വിമാനം മുമ്പേ പറന്നു; യാത്രക്കാര്‍ വട്ടം ചുറ്റി
ടിഎന്‍എല്‍ ബ്യൂറോ
മുംബൈ : ബാഗേജ് ചെക്ക് ഇന്‍ ചെയ്ത 14 യാത്രക്കാരെ വിമാനത്താവളത്തില്‍ നിര്‍ത്തി വിമാനം പറന്നുയര്‍ന്നു. പറന്നു പോയ വിമാനത്തെ നോക്കി യാത്രക്കാര്‍ അന്തം വിട്ടു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരെ ഉപേക്ഷിച്ചത്.
യാത്രക്കാര്‍ക്കായി പലവട്ടം അനൌണ്സ് ചെയ്തെന്നും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലന്നുമാണ് ഇന്‍ഡിഗോയുടെ വാദം . ഗേറ്റ് അടച്ച ശേഷമാണ് ഈ യാത്രക്കാര്‍ എത്തിയതെന്നും ഇന്‍ഡിഗോ പറയുന്നു.
ഇന്‍ഡിഗോയുടെ 6E 259 വിമാനം രാവിലെ 10.50നാണ് പുറപ്പെടേണ്ടിയിരുന്നത് വഴിയിലായ യാത്രക്കാര്‍ പറയുന്നത് വിമാനം നിശ്ചിത സമയത്തിനും 25 മിനിറ്റ് മുമ്പേ പറന്നുയര്ന്നെന്നാണ്. ഇതിനെ ശരി വെയ്ക്കും വിധമാണ് വിമാനത്തിന്റെ ലാന്‍ഡിംഗ് സമയം. ഉച്ചക്ക് 12.05ന് ഇറങ്ങേണ്ട വിമാനം 11.40നേ ഇറങ്ങി.
സംഭവത്തില്‍ ഇന്‍ഡിഗോയുടെ വിശദീകരണം ഇങ്ങനെ;
ബോര്‍ഡിംഗ് ഗേറ്റ് അടച്ചത് 10.25നാണ്. അവര്‍ എത്തിയതാകട്ടെ 10.33നും. കയ്യില്‍ പിടിക്കാവുന്ന ഉച്ചഭാഷിണി വഴി ഇന്‍ഡിഗോയുടെ മൂന്നു ജീവനക്കാര്‍ അവരെ തെരഞ്ഞുകൊണ്ടിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ തന്ന നമ്പരില്‍ വിളിച്ചും നോക്കി. തോമസ് കുക്ക് മുഖേനയാണ് ടിക്കറ്റ് എടുത്തത്. അവര്‍ ഇവരുടെ കൃത്യമായ നമ്പര്‍ തരാന്‍ വിസമ്മതിച്ചു. അവര്‍ തന്നെ യാത്രക്കാരെ അറിയിക്കാമെന്നും ഉറപ്പു നല്കി.
വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ഇതിനൊക്കെ ദൃക്സാക്ഷികളാണ്. കൃത്യനിഷ്ഠ പാലിച്ച യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ആവാത്തതിനാല്‍ വിമാനം കൃത്യ സമയത്ത് പറന്നുയര്‍ന്നു. വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയ യാത്രക്കാരെ അടുത്ത ദിവസം സൗജന്യമായി എത്തിക്കുമെന്ന ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇന്‍ഡിഗോ വക്താവ് പറഞ്ഞു.
ബാഗേജ് ചെക്ക് ഇന്‍ ചെയ്തു വിമാനത്തിലായാല്‍ അവയുടെ ഉടമകളെ കയറ്റിയെ വിമാനം പറക്കാവൂ എന്നാണ് ചട്ടം. ഇവരുടെ ബാഗേജുകള്‍ ഇറക്കിയിരുന്നെന്നു ഇന്‍ഡിഗോ വക്താവ് ഇതിനോട് പ്രതികരിച്ചു.