Eco Tourism

കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്.

Picture courtesy: www.india.com

വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍.

മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും  വനമാണ്. മഴക്കാര്‍ എപ്പോഴും അവിടെ ചുറ്റിപറ്റി നില്‍ക്കും. പലപ്പോഴും പെയ്തിറങ്ങും. മഴയോഴിഞ്ഞാല്‍ കോട കാടിനെ പൊതിയും. പച്ച വിരിച്ച നീണ്ട വഴിയില്‍ മഞ്ഞു പുതഞ്ഞ തണുത്ത യാത്ര സ്വര്‍ഗ്ഗ തുല്യമാണ്.

ഒനാകെ അബ്ബി വെള്ളച്ചാട്ടം   Picture courtesy: karnatakatourism.org

അഗുംബയില്‍ നിന്ന് പത്തു മിനിറ്റ് നടന്നാല്‍ സൂര്യാസ്തമയം കാണാവുന്ന മലഞ്ചെരുവിലെത്താം. മഞ്ഞില്ലാത്ത ദിവസങ്ങളിലേ ഉദയവും അസ്തമയവും കാണാന്‍ പറ്റു. ഇവിടെനിന്നു നോക്കിയാല്‍ അറബിക്കടല്‍ കാണാം. അഗുംബ ഗ്രാമത്തില്‍ ജനവാസം കുറവാണ്. ആധുനികതയുടെ ഒരടയാളങ്ങളും ഇവിടില്ല.

മഴയും മഞ്ഞും മലകളും കാടും നിറഞ്ഞ പ്രദേശത്തിന് സഞ്ചാരിയെ കാണിക്കാന്‍ നിരവധി അത്ഭുതങ്ങള്‍ ഉണ്ടാവും. വെള്ളച്ചാട്ടങ്ങളാണ് അവയിലൊന്ന്. നാലു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ 400 അടി ഉയരത്തില്‍ നിന്നും വീഴുന്ന ഒനാകെ അബ്ബി വെള്ളച്ചാട്ടത്തിലെത്തും. രാജവെമ്പാലകളും വേഴാമ്പലുകളും സിംഹവാലന്‍ കുരങ്ങുകളും നിറഞ്ഞ കാട്. വനപാലകരില്‍ നിന്നും അനുമദി വാങ്ങിയാലെ കാടിനകത്ത് പ്രവേശിക്കാന്‍ പറ്റു.
ഫോട്ടോഗ്രാഫര്‍മാരെ മതിയാവോളം ആനന്ദിപ്പിക്കും ഇവിടുത്തെ കാഴ്ച.

അബ്ബിയെ കൂടാതെ ജോഗിഗുണ്ടി വെള്ളച്ചാട്ടം, കൂടലു തീര്‍ത്ഥ വെള്ളച്ചാട്ടം, ബര്‍ക്കാന വെള്ളച്ചാട്ടം എന്നിവയും അഗുംബയിലുണ്ട്. അഗുംബയില്‍ നിന്ന് പതിനേഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടജാത്രി മലയിലെത്താം. മഴവീണ് തഴമ്പിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈന ക്ഷേത്രമുണ്ടിവിടെ. കൊടയെ വകഞ്ഞു മാറ്റി മലകയറാം. കുടജത്രിയില്‍ നിന്നും മറ്റു സ്ഥലങ്ങള്‍ അന്വേഷിച്ച് യാത്ര തുടരാം.