കങ്കാരുക്കളുടെ നാട്ടിലേക്ക് ഇന്ത്യന്‍ സഞ്ചാരി പ്രവാഹം
വെബ് ഡെസ്ക്
കടലും കാഴ്ച്ചകളുമായി ഓസ്ട്രേലിയ വിളിച്ചത് വെറുതെയായില്ല. ഇന്ത്യന്‍ സഞ്ചാരികളില്‍ പലരും തെരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ യാത്രയാണ്. കംഗാരുക്കളുടെ നാട്ടില്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്.
ടൂറിസം ഓസ്ട്രേലിയ പുറത്തു വിട്ട കണക്കു പ്രകാരം അവിടേക്കെത്തുന്നവരിലും പണം ചെലവിടുന്നതിലും ഇന്ത്യന്‍ സഞ്ചാരികള്‍ മുന്നിലാണ്. ഇരട്ട അക്ക വളര്‍ച്ചയാണ് ഈ രംഗങ്ങളില്‍ നേടിയതെന്ന് ടൂറിസം ഓസ്ട്രേലിയ പറയുന്നു.
ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വളര്‍ച്ചയാണുണ്ടായത്. 2,94,000 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ ഓസ്ട്രേലിയ കാണാന്‍ പോയത്. ഏകദേശം 7200 കോടി ((1.45 ബില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ) ഇവര്‍ അവിടെ ചെലവിടുകയും ചെയ്തു. ചെലവഴിച്ചതില്‍ പോയ വര്‍ഷത്തേക്കാള്‍ 26% വര്‍ധന.
അഭിമാനമുഹൂര്‍ത്തമെന്നു സഞ്ചാരികളുടെ വര്‍ധനവിനെ വിശേഷിപ്പിച്ച് ടൂറിസം ഓസ്ട്രേലിയ ഇന്ത്യ- ഗള്‍ഫ് കണ്‍ട്രി മാനേജര്‍ നിശാന്ത് കാശികര്‍ പറഞ്ഞു. വിമാനക്കമ്പനികളേയും ട്രാവല്‍ ഏജന്റുമാരെയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെയും സംയോജിപ്പിക്കാനായതാണ് നേട്ടത്തിന് പിന്നിലെന്നും കാശികര്‍ പറഞ്ഞു. കടലോര കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും പുറമേ ഇന്ത്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രകൃതി, വന്യജീവി മേഖലയും ഓസ്ട്രേലിയന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതായും കാശികര്‍ വ്യക്തമാക്കി