നികുതി കുറച്ചേക്കും; വിനോദ സഞ്ചാര മേഖല പ്രതീക്ഷയില്‍
ടിഎന്‍എല്‍ ബ്യൂറോ
ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.
വിനോദ സഞ്ചാര രംഗത്ത് നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് ധന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. .ഹോട്ടല്‍ നിര്‍മാണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും . പുതിയ ടൂറിസ്റ്റ് ട്രെയിനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പാതകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചെറുകിട- ഇടത്തരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്ന വിമാന കമ്പനികള്‍ക്കും ഇളവ് അനുവദിച്ചേക്കും.
രാജ്യത്തെ വിനോദ സഞ്ചാര മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2016ല്‍ സെപ്തംബര്‍ വരെ ആദ്യ ഒമ്പതു മാസം എട്ടു ശതമാനം വളര്‍ച്ചയുണ്ടായിരുന്ന ടൂറിസം രംഗം ഇക്കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ വളര്‍ച്ച പത്തു ശതമാനമാണ്. നാല്‍പ്പതു ദശലക്ഷം പേരാണ് നിലവില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു രാജ്യത്ത് തൊഴിലെടുക്കുന്നത്. വരുന്ന ദശാബ്ദതോടെ പത്തു ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതും വിനോദ സഞ്ചാരത്തിനു കൂടുതല്‍ പേര് തയ്യാരാകുന്നതുമാണ് ഈ രംഗത്ത് കൂടുതല്‍ ഇളവു നല്കി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.