വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം
ടിഎന്‍എല്‍ ബ്യൂറോ
തിരുവനന്തപുരം : കേരള ടൂറിസത്തിന്റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്.
സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ.
സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്മനിയിലേക്കാണ്. ജനുവരി 23മുതല്‍ 25വരെയാണ് ജര്‍മനിയില്‍ റോഡ് ഷോ. ഫാഷന്‍, കലാ നഗരം എന്നറിയപ്പെടുന്ന ഡസല്‍ഡോര്‍ഫിലാണ് ആദ്യ ഷോ. ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് അടുത്ത ഷോ. ശാസ്ത്രം, ഗവേഷണം, സര്‍വകലാശാലകള്‍ എന്നിവക്കെല്ലാം പേരു കേട്ട ഇടമാണ് ഹാംബര്‍ഗ്.
ജനുവരി 26ന് മൂന്നു ദിവസത്തെ ന്യൂയോര്‍ക്ക് ടൈംസ് ഷോയ്ക്ക് തുടക്കമാവും. അമേരിക്കന്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ വിദേശ ടൂറിസ്റ്റുകളില്‍ കേരളത്തിലെത്തുന്ന അമേരിക്കക്കാര്‍ വെറും എട്ടു ശതമാനം മാത്രമാണ്. ജനുവരി 30ന് ലോസ് എയ്ഞ്ചല്സിലും ഫെബ്രുവരി 1ന് സാന്‍ ഫ്രാന്സിസ്ക്കോയിലുമാണ് കേരള ടൂറിസം റോഡ് ഷോ
ഫെബ്രുവരി 11ന് തുടങ്ങുന്ന മിലന് രാജ്യാന്തര മേളയില്‍ കേരളം പങ്കെടുക്കും. മാര്‍ച്ച് 7ന് തുടങ്ങുന്ന അഞ്ചു ദിവസത്തെ ഐടിബി-ബെര്‍ലിന്‍ മേളയിലും കേരളത്തിന്റെ പങ്കാളിത്തമുണ്ടാകും. മാര്‍ച്ച് 15ന് ഫ്രാന്‍സിലെ മാര്സേല്ലിയിലാണ് കേരളത്തിന്റെ റോഡ് ഷോ. രണ്ടാം ഘട്ട പ്രചരണത്തിന് മാര്‍ച്ച് 15ന് ഇറ്റലിയിലെ മിലാനില്‍ റോഡ് ഷോയോടെ സമാപനമാകും.