Asia

പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?

പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ?

Photo Courtesy: Fun Fun Photo/Shutterstock

നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക്‌ പേരായത്‌. ലൈംഗിക തലസ്ഥാനം എന്ന നിലയിലാണ്. യോജിച്ചാലും ഇല്ലങ്കിലും പട്ടായയില്‍ എത്തുന്ന ഏറെപ്പേരും സെക്സ് മോഹിച്ച് എത്തുന്നവരാണ് . തായ് ലാന്‍ഡ് വേശ്യാവൃത്തി നിരോധിച്ചെങ്കിലും പട്ടായയില്‍ 27000 ലൈംഗിക തൊഴിലാളികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. കണക്കു നോക്കിയാല്‍ പട്ടായ നഗരവാസികളുടെ അഞ്ചിലൊന്ന് പേര്‍.

Photo Courtesy: Expedia

വേശ്യാവൃത്തി തായ് ലാന്‍ഡില്‍ വല്യ സംഭവമൊന്നുമല്ല. ചരിത്രത്തോളം പഴക്കമുണ്ട് അതിന്. 1680ലെ അയുത്തയ കാലത്ത് ഭരണകൂട നിയന്ത്രണത്തില്‍ തന്നെ വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നു . വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളക്കാരുടെ വിശ്രമ കേന്ദ്രമായിരുന്നു പട്ടായ. പട്ടായക്ക്‌ ഇപ്പോള്‍ പിടി വീഴാന്‍ കാരണം മറ്റൊന്നുമല്ല – ചീത്തപ്പേരു തന്നെ.

ലോകത്തിന്‍റെ സെക്സ് തലസ്ഥാനം എന്ന കുപ്രസിദ്ധി പട്ടായക്ക്‌ വേണ്ടെന്നാണ് തായ് ലാന്‍ഡിലെ സര്‍ക്കാര്‍ തീരുമാനം. പട്ടായയെ വേശ്യാവൃത്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി പ്രയുത്ത് ചാന്‍ -ഓച തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. പട്ടായ നഗരത്തിലെ കുപ്രസിദ്ധമായ നടവഴി മേഖല റീ ബ്രാന്‍ഡ് ചെയ്ത് ഹാപ്പി സോണ്‍ അഥവാ ആഹ്ളാദ മേഖല എന്നാക്കിയിരിക്കുന്നു. വ്യഭിചാര കേന്ദ്രങ്ങള്‍ റെയിഡ് ചെയ്യുന്നു. അങ്ങനെ ചീത്തപ്പേരു മാറ്റാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് തായ് ഭരണകൂടം.
പട്ടായയില്‍ എത്തുന്നവരില്‍ ഏറെയും ചൈനീസ് വിനോദ സഞ്ചാരികളാണ് . പട്ടായയില്‍ കണ്ടു മുട്ടുന്ന മൂന്നിലൊന്നു പേരും ചൈനാക്കാരാണ്.

സെക്സ് ടൂറിസത്തിനെതിരെ നടപടി എടുക്കുമെന്നൊക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പലരും ഇത് ഗൌനിച്ചിട്ടില്ല. പട്ടായയെ ഇന്‍റര്‍നെറ്റില്‍ തെരഞ്ഞാല്‍ ഇക്കാര്യം ബോധ്യമാകും. സുഖം തേടുന്നവരുടെ സ്വര്‍ഗം എന്ന മട്ടിലാണ് വിവിധ വെബ് സൈറ്റുകള്‍ പ്രത്യക്ഷപ്പെടുക. ലൈംഗിക സുഖത്തിനായി എത്ര പണം ചെലവഴിക്കേണ്ടി വരും എന്നതടക്കം വിശദീകരിക്കുന്ന സൈറ്റുകളുണ്ട്.

തായ് ലാന്‍ഡിന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും ടൂറിസത്തില്‍ നിന്നാണ്. അതില്‍ മുന്തിയ പങ്കും സെക്സ് ടൂറിസം വകയാണ്. അഴിമതിയിലും സെക്സ് ടൂറിസത്തിന് മുഖ്യ പങ്കുണ്ട്. തായ് ലാന്‍ഡ് സാമ്പത്തിക സാമൂഹ്യ ഉപദേശക സമിതി റിപ്പോര്‍ട്ട് പ്രകാരം അഴിമതിയില്‍ വലിയ പങ്കാണ് സെക്സ് ടൂറിസത്തിന്‍റെത് . മസാജ് പാര്‍ലര്‍ ഉടമകള്‍ കോടിക്കണക്കിനു രൂപ പൊലീസിനു കൈക്കൂലി നല്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കാര്യങ്ങള്‍ ഇങ്ങനെയായ സ്ഥിതിക്ക് പട്ടായയില്‍ സെക്സ് ടൂറിസം നിരോധിക്കല്‍ അത്ര ലളിതമാവില്ല.