Asia

ക്ഷേത്രങ്ങളുടെയും പട്ടിന്‍റെയും നാട്ടിലേക്ക് ഒരു യാത്ര

വെബ് ഡെസ്ക്

വടക്കു പടിഞ്ഞാറൻ കംബോഡിയയിലെ പ്രാന്ത പ്രദേശമാണ് സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നും സീയിം റീപ്പിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് അധീന കോളനിയായിരുന്നു ഇത്. ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണ ഗ്രാമങ്ങളും മ്യൂസിയങ്ങളും ഒരുപാടുള്ള പ്രദേശമാണിത്. ചരിത്രത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പ്രദേശമാണ് സീയിം റീപ്.  ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതനശിൽപ്പങ്ങളാണ് ഇവിടെങ്ങും.

 

 

 

 

അങ്കോർ വാറ്റ് ക്ഷേത്രം  http://whc.unesco.org/en/list/668

അങ്കോർ ക്ഷേത്രങ്ങളാണ് ഇവിടെ മുഖ്യ ആകർഷണം. സീയിം റീപ്പിൽ എത്തുന്ന സഞ്ചാരികൾ കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലം ചരിത്ര ശേഷിപ്പായ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാരകമായ അങ്കോർവാറ്റ് ആണ്. 162 .2 ഹെക്ടർ പറന്നു കിടക്കുന്ന സ്മാരകം പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. പന്ത്രെണ്ടാം നൂറ്റാണ്ടിൽ ബുദ്ധ ക്ഷേത്രമായി മാറ്റപ്പെട്ടു. പുരാതന കെട്ടിട ശേഷിപ്പുകൾ, വാസ്തു ശിൽപ്പങ്ങൾ, അപ്സരസ്സുകളുടെ ശിൽപ്പങ്ങൾ തുടങ്ങിയവ ചരിത്രാന്വേഷകർക്ക് കൂടുതൽ ഇഷ്ടമാവും.

നിറയെ പച്ചപ്പും മരങ്ങളും പൊതിഞ്ഞു നിൽക്കുന്ന മറ്റൊരു ക്ഷേത്രമാണ് പ്രഹാൻ ഖാൻ. അങ്കോർ ക്ഷേത്രങ്ങളുടെ ഭാഗമായിട്ടുള്ള പ്രഹാൻ ഖാൻ ഖമർ വാസ്തുകലയിൽ നിർമിച്ച ലളിതവും ചെറിയതുമായ ക്ഷേത്രമാണ്.ഹിന്ദു, ബുദ്ധ മതങ്ങളുടെ സമന്വയ ദൃശ്യം ഇവിടെ കാണാം. വിശ്വാസികള്‍ ഗരുഡന്‍റെതെന്നു  കരുതുന്ന നാഗാ പ്രതിമകൾ, ഹാളിലെ നർത്തകർ, സ്തൂപങ്ങൾ, ദീര്‍ഘ ഇടനാഴി എന്നിവയാണ് പ്രത്യേകതകൾ.  കൂടാതെ ബയോൺ ക്ഷേത്രം, ബാഫ്യൂൺ ക്ഷേത്രം, ബാൻടീയി ക്ഷേത്രം തുടങ്ങിയവ സീയിം റീപ്പിലെ ചരിത്ര കാഴ്ചകളാണ്.

കോഹ് കേർ ക്ഷേത്രം  http://tourismcambodia.com

കരകൗശലങ്ങളുടെ കേന്ദ്രം

കരകൗശല നിർമാണങ്ങളുടെ കേന്ദ്രമാണ് അങ്കോർ ബാക്ക് സ്ട്രീറ്റ് അക്കാദമി. വയലുകൾ നിറഞ്ഞ ഈ ഗ്രാമം സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരിടമാണ്. കരകൗശല നിർമാണത്തിൽ ഏർപ്പെട്ടവരെ ഇവിടെ കാണാം. മൺപാത്ര നിർമാണം, ചിത്രപ്പണികള്‍, മാലിന്യങ്ങളിൽ നിന്നും പൂക്കൾ നിർമിക്കുക, പാഴ്വസ്തുക്കള്‍ കൊണ്ടുള്ള ആഭരണ നിർമാണം തുടങ്ങിയവ ഇവിടെ കാണാം. യാത്രക്കാര്‍ക്ക് ഈ നിർമാണങ്ങളിൽ പങ്കാളികളാവാം.

 

 

പ്രെഹ് വിഹീർ ക്ഷേത്രം  http://tourismcambodia.com

യാത്ര പട്ടിന്‍റെ പട്ടണത്തിൽ

നഗര മധ്യത്തിൽ നിന്നും അരമണിക്കൂർ സഞ്ചരിച്ചാൽ അങ്കോർ പട്ടു കേന്ദ്രത്തിലെത്താം. പട്ടുല്‍പ്പന്നങ്ങള്‍ നിർമിക്കുന്ന  ഗ്രാമമുണ്ടിവിടെ. സഞ്ചാരികൾക്കു പട്ടുല്‍പ്പാദനത്തെ കുറിച്ച് പഠിക്കാൻ ധാരാളം സ്ഥലങ്ങളുണ്ട്. ഉത്പ്പന്നങ്ങൾ മികച്ച പട്ടുകൊണ്ടുള്ളവയായതിനാല്‍ വില ഇത്തിരി കൂടും. എല്ലാത്തരത്തിലും മികച്ച യാത്രാനുഭവം  നൽകുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് സീയിം റീപ്.