Adventure Tourism

തേക്കിന്‍റെയും വെള്ളചാട്ടങ്ങളുടെയും നാട്ടിലേക്ക് ഒറ്റദിവസത്തെ യാത്ര

പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്‍റെയും നാടുകാണിച്ചുരത്തിന്‍റെയും നാട്.

ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന്‍ തോട്ടമാണിത്. 2.31 ഹെക്റ്ററില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് തേക്കിന്‍മ്യുസിയം സ്ഥിതിചെയ്യുന്നത്. തേക്കിന്‍കാട് എന്ന് ഇവിടെ വിശേഷിപ്പിക്കാം.

കനോലീസ് പ്ലോട്ട്    pic: keralatourism.org

ആഢ്യൻപ്പാറ വെള്ളച്ചാട്ടം

നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റെര്‍ സഞ്ചരിച്ചാല്‍ ആഢ്യൻപ്പാറ വെള്ളച്ചാട്ടത്തിലെത്താം. കുറുമ്പലങ്ങോടാണ് വെള്ളച്ചാട്ടമുള്ളത്. വേനല്‍ക്കാലമോഴികെയുള്ള സമയങ്ങള്‍ സീസണാണ്. പുഴയില്‍ കു ളിക്കാനുള്ള സൗകര്യമുണ്ട്. വളരെ അപകടം നിറഞ്ഞ സ്ഥലംകൂടിയാണിത്. വര്‍ഷം നിരവധി സഞ്ചാരികള്‍ ആഢ്യൻപ്പാറ അന്വേഷിച്ചെത്താറുണ്ട്.

ആഢ്യൻപ്പാറ വെള്ളച്ചാട്ടം   pic: malappuramtourism.org

നെടുങ്കയം മഴക്കാടുകള്‍

ഇനി യാത്ര കാട്ടിലൂടെയാവാം. നീലഗിരി കുന്നുകളുടെ അടുത്തുകിടക്കുന്ന നെടുംങ്കയത്തെക്ക് നിലമ്പൂരില്‍ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിക്കണം. വനവകുപ്പിന്‍റെ സമ്മത പത്രം വാങ്ങിയാല്‍ കാട്ടിനുള്ളിലേക്ക്‌ കടക്കാം. രസച്ചരടുകള്‍ പൊട്ടിച്ച് മതിയാവോളം കാടിന്‍റെ വന്യത ആസ്വദിക്കാം. നല്ലൊരു സാഹസിക  വിനോദ സഞ്ചാരകേന്ദ്രം കൂടിയാണിത്.

നെടുങ്കയം പുഴ   pic: malappuramtourism.org

കക്കാടംപൊയില്‍ മലനിരകള്‍

നിലമ്പൂര്‍ ടൗണില്‍ നിന്ന് 24 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാക്കാടംപോയില്‍ എത്താം. ഇവിടെ മുഖ്യ ആകര്‍ഷണം കോഴിപ്പാറ വെള്ളച്ചാട്ടമാണ്. വെള്ളംതോട് വെള്ളച്ചാട്ടമെന്നും പേരുണ്ട്.  മലക്കുമുകളില്‍ നിന്നും ഒഴികിയെത്തുന്ന അരുവിയില്‍ യാത്രികര്‍ക്ക് കുളിക്കാനുള്ള സൗകര്യമുണ്ട്. ആഴം നിറഞ്ഞ പ്രദേശമായതിനാല്‍ മഴക്കാലങ്ങളില്‍ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. മലനിരകളിലേക്ക് ട്രെക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.

നിലമ്പൂരില്‍ നിന്ന് 98 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഊട്ടിയിലെത്താം. ഒറ്റദിവസത്തെ യാത്രക്ക് തിരഞ്ഞെടുക്കാവുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. കൂടുതല്‍ ദിവസത്തെക്കാണെങ്കില്‍ നാടുകാണി ചുരം വഴിയോ വഴിക്കടവ് ചുരം വഴിയോ ഗൂഡല്ലൂർ കണ്ട് ഊട്ടിയിലേക്ക് പോവാം.