ഭാര്യ തന്‍ പ്രസവം അങ്ങ് അമേരിക്കയില്‍
‘ജനിക്കും മുമ്പെന്‍ കുഞ്ഞ് ഇംഗ്ലീഷ് പറയണം
അതിനാല്‍ ഭാര്യ തന്‍ പേറങ്ങ് ഇംഗ്ലണ്ടിലാക്കി ഞാന്‍’ എന്നത് കുഞ്ഞുണ്ണി മാഷിന്‍റെ കവിതയാണ്. എന്നാല്‍ കുഞ്ഞ് ബ്രിട്ടീഷ് ഇംഗ്ലീഷ് പറഞ്ഞില്ലേലും അമേരിക്കന്‍ ഇംഗ്ലിഷ് പറയട്ടെയെന്നു കരുതി പ്രസവം അങ്ങ് അമേരിക്കയിലാക്കിയാലോ? അമേരിക്കയില്‍ പ്രസവിച്ചാല്‍ രണ്ടുണ്ട് കാര്യം. കുഞ്ഞ് ഇംഗ്ലീഷു പറയുകയും ചെയ്യും അമേരിക്കന്‍ പൌരത്വം കിട്ടുകയും ചെയ്യും.
പ്രസവിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു.
റഷ്യക്കാര്‍ പലരും പ്രസവത്തിനു തെരഞ്ഞെടുക്കുന്നത് മിയാമിയാണ്. മനോഹരമായ ബീച്ചും നിശാക്ലബുകളും ഒക്കെ ഇവിടെയുണ്ടെങ്കിലും റഷ്യന്‍ ഗര്‍ഭിണികളെ ആകര്‍ഷിക്കുന്നത് കുഞ്ഞിന്‍റെ അമേരിക്കന്‍ പൌരത്വമാണ്. മിയാമിയിലെ സണ്ണി ഐല്‍ ബീച്ച് അറിയപ്പെടുന്നത് തന്നെ ലിറ്റില്‍ റഷ്യ എന്നാണ്. റഷ്യയില്‍ നിന്ന് എത്തിയവരാണ് ഇവിടെ ഏറെയും. റഷ്യന്‍ മാര്‍ക്കറ്റ്, റഷ്യന്‍ ഡോക്ടര്‍, റഷ്യന്‍ അഭിഭാഷകര്‍ എന്ന് വേണ്ട മോസ്കോയുടെ ചെറിയ പതിപ്പാണ് ഇവിടം. ഇവിടേക്കാണ് പ്രസവത്തിനു പല റഷ്യന്‍ ഗര്‍ഭിണികളും എത്തുന്നത്. ഗര്‍ഭിണികള്‍ക്ക് സൗകര്യമൊരുക്കാന്‍ ട്രാവല്‍ ഏജന്‍സികള്‍ മത്സരമാണ്. താമസ സ്ഥലം കണ്ടെത്തല്‍, ഡോക്ടര്‍മാരെ ഒപ്പിക്കല്‍, വിസ തരപ്പെടുത്തല്‍. അങ്ങനെ പോകുന്നു ഓഫറുകള്‍. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പലരും ഈടാക്കുന്നത്.
റഷ്യക്കാര്‍ക്ക് മിയാമി എങ്കില്‍ ചൈനീസ് ഗര്‍ഭിണികള്‍ക്ക് പഥ്യം തെക്കന്‍ കാലിഫോര്‍നിയയാണ്. രണ്ടു വര്‍ഷം മുന്‍പ് കാലിഫോര്‍ണിയയില്‍ ചൈനീസ് ഗര്‍ഭിണികള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റയിഡ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആശുപത്രിച്ചെലവു കുറക്കാന്‍ പലരും നിര്‍ധന രേഖ വ്യാജമായി നിര്‍മിച്ചെന്നായിരുന്നു കണ്ടെത്തല്‍.
അമേരിക്കന്‍ ഭരണഘടനയിലെ പതിനാലാം ഭേദഗതിയാണ് വിദേശ ഗര്‍ഭിണികളുടെ മോഹം സഫലമാക്കുന്നത്. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുഞ്ഞിനു അമേരിക്കന്‍ പൌരത്വം ഉറപ്പാക്കുന്നതാണ് ഭേദഗതി. ഈ കുഞ്ഞുങ്ങള്‍ക്ക് ആയുഷ്കാലം അമേരിക്കയില്‍ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുറപ്പാക്കുന്നതാണ് ഭേദഗതി. ഈ കുഞ്ഞിനു 21 വയസ് തികഞ്ഞാല്‍ വിദേശ രക്ഷിതാക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുകയും ചെയ്യാം. ഇത് വ്യാപക കുടിയേറ്റത്തിനു വഴിയൊരുക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്‍റെ വാദം. പക്ഷെ ട്രുംപിനു ഇക്കാര്യത്തില്‍ അധികം കയ്യടി കിട്ടിയിട്ടില്ല.
ഈ വാര്‍ത്ത വായിച്ചാല്‍ അമേരിക്കയിലേക്ക് വിദേശ ഗര്‍ഭിണികള്‍ കൂട്ടത്തോടെ പ്രസവിക്കാന്‍ എത്തുന്നു എന്ന് കരുതേണ്ട. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ എമിഗ്രേഷന്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ പ്രസവിക്കുന്ന വിദേശ ഗര്‍ഭിണികള്‍ പ്രതിവര്‍ഷം 36000 കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കുന്നത്. കണക്കില്‍ ഇത് ചെറുതാകാം. എന്നാല്‍ ഫ്ലോറിഡ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ പ്രസവിക്കുന്ന വിദേശികളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട് .