കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടരുന്നു : ആഭ്യന്തര സഞ്ചാരികളിൽ വൻ വർധന
വെബ് ഡെസ്ക്
കേരളത്തിലെ വിനോദസഞ്ചാര മേഖല മുന്നോട്ടു തന്നെ . ഇക്കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച സഞ്ചാരികളുടെ കണക്ക് ടൂറിസം വകുപ്പ് പുറത്തുവിട്ടു. 2017 ലെ ആദ്യ ഒമ്പതു മാസ കണക്കാണ് പുറത്തു വന്നത്.
മദ്യനിരോധനം , ജി എസ് ടി എന്നിങ്ങനെ വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന് നിരവധി പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും സഞ്ചാരികളുടെ ഗ്രാഫ് മേലോട്ടു തന്നെ.
കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെ കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികളിൽ വൻ വർധനവും വിദേശ സഞ്ചാരികളിൽ നേരിയ വർധനവുമാണുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 10,18,986 വർദ്ധനവുണ്ടായി. തൊട്ടു മുൻ വർഷത്തേക്കാൾ ഇരട്ടി.
2016ലെ ആദ്യ ഒമ്പതു മാസം ആഭ്യന്തര വിനോദ സഞ്ചാരികളുടെ വളർച്ചാ നിരക്ക് 6.01% ആയിരുന്നത് 2017ൽ ഇതേ കാലയളവിൽ 11.03% ആയി. ആലപ്പുഴ, ഇടുക്കി, വയനാട് , തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കായിരുന്നു ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കേറെയും. എന്നാൽ ഗുരുവായൂരിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്
വിദേശികളിലും വർധന
കേരളത്തിലേക്കെത്തിയ വിദേശ വിനോദ സഞ്ചാരികളിലും വർധനവുണ്ട്. വളർച്ചാ നിരക്ക് 4.23 % . ജൂലൈ വരെ വളർച്ചാ നിരക്ക് 7.8% ആയിരുന്നു. എന്നാൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ വിദേശികളുടെ വരവ് കുറഞ്ഞു . തിരുവനന്തപുരം, എറണാകുളം , വയനാട് ജില്ലകളിലേക്കായിരുന്നു കൂടുതൽ വിദേശ വിനോദ യാത്രികരുടേയും സഞ്ചാരം
വിദേശ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനുള്ള സംസ്ഥാന ടൂറിസം നയത്തിന് പ്രോത്സാഹനം കൂടിയാണ് വിനോദ സഞ്ചാരികളുടെ വരവ്.
2021ഓടു കൂടി ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 50 ശതമാനം ഉയർത്തുക വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിയാക്കുക എന്നതാണ് ടൂറിസം നയത്തിന്റെ ലക്ഷ്യം .