കിറുകൃത്യത്തില്‍ മുന്നില്‍ ഇന്‍ഡിഗോ; സ്പൈസും എയര്‍ ഏഷ്യയും പിന്നില്‍

 

ലോകത്തു സമയ കൃത്യത പാലിക്കുന്ന വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിൽ നിന്ന് ഇൻഡിഗോ ആദ്യ നാലിലെത്തി. എയർ ഇന്ത്യ അടക്കം മറ്റു മുൻ നിര വിമാനങ്ങളെ ആദ്യ ഇരുപതു സ്ഥാനക്കാരിൽ കാണാനില്ല.

നമ്മുടെ തീവണ്ടികള്‍ കൃത്യ സമയം പാലിക്കാറുണ്ടോ ? അങ്ങനെ സംഭവിച്ചാലായി. എന്നാല്‍ അങ്ങ് ജപ്പാനില്‍ സ്ഥിതി അതല്ല. കൃത്യ സമയത്ത് എത്തി എന്ന് മാത്രമല്ല, പറഞ്ഞതിലും ഇരുപത് സെക്കണ്ട് മുന്‍പേ ട്രെയിന്‍ പ്ലാറ്റ്ഫോം വിടുകയും ചെയ്തു. കയ്യടിക്കാന്‍ വരട്ടെ. കൃത്യ സമയത്ത് എത്തുക എന്നത് ജപ്പാന്‍കാര്‍ക്ക് അത്ഭുതമല്ല. പക്ഷെ പറഞ്ഞ സമയത്തേ ട്രെയിന്‍ നീങ്ങാവൂ. സെക്കണ്ടുകള്‍ക്ക്‌ മുന്‍പേ പ്ലാറ്റ്ഫോം വിട്ട ത്സുകുബ എക്സ്പ്രസ് ഇതിന്‍റെ പേരില്‍ യാത്രക്കാരോട് മാപ്പ് പറഞ്ഞിട്ട് അധിക നാളായില്ല . ജപ്പാന്‍കാര്‍ ഇങ്ങനെയാണ് . കൃത്യത, വിശ്വാസ്യത, ഇതിലൊന്നും പകരം വെയ്ക്കാന്‍ ആവില്ല. ജപ്പാനിലെ കന്‍സായി എയര്‍പോര്‍ട്ടിന്റെ പ്രശസ്തി എങ്ങനെ എന്ന് അറിയുമോ. ഒരു ബാഗ് പോലും ഈ വിമാനത്താവളത്തില്‍ യാത്രക്കാരന് നഷ്ടപ്പെട്ടിട്ടില്ല എന്നതിലാണ് . അടുത്തിടെ മാത്രമല്ല ഇരുപത്തിയൊന്നു വര്‍ഷമായി കന്‍സായിക്ക് ഈ ചരിത്രം സ്വന്തമാണ്.

Photo Courtesy: jal.co.jp

ഇങ്ങനെയുള്ള രാജ്യത്ത് കൃത്യതയില്‍ അത്ഭുതപ്പെടേണ്ട. വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും കൃത്യതയും വിശ്വാസ്യതയും നിര്‍ണയിക്കുന്ന ഒഎജി റിപ്പോര്‍ട്ടില്‍ മുന്നില്‍ മറ്റാരുമല്ല- ജപ്പാന്‍ എയര്‍ലൈന്‍സ് തന്നെ. 85.27% ആണ് പോയിന്‍റ്. ജപ്പാനിലെ തന്നെ ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് 83.81% പോയിന്‍റോടെ രണ്ടാമതെത്തിയപ്പോള്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സ് മൂന്നാമതെത്തി. ഇന്ത്യയിലെ ഇന്‍ഡിഗോ 81.22% പോയിന്‍റുമായി നാലാമതുണ്ട്. അലാസ്ക എയര്‍ലൈന്‍സ്,എസ്എഎസ്, യുണൈറ്റഡ് , LATAM,അമേരിക്കന്‍ എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എന്നിങ്ങനെയാണ് കിറുകൃത്യക്കാരായ ആദ്യ പത്തിലിടം നേടിയ വന്‍വിമാന കമ്പനികള്‍.

Photo Courtesy: Air Baltic

ചെറു വിമാനങ്ങളില്‍ നവാഗത വിമാന കമ്പനിയാണ് മുന്നില്‍. ലാത്വിയയിലെ ലോ കോസ്റ്റ് കാരിയര്‍ ആയ എയര്‍ ബാള്‍ട്ടിക്ക്. 1995ല്‍ തുടങ്ങിയ എയര്‍ ബാള്‍ട്ടിക്ക് 30 വിമാനങ്ങളുമായി 68 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 90.01% ആണ് എയര്‍ ബാള്‍ട്ടിക്കിന്‍റെ പോയിന്‍റ് . 2013ല്‍ എയര്‍ ബാള്‍ട്ടിക് പുതിയ ആശയവുമായി യാത്രക്കാരിലെത്തി. യാത്രക്ക് മുന്‍പേ ഇഷ്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു അത് . വിമാനം പുറപ്പെടും മുന്‍പേ എയര്‍ ബാള്‍ട്ടിക് സൈറ്റിലെ കമ്പ്യൂട്ടറിലെ ഒഴിഞ്ഞ ട്രേയില്‍ നമുക്ക് ഇഷ്ട ഭക്ഷണം തെരഞ്ഞെടുത്തു വെയ്ക്കാം. യാത്രയില്‍ ഈ ഭക്ഷണം നമുക്ക് ലഭിക്കും. ബൂക്കിങ്ങിനു ബിറ്റ് കോയിന്‍ അംഗീകരിച്ച ആദ്യ വിമാനവും എയര്‍ ബാള്‍ട്ടിക് തന്നെ.

വിശ്വാസ്യത ഇല്ലായ്മയില്‍ ചൈനക്കാര്‍ക്ക് ഇടമുണ്ട്. ഏറ്റവും മോശം കാനഡയിലെ എയര്‍ ഇന്യൂയിറ്റാണ്. 44.6% പോയിന്‍റ്  മാത്രം.