കൂ ..കൂ ..തീവണ്ടി …കുറ്റപ്പെടുത്തല്‍ സഭാ സമിതിയുടേത്

 

ഇന്ത്യയുടെ ജീവരേഖ എന്നാണ് റയില്‍വേയുടെ അവകാശവാദം. പക്ഷേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോക്കെ ഈ ജീവരേഖ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. .

Photo Courtesy: the-maharajas.com

വിനോദ യാത്രികരുടെ മുന്‍ഗണനകള്‍ റയില്‍വേ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. യാത്രക്കാരെ അവഗണിക്കാം. പക്ഷെ എംപിമാരോട് അത് പറ്റില്ലല്ലോ..

റയില്‍വേയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടിലാണ് റയില്‍വേക്ക് കണക്കറ്റ വിമര്‍ശനം. ഇന്ത്യയുടെ ഭംഗിയും തീര്‍ഥാടന ടൂറിസവും പുറംലോകത്ത് എത്തിക്കാന്‍ റയില്‍വേ ചെറു വിരല്‍ അനക്കുന്നില്ലന്നായിരുന്നു വിമര്‍ശനം. രാജ്യത്തെ വലിയ വാഹന നടത്തിപ്പുകാരുടെ ചെറിയ വീക്ഷണം എന്ന് പോലും സമിതി കുറ്റപ്പെടുത്തി. വിനോദ സഞ്ചാര മേഖലകളെയും തീര്‍ഥാടന കേന്ദ്രങ്ങളെയുമൊക്കെ ബന്ധിപ്പിച്ചു ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയാലേ റയില്‍വേക്ക് വരുമാനം കൂട്ടാനാവൂ എന്ന് സമിതി ചെയര്‍മാന്‍ സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

Photo Courtesy: pib.nic.in

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഉത്തര കേരളം , ജമ്മു കാശ്മീര്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ കുറവ് സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അറുനൂറു ട്രെയിനുകളാണ് ഇന്ത്യന്‍ റയില്‍വേ ആരംഭിച്ചത് . ഇതില്‍ ഏഴെണ്ണം മാത്രമാണ് വിനോദ സഞ്ചാരത്തിനും തീര്‍ഥാടനത്തിനും നീക്കിവെച്ചത്. ഏഴില്‍ രണ്ടെണ്ണം -ടൈഗര്‍ എക്സ്പ്രസും ആസ്താ സര്‍ക്ക്യൂട്ടും തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മാത്രവും. തീര്‍ഥാടകര്‍ ഏറെ വരുന്ന തിരുപ്പതി, ഷിര്‍ദ്ദി എന്നിവയെ ബന്ധിപ്പിച്ച് വെറും രണ്ടു ട്രെയിന്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.

ആഡംബര ട്രെയിനുകളില്‍ റയില്‍വേ ഉദ്യോഗസ്ഥരും കുടുംബങ്ങളും നടത്തുന്ന സൗജന്യ യാത്രയേയുംസമിതി വിമര്‍ശിച്ചു. പാലസ് ഓണ്‍ വീല്‍സ്, റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ് എന്നീ ട്രയിനുകളിലാണ് ഉദ്യോഗസ്ഥര്‍ ഏറെയും സൗജന്യ യാത്ര തരപ്പെടുത്തിയതെന്ന് സമിതി കണ്ടെത്തി. നികുതി ദായകരുടെ പണം ഈ നിലയില്‍ ധൂര്‍ത്തടിക്കാനാവില്ലന്നു സമിതി മുന്നറിയിപ്പ് നല്‍കി.