. പല ആകൃതിയിൽ മനം മയക്കുന്ന സുഗന്ധമുള്ള സോപ്പുകൾ. അവിടെ കയറിയപ്പോൾ സമയം പോയതറിഞ്ഞില്ല.
ഇറങ്ങിയപ്പോൾ മഴ തോർന്നിരുന്നു. സ്റ്റേഷൻ നിൽക്കുന്നത് സിന്റാഗ്മ സ്ക്വയറിലാണ്. ഗ്രീസിൽ അടുത്തിടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ പുറപ്പെട്ടതെല്ലാം സിന്റാഗമയിൽ നിന്നാണ്. വൈകുന്നേരങ്ങളിൽ ആളുകൾ കൂടുന്നൊരു സ്ഥലമാണത്. ചെറിയൊരു പാർക്കും ബെഞ്ചുകളും ഒക്കെയായി ബിൽഡിങ്ങുകളാൽ ചുറ്റപ്പെട്ട ഒരു ചത്വരം. മഴ മാറിയപ്പോൾ കുറച്ചു നേരം അതിലൂടെ ചുറ്റി നടന്നു. റോഡ് മുറിച്ചു കടക്കാൻ സിഗ്നൽ കാത്തു കിടക്കവേ പെട്ടെന്ന് നേർക്ക് ട്രാം പാഞ്ഞുവന്നു. മാറി നിൽക്കാൻ ഒരിടമില്ല. നടപ്പാതയിലൂടെയാണ് ട്രാമിന്‍റെ വരവ്. കഥ കഴിഞ്ഞെന്നു കരുതിയതാണ്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അത്. ട്രാംലൈൻ കണ്ടതുമില്ല. ഞങ്ങളുടെ വെപ്രാളം കണ്ട് അവിടെനിന്ന ഒരാൾ അത് ട്രാമിന്‍റെ അവസാനത്തെ സ്റ്റോപ്പ് ആണെന്നും അത് വന്നിടിക്കില്ലെന്നും പറഞ്ഞു സമാധാനിപ്പിച്ചു. പറഞ്ഞ പോലെ ഞങ്ങൾ നിൽക്കുന്നതിന്‍റെ തൊട്ടടുത്ത് വന്ന് ട്രാം നിന്നു. ഏഥൻസിൽ ട്രാം സർവീസ് ഉണ്ടെന്ന് അപ്പോഴാണറിഞ്ഞത് റോഡിന്‍റെയും നടപ്പാതയുടെയും ഇടയിലൂടെയാണ് ട്രാമിന്‍റെ പോക്ക്.
മിറ്റിയോറയിൽ നിന്ന് തിരിച്ചുവരും വഴിയാണ് ഏഥന്‍സില്‍ ചെലവഴിച്ചത്. ഒരു ദിവസം ഏഥൻസ് മുഴുവൻ നടന്നു കാണാൻ സാധിച്ചു. പ്രത്യേകിച്ച് പ്ലാൻ ഇല്ലാത്തതിനാൽ നഗരത്തിന്‍റെ തിരക്കും സൗന്ദര്യവും ആസ്വദിക്കാൻ കഴിഞ്ഞു. നിറങ്ങളുടെ ബഹളമില്ലാത്ത നഗരമാണ് ഏഥൻസ്. ഇളം നിറങ്ങളാണ് കെട്ടിടങ്ങൾക്ക്. ഗ്രീസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചൊക്കെ വായിച്ചറിഞ്ഞതിനാൽ വലിയ വികസനമൊന്നുമില്ലാത്ത ഒരു സ്ഥലമാണ്പ്ര തീക്ഷിച്ചിരുന്നത്. എന്നാൽ വിസ്താരമുള്ള റോഡുകളും, കൂറ്റൻ ഫ്ലൈ ഓവറുകളും, വൃത്തിയുള്ള നടപ്പാതകളുമെല്ലാം അമ്പരപ്പിച്ചു. മഞ്ഞ നിറമുള്ള ടാക്‌സികൾ കൊൽക്കത്തയെ ഓർമിപ്പിച്ചു.
ആദ്യത്തെ ദിവസം മഴ മുടക്കിയ സന്ദർശനം പൂർത്തിയാക്കാമെന്ന് കരുതി പ്ലാക്ക ലക്ഷ്യമാക്കി നടന്നു. വഴി നീളെ കടകളിൽ ഭംഗിയുള്ള വിളക്കുകൾ, പ്രതിമകൾ, മറ്റനേകം കാഴ്ചവസ്തുക്കൾ. ഒരു ഗ്രീക്ക് പുരാണ കഥ വായിക്കുന്ന പോലെയുണ്ടായിരുന്നു. വഴിയരികിൽ സ്യൂസും ഹെർക്കുലീസും അഫ്രോഡിറ്റുമെല്ലാം ചെറുരൂപങ്ങളിൽ നിൽക്കുന്നു.
അക്രോപോളിസ് മലയുടെ താഴെയുള്ള ചെറിയ തെരുവാണ് പ്ലാക്ക. പാത്രങ്ങളും, വസ്ത്രാഭരണങ്ങളും വിൽക്കുന്ന ചെറുകടകൾ നിറഞ്ഞ ഒരു തെരുവ്. പക്ഷെ, മറ്റു തെരുവുകളിൽ നിന്ന് പ്ലാക്കയെ വ്യത്യസ്തമാക്കുന്നത് വീതിയുള്ള പടിക്കെട്ടുകളുടെ അരികുകളിൽ പണി തീർത്ത ഭക്ഷണ ശാലകളാണ്. പടിക്കെട്ടുകളിൽ മേശകളും കസേരകളും നിരത്തിയിട്ടുണ്ട്. പരമ്പരാഗത ഗ്രീക്ക് ഭക്ഷണം കഴിക്കാൻ ഏറ്റവും ഉചിതമായ ഇടം പ്ലാക്ക തന്നെ. പീത്ത ബ്രെഡ്, സുവലാക്കി, ജെജിക്കി സാലഡ്, ഗൈറോസ്, തുടങ്ങിയ ഭക്ഷണങ്ങൾ രുചിച്ച് നോക്കി. ഗംഭീരം എന്നൊന്നും പറയാനില്ലെങ്കിലും ഗ്രീക്ക് ഭക്ഷണം നിരാശപ്പെടുത്തിയില്ല. പോക്കറ്റ് ശൂന്യമാകാതെ കഴിക്കാവുന്ന ഭക്ഷണങ്ങളാണ് മേൽപ്പറഞ്ഞവയൊക്കെ. രാവേറുവോളം തുറന്ന് കിടക്കും മിക്ക ഭക്ഷണ ശാലകളും. ഏഥൻസിലെ ഏറ്റവും പഴയ ഇടങ്ങളിൽ ഒന്നാണ് പ്ലാക്ക. ഇവിടെ വാഹനങ്ങൾ അനുവദനീയമല്ല. വല്ലപ്പോഴും സൈക്കിളുകളോ മോട്ടോർബൈക്കുകളോ വന്നാലായി. വഴിയരികിൽ അക്കോഡിയനും ചെല്ലോയും വായിച്ച് കൊണ്ട് നിൽക്കുന്ന തെരുവുഗായകർ.
പ്ലാക്കയോട് തൊട്ടുകിടക്കുന്ന ഒരു തെരുവാണ് അനാഫിയോട്ടിക്ക. വെള്ളയും ഇളം മഞ്ഞയും നിറമുള്ള കെട്ടിടങ്ങൾ, ബോഗെൻവില്ല പടർന്ന് നിൽക്കുന്ന കുഞ്ഞു വീടുകൾ, ചിത്രശാലയാണോയെന്ന് സംശയിപ്പിക്കും വിധം മനോഹരമായൊരിടം. പകലിലും രാത്രിയിലും വ്യത്യസ്ത മുഖങ്ങളാണ് പ്ലാക്കക്ക്. രണ്ടും കണ്ടാൽ മാത്രമേ പ്ളാക്കയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാനാവൂ.
പ്ലാക്കയിലൂടെ കുറച്ച് മുകളിലേക്ക് നടന്നാൽ അക്രോപോളിസ് കുന്നിൻ മുകളിലുള്ള പാർഥനോണിലെത്താം. ഗ്രീക്ക്ദേവത അഥീനയെ ആരാധിച്ചിരുന്ന ക്ഷേത്രമാണ് പാർഥനോൺ. പുരാതന ഗ്രീസിന്‍റെതായി അവശേഷിക്കുന്ന കെട്ടിടങ്ങളിലൊന്നാണ് ഇത്. ക്ലാസിക്കൽ ഗ്രീക്ക് ആർട്ടിന്‍റെ പ്രൗഢിയുള്ള കൊത്തുപണികൾ നിറഞ്ഞ തൂണുകൾ അഥീനിയൻ കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ്. അവിടെ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. അതിനാൽ തൂണുകൾക്ക് ചുറ്റും ചങ്ങലകൾ ബന്ധിച്ചിരുന്നു. മുകളിൽ കയറുകയോ തൊടുകയോ സാധ്യമല്ല. അടുത്തുനിന്ന് ആ മനോഹര സൃഷ്ടി ആസ്വദിക്കാം എന്ന് മാത്രം. അവിടെ നിന്ന് നോക്കിയാൽ നഗരം മുഴുവൻ കാണാം.
അസ്തമയത്തോടടുത്തു കുന്നിറങ്ങി തിരിച്ചു നടക്കുമ്പോൾ പുല്ലാങ്കുഴലൂതുന്ന ഒരു തെരുവു ഗായകനെ കണ്ടു. അയാളുടെ ചുറ്റിലും സംഗീതത്തിൽ മയങ്ങിയെന്ന പോലെ പത്തിരുപത് പൂച്ചകളും. പൈഡ് പൈപ്പറെ ഓർമിപ്പിച്ചു ആ ഗായകൻ. കുഴലൂത്തും കേട്ട് അയാളുടെ വഴിയേ പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയം തിരിച്ചു വിളിച്ചു. മുഴുവനും അനുഭവിക്കാൻ കഴിയാത്തത് കൊണ്ടാവാം ആ നഗരം ഇപ്പോഴും മോഹിപ്പിക്കുന്നത്.