പദ്മാവതിയെക്കൊണ്ട് പണം വാരി രാജസ്ഥാന്
ടിഎന്‍എല്‍ ബ്യൂറോ
ജയ്പൂര്‍ : പദ്മാവതി സിനിമയെച്ചൊല്ലി വിവാദം തീപിടിച്ചാലെന്ത് ? നേട്ടം കൊയ്തത് രാജസ്ഥാനാണ്. പദ്മാവതിയുടെ കോട്ടയും കൊട്ടാരവും കാണാന്‍ ജനം ഒഴുകിയെത്തി.
സഞ്ജയ് ലീല ബന്‍സാലി സിനിമയാക്കും വരെ ചിത്തോർഗഢ് കോട്ടയിലേക്ക് വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നില്ല .എന്നാല്‍ സിനിമാ വിവാദം ചൂടു പിടിച്ചതോടെ സ്ഥിതി മാറി. റാണി പദ്മാവതിയുടെ കോട്ടയുള്ള ചിത്തോർഗഢ് അടങ്ങുന്ന മേവാര്‍ മേഖലയിലേക്ക് കൂടുതല്‍ എത്തിയത് ആഭ്യന്തര സഞ്ചാരികളാണ്. 2016ല്‍ ചിത്തോർഗഢ് സന്ദര്‍ശിക്കാനെത്തിയത് 40,733 സഞ്ചാരികളെങ്കില്‍ 2017ല്‍ അത് ഇരട്ടിയായി. 81,009 പേര് . അലാവുദിന്‍ ഖില്ജിയോടു ഭര്‍ത്താവ് തോറ്റതിനെത്തുടര്‍ന്നു പദ്മാവതി സതി അനുഷ്ടിച്ചെന്നു കരുതുന്ന ഇടമാണ് ചിത്തോർഗഢ് കോട്ട.
ചരിത്ര ശേഷിപ്പുകളാണ് സഞ്ചാരികള്‍ക്ക് ഏറെയും അറിയേണ്ടത്. പദ്മാവതി ആത്മാഹുതി ചെയ്ത ഇടം, ഖില്‍ജി റാണിയെ ആദ്യം കണ്ട കണ്ണാടി. ഇവയൊക്കെയാണ് അവര്‍ക്കറിയേണ്ടത്. ചിലര്‍ക്ക് ചരിത്രം അപ്പാടെ അറിയണം. ചിലരാകട്ടെ ചരിത്രം പഠിച്ചാണ് വരുന്നത്. അവര്‍ക്ക് കോട്ടയിലെ ചരിത്ര ഇടങ്ങളാണ് വേണ്ടത്.
റാണിയും 17000 സ്ത്രീകളും ആത്മാഹുതി ചെയ്ത ഇടം കോട്ടയില്‍ എവിടെന്നു മിക്കവര്‍ക്കും അറിയണം. പലരുടെയും സംശയം ഇതാണെന്ന് ചിത്തോർഗഢ് ടൂറിസ്റ്റ് ഗൈഡ് സുനില്‍ സെന്‍ പറയുന്നു.
പുതുവര്‍ഷത്തലേന്ന് സന്ദര്‍ശക ബാഹുല്യം മൂലം ചിത്തോർഗഢ് കോട്ട വീര്‍പ്പുമുട്ടി. നിരവധി വരികളില്‍ നിന്നാണ് ജനം കോട്ടയ്ക്കുള്ളില്‍ കയറിയത്.
ചിത്തോർഗഢ് കാണാന്‍ എത്തുന്നവര്‍ ഉദയ്പ്പൂരും അന്വേഷിക്കുന്നു. റാണാ പ്രതാപിന്റെ നാടാണ് അവിടം. ഇങ്ങനെ സിനിമ കൊണ്ട് രക്ഷപ്പെട്ടിരിക്കുകയാണ് മേവാര്‍ മേഖല. നേരത്തെ വിദേശ ടൂറിസ്റ്റുകളെ അങ്ങിങ്ങ് കാണാന്‍ കഴിഞ്ഞെങ്കില്‍ ഇന്ന് ഇന്നാട്ടുകാര് തന്നെയാണ് ചരിത്രം തിരഞ്ഞ് എത്തുന്നവരില്‍ ഏറെയും .