മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്
വെബ്‌ഡസ്ക്
മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്.
പാതയോരത്ത് ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്.
നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ്മോഹൻ, ഡോ.കെ.എം. ദിലീപ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് എന്നിവർ സംസാരിച്ചു. എ.എം. ബിന്നു (കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) സ്വാഗതവും വാർഡ് മെമ്പർ ഷേർലി പ്രസാദ് നന്ദിയും പറഞ്ഞു.