മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍
ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക് മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.
ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ ഒന്ന് നോക്കിപ്പോകും. അത്ര മനോഹരമാണ് ഇവിടുത്തെ മാന്‍ഹോള്‍ മൂടികള്‍.
ജപ്പാനിലെ അഴുക്കുചാല്‍ സംവിധാനം പണ്ടേക്കുപണ്ടേ പ്രസിദ്ധമാണ്. 2200 വര്‍ഷം മുന്‍പത്തെ യോയോയ് കാലഘട്ടം മുതല്‍ ഈ പെരുമ തുടരുന്നു. ആധുനികയ്ക്ക് അനുസൃതമായി നിര്‍മിച്ച ഇന്നത്തെ അഴുക്കു ചാലുകളില്‍ മേല്മൂടി നിര്‍മാണം ആകര്‍ഷകമാക്കാന്‍ തുടങ്ങിയത് 1950കളിലാണ്. നിങ്ങള്‍ ജപ്പാനിലെ ഏതു നഗരത്തിലോ ഗ്രാമത്തിലോ ചെല്ലൂ. അവിടുത്തെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന മൂടികള്‍ നിറഞ്ഞതാകും മാന്‍ഹോളുകള്‍. ക്യോട്ടോയിലെ മൂടികളില്‍ പ്രധാനം ആമയുടെ ചിത്രങ്ങളാണ്. ബുദ്ധിയും ദീര്‍ഘ ജീവിതവുമാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ആവ്മോറിയയില്‍ പ്രധാനമായും കാണാന്‍ കഴിയുക പരമ്പരാഗത പാവകളുടെ ചിത്രങ്ങളാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ സ്ഥലമാണ് ഫുക്കുയ് പട്ടണം. കൂനിന്മേല്‍ കുരു എന്ന മട്ടില്‍ ആക്രമണത്തിന് പിന്നാലെ അതിശക്തമായ ഭൂകമ്പവും വന്നു. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെയായി പിന്നീട് ഫുക്കോയ് നഗരത്തിന്‍റെ ചരിത്രം. ഇതിന്‍റെ ഓര്‍മയ്ക്ക് നഗരത്തിലെങ്ങും രണ്ടു ഫീനിക്സ് പക്ഷികളുടെ ചിത്രം അടങ്ങിയ ആള്‍നൂഴി മൂടികളാണ്.
ചരിത്ര സംഭവങ്ങള്‍, സസ്യ- ജന്തു ജാലങ്ങള്‍, പുഷ്പങ്ങള്‍ അങ്ങനെ മനോഹരമാണ് ജപ്പാനില്‍ മാന്‍ഹോള്‍ മൂടികള്‍.
കാലത്തിന്‍റെ കണ്ണാടികളാണ് മിക്ക മാന്‍ഹോള്‍ മൂടികളും. ചില യാത്രികര്‍ ഒരു പട്ടണത്തിന്‍റെചരിത്രം ഇതില്‍ തിരയും. മറ്റു ചിലര്‍ കൂടുതല്‍ ചരിത്രം തേടി മറ്റു നഗരങ്ങളിലേക്ക് പോകും. ചിലര്‍ മാന്‍ഹോലുകളുടെ മൂടികള്‍ പണം കൊടുത്തു സ്വന്തമാക്കും. പോയ വര്‍ഷം കിഴക്കന്‍ നഗരമായ മേബാഷിയില്‍ നാല്‍പ്പതു കിലോ ഇരുമ്പിന്‍റെ പത്തു മാന്‍ഹോള്‍ മൂടികള്‍ വിറ്റുപോയത് മൂവായിരം യെന്‍ വെച്ചാണ്. മാന്‍ഹോള്‍ പ്രേമികള്‍ വര്‍ധിച്ചതോടെ ജപ്പാന്‍ ഭാഷയില്‍ വിവരങ്ങള്‍ നല്‍കാന്‍ വെബ്‌സൈറ്റുകള്‍ തുടങ്ങിയിട്ടുണ്ട് . ജാപ്പനീസ് സൊസൈറ്റി ഓഫ് മാന്‍ഹോള്‍ കവേഴ്സ് ആണ് ഇതില്‍ മുഖ്യം. റെനോ കാമെരോട്ടോയുടെ ഡ്രയിന്‍ സ്പോട്ടിംഗ് ; ജാപ്പനീസ് മാന്‍ ഹോള്‍ കവേഴ്സ് എന്ന പുസ്തകവും സഞ്ചാരികള്‍ക്ക് ഫലപ്രദമാണ്. അമേരിക്കന്‍ എഴുത്തുകാരി ഷേര്‍ലി മക്ഗ്രെഹോര്‍ ജപ്പാനിലെ ആള്‍നൂഴി മൂടികളുടെ ചാരുതയെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.