Hospitality

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ

ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം.

പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും.

13000 ഹൗസ് ബോട്ടുകളില്‍ 700എണ്ണത്തിനേ കൃത്യമായ രജിസ്ട്രേഷനുള്ളൂവെന്നു കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. എല്ലാ വഞ്ചിവീടുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ തരാം തിരിക്കല്‍.
ഹൗസ്ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ഒരു വഞ്ചിവീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം 1500 രൂപ ചെലവാകുമെങ്കില്‍ 1000 രൂപ ആര്‍ ടി മിഷനും 500 രൂപ ഹൗസ് ബോട്ട് നല്‍കുകയാണിപ്പോള്‍.
പുതിയ നീക്കങ്ങളെ വേമ്പനാട് കായല്‍ സംരക്ഷണ സമിതിയും സ്വാഗതം ചെയ്തു