Interview

മാറുന്ന കേരളം മരിയന്‍റെ കണ്ണിലൂടെ

പഴമയുടെ പൊലിമ പറഞ്ഞിരിക്കുന്നവര്‍ ക്ഷമിക്കുക. മരിയന്‍ പറയുന്നത് പുതുമയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിനുണ്ടായ മാറ്റം അടുത്തറിഞ്ഞ വിനോദ സഞ്ചാരിയാണ് സ്വീഡന്‍ സ്വദേശി മരിയന്‍ ഹാര്‍ഡ്. പതിനാറു വര്‍ഷത്തിനിടെ കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും കേരളം കാണാനെത്തും മരിയന്‍ . കേരളത്തെക്കുറിച്ച് ‘പേള്‍ ഓഫ് സൗത്ത് ഇന്ത്യ’ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട് ഈ സ്വീഡന്‍ യാത്രിക.

അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും മലയാളിയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നെന്നു മരിയന്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ രംഗത്ത്‌ ഏറെ വളര്‍ന്നു. വിനോദ സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സുന്ദരമായ കടലോരങ്ങള്‍ , പച്ച വിരിച്ച മലയോരങ്ങള്‍, മൊട്ടക്കുന്നുകള്‍ , അരുവികള്‍, ജലാശയങ്ങള്‍ അങ്ങനെ പലതും. സഞ്ചാരിക്ക് മനം നിറയാന്‍ ഇതിലധികം എന്ത് വേണമെന്ന് മരിയന്‍.

വിനോദ സഞ്ചാരത്തിലൂന്നി മുന്നോട്ടു പോകാനാണ് ഇന്ന് പല രാജ്യങ്ങളുടെയും ശ്രമം. ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചരിത്രവും വികസനവുമായി മല്ലടിക്കുന്നു. എന്നാല്‍ ചരിത്രത്തിലൂന്നിയുള്ള വികസനമാണ് വിനോദ സഞ്ചാര വികസനത്തിന്‌ വേണ്ടതെന്നു മരിയന്‍ പറയും. ചരിത്രമറിഞ്ഞേ ചാടാവൂ എന്ന് മരിയന്‍ ഫിലോസഫി .

ആദ്യ കേരള യാത്ര മരിയന്‍ മറക്കില്ല. വഴിയോരങ്ങളില്‍ പാമ്പും മകുടിയുമായി പാമ്പാട്ടിമാര്‍, കൊടും വെയിലില്‍ ചുറ്റിക കൊണ്ട് പാറ ഉടച്ചു മെറ്റലാക്കുന്ന സ്ത്രീകള്‍, നിരത്ത് നിറഞ്ഞു നീങ്ങുന്ന അംബാസിഡര്‍ കാറുകള്‍. ആ യാത്ര മരിയനെ തളര്‍ത്തി. പക്ഷെ അടുത്ത വര്‍ഷം മരിയന്‍ വീണ്ടും കേരളത്തിലേക്ക് പറന്നു. പിന്നെയും വന്നു പലവട്ടം. പാമ്പാട്ടികള്‍ വഴി ഒഴിഞ്ഞു. അംബാസിഡര്‍ ആഡംബര കാറുകള്‍ക്ക് വഴിമാറി. മികച്ച സൗകര്യമുള്ള ഹോട്ടലുകളും താമസ സ്ഥലങ്ങളും വന്നു. ആയുര്‍വേദമടക്കം മെഡിക്കല്‍ ടൂറിസത്തിന്‍റെ ഇടമായി കേരളം മാറി. ആദ്യ യാത്രയിലെ പതര്‍ച്ച മാറിയ മരിയന്‍ ഇപ്പോള്‍ വിസ്മയ കേരളത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഇനിയും ഈ നാട് ഏറെ മാറുമെന്ന ശുഭാപ്തി വിശ്വാസത്തോടെ .