Adventure Tourism

ചെമ്പ്രമല കയറ്റം കഠിനം… കഠിനം…

യാത്രചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരെയും മോഹിപ്പിക്കുന്ന സ്ഥലമാണ് വയനാട്. താമരശ്ശേരി ചുരത്തിലെ ഒമ്പതു വളവുകള്‍ കയറി വയനാട് എത്തുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരാണ്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം  തണുപ്പും പച്ചപ്പുമാണ്. പൂക്കോട് തടാകം, എടക്കല്‍ഗുഹ, കാന്തൻപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, കുറുവാ ദ്വീപ്‌, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വയനാട് ജില്ലയിലുണ്ട്. എല്ലാം പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥലങ്ങളാണ്. വയനാട് എന്നാൽ പച്ചപ്പ്‌തന്നെയാണല്ലോ.

 ചെമ്പ്ര മല   Pic: wayanadtourism.org

സാഹസികത ഇഷ്ട്ടപ്പെടുന്ന യാത്രക്കാരേയും വേണ്ടുവോളം ആഹ്ലാദിപ്പിക്കാൻ വയനാടിനാവും. വയനാട്ടിലെ പ്രധാന സാഹസിക വിനോദകേന്ദ്രമാണ് ചെമ്പ്ര കൊടുമുടി. നീലഗിരി മലനിരകളുടെ ഭാഗമായ ചെമ്പ്ര (6730 അടി) കയറണമെങ്കിൽ വലിയൊരു സാഹസികത തന്നെ വേണ്ടിവരും. ലക്കിടിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാല്‍ ചൂണ്ടെല്‍ ടൌണിൽ എത്താം. അവിടെനിന്നും 10 കിലോമീറ്റർ പോയാൽ മേപ്പാടിയായി. അവിടുന്ന് നാലു കിലോമീറ്റെർ എസ്റ്റേറ്റ്‌ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പ്ര കൊടുമുടി കയറാനുള്ള ടിക്കെറ്റ് കൌണ്ടറിൽ എത്താം. ടിക്കെറ്റ് എടുത്ത് വീണ്ടും മൂന്നു കിലോമീറ്റർ നടക്കണം പ്രവേശന കവാടത്തിൽ എത്താന്‍.

ഹൃദയതടാകം

കാട് കയറി വേണം മലകയറാൻ. കുത്തനെയുള്ള കയറ്റം മുകളിലെത്തുന്തോറും തണുപ്പിന്‍റെ കാഠിന്യം കൂടി വരും. ഈ വഴിയത്രയും മൃഗങ്ങളുടെ സഞ്ചാര പാതകളാണ്. അതിനാല്‍ കാടിനകത്ത് സഞ്ചരിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും ഓര്‍ത്തു വെക്കുക. ചിത്രങ്ങള്‍ എടുക്കാൻ താല്‍പ്പര്യമുള്ളവര്‍ക്ക് കാടിന്‍റെ വന്യതയും മാസ്മരികതയും കാമറയില്‍പകര്‍ത്താം. ഗൈഡിന്‍റെ സഹായത്തോടെ മാത്രേ മല കയറാൻ പറ്റു. മണിക്കൂറുകള്‍ എടുത്തു മലകയറുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് മലക്കുമുകളിലെ ഹൃദയത്തിന്‍റെ ആകൃതിയിലുള്ള കുളമാണ്. ഇതുതന്നെയാണ് ചെമ്പ്ര മലയുടെ വലിയ പ്രത്യേകത. വേനലിലും വറ്റാതെ നിറഞ്ഞുകിടക്കുന്ന കുളം യാത്രക്കാരുടെ മനം കവരും.

Pic: wayanadtourism.org

കാഴ്ച്ചയുടെ വിശാലത

മലമുകളില്‍ നിന്നാൽ വയനാടിന്‍റെ വിശാലത മാത്രമല്ല മലപ്പുറവും കോഴിക്കോടും നീലഗിരിയും കാണാം. വൈകീട്ട് അഞ്ചു വരെ മാത്രമേ കുന്നിനു മുകളില്‍ നില്‍ക്കാൻ കഴിയു. ഇരുട്ട് പരന്നാല്‍ ഉൾക്കാടിനകത്തുള്ള മൃഗങ്ങൾ പുറത്തിറങ്ങാൻ തുടങ്ങും. അപകടം ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് സമയം ഇങ്ങനെ ക്രമീകരിച്ചത്. മഴക്കാലത്ത് കുറച്ചു ആഴ്ച്ചകള്‍ ഇവിടെ ട്രെക്കിംഗ് നിര്‍ത്തിവെക്കും. ബാക്കിയുള്ള സമയങ്ങളിൽ നിയന്ത്രണമില്ല. മഞ്ഞുകാലം യാത്രക്ക്  തിരഞ്ഞെടുക്കുന്നവര്‍ തണുപ്പിനുള്ള വസ്ത്രങ്ങൾ കരുതണം. വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍തണുപ്പ് അനുഭവപ്പെടുന്ന സ്ഥലം കൂടിയാണിത്. കാടും, കുളവും മലയും, തണുപ്പും, സാഹസികതയും നിറഞ്ഞ ചെമ്പ്ര യാത്ര ഓര്‍ത്തുവെക്കാൻ പറ്റിയ അനുഭവം തന്നെയായിരിക്കും.


Pic: wayanadtourism.org