വിവാ വിക്ടോറിയ… നിഗൂഢ കാഴ്ചകളിലേക്ക് സ്വാഗതം

അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക,  ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും.

Pic: zimbabwetourism.net

ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്.

സാംബിയ, സിംബാബ്വേ  അതിർത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. നാട്ടുകാർ വെള്ളച്ചാട്ടത്തെ “മോസി-ഒ-തുനിയ” എന്ന് വിളിക്കുന്നു. അര്‍ഥം– ‘ഇടിനാദങ്ങളുടെ പുക’. നാഴികകള്‍ക്കപ്പുറത്തു നിന്നേ കാണാനും കേള്‍ക്കാനുമാവുന്ന ജലത്തളിത്തൂണുകൾ എന്നും പറയാം.

Pic: zimbabwetourism.net

1855ൽ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശന ശേഷം അന്നത്തെ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റണാണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നൽകിയത്. അസാധാരണ വലിപ്പവും ശക്തിയും കാരണം യാത്രക്കാരെ വെള്ളച്ചാട്ടം ഭയപ്പെടുത്തുകയും ചെയ്യും. സാംബിയൻ ഭാഗത്ത് വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്വാഭാവിക കുളങ്ങളിൽ യാത്രക്കാര്‍ക്ക് നീന്താം.

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ശക്തി എല്ലാവരും കണ്ടിരിക്കാം, എന്നാൽ സാംബിയയുടെയും സിംബാബ്വേയുടെയും അതിർത്തിയിലെ തെരുവുകൾ ഒഴുക്കിവിടാൻ ശേഷിയുള്ള വിക്ടോറിയ വെള്ളച്ചാട്ടം ഉറപ്പായും കാണേണ്ടതാണ്. മൂടൽ മഞ്ഞുള്ള ദിവസങ്ങളിൽ വെള്ളത്തിന്‍റെ സമീപം പോലും കാണാന്‍ കഴിയില്ല. ശബ്ദം മാത്രമേ കേള്‍ക്കാനാവു.

വന്യജീവി സങ്കേതങ്ങൾ

വിക്ടോറിയക്കു അടുത്തായി വിവിധ വന്യജീവി സങ്കേതങ്ങളുണ്ട്. സഞ്ചാരികൾക്ക് സാഹസിക യാത്ര ടൂറിസം വകുപ്പ് ഏർപ്പാടാക്കിയിട്ടുണ്ട്.

മിസ്സോ ഓവ തുന്യ നാഷണൽ പാർക്ക്  66  ചതുരശ്ര കിലോമീറ്ററും  (16,309 ഏക്കർ), വിക്ടോറിയ ഫാൾസ് നാഷണൽ പാർക്ക് 23 ചതുരശ്ര കിലോമീറ്ററുമാണ് (5,683 ഏക്കർ). തെക്കൻകരയിൽ തൊട്ടടുത്തായി സാംബെസി നാഷനൽ പാർക്ക് നദിക്ക് കുറുകെ പടിഞ്ഞാറ് 40 കിലോമീറ്റർ (25 മൈൽ) നീളത്തിൽ കിടക്കുന്നു. മൃഗങ്ങളുടെ സഞ്ചാര പാതകളിൽ  യാത്രികർക്ക് നിർദേശങ്ങൾ കൊടുക്കാൻ ഗൈഡുകളുണ്ട്.

സാംബെസി  നാഷനൽ പാർക്ക്  Pic: zimbabwetourism.net

നദീതടം കാടുകൾ സസ്യസമ്പന്നമാണ്. പലതരം പനകൾ  ഈ മഴക്കാടുകളിൽ ഉണ്ട്. മരിക്കുന്നതിനു മുമ്പ് കണ്ടുതീർക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലേക്ക് വേഗം വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ പേരു കൂടി ചേർത്തോളൂ.