Special

സഫർ സ്മൃതിയിൽ സഫലമീ യാത്ര

ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്റെ ശവകുടീരം മ്യാൻമാറിലെ യങ്കോണിലാണുള്ളത്. ബ്രിട്ടീഷുകാർക്കെതിരെ കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ മ്യാൻമാറിലേക്ക് നാടുകടത്തുകയായിരുന്നു.ഒട്ടേറെ കഥകൾ പറയാനുള്ള ആ കബറിടത്തിലേക്ക് ഒരു യാത്ര –ബൈജു എൻ നായർ

തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മ്യാന്മാറിന്റെ തലസ്ഥാനമായ യങ്കോണിലേക്കുള്ള വിമാനത്തിലിരിക്കുമ്പോൾ ഞാൻ വായിച്ചുകൊണ്ടിരുന്നത് സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രമാണ്. ഡി.വിജയമോഹൻ എഴുതിയ ആ പുസ്തകത്തിൽ പെട്ടെന്നാണ് യങ്കോൺ കടന്നുവന്നത്. റംഗൂൺ എന്നറിയപ്പെട്ടിരുന്ന യങ്കോണിലെ ശ്രീരാമകൃഷ്ണ മിഷൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു പണ്ട് രംഗനാഥാനന്ദ സ്വാമി.1942 -ൽ ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ സ്വാമിയും സംഘവും ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അന്നൊന്നും ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.ആദ്യ ദിവസം പദൗങ് എന്ന .സ്ഥലത്ത് താമസിച്ചു .പിന്നെ തുംഗപ്പ് എന്ന ,150 കിലോമീറ്റർ ദൂരെയുള്ള പട്ടണത്തിലേക്ക് കാളവണ്ടിയിൽ 6 ദിവസം നീണ്ട ദുരിത യാത്ര.അവിടുന്ന് ആക്യാബ് എന്ന സ്ഥലത്തേക്ക് 7 ദിവസം വള്ളത്തിൽ…പിന്നെ കപ്പലിൽ ബംഗ്ളാദേശിലേക്ക് …തുടർന്ന് ട്രെയിനിൽ ഇന്ത്യയിലേക്ക്….

വിമാനത്തിന്റെ സുഖശീതളിമയിൽ ഇരുന്നു കൊണ്ട് ഞാൻ പഴയകാല സഞ്ചാരികളെ മനസാ നമിച്ചു.എന്നിട്ട് യങ്കോണിലെ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങി.

ബഹദൂർ ഷാ സഫറിന്റെ കബറിടം

യാത്ര സ്മാരകത്തിലേക്ക്

ഏഴു ദിവസം കൊണ്ട് മ്യാന്മാർ സാമാന്യം ഭംഗിയായി കണ്ടു തീർത്തു . ഇനി യങ്കോണിൽ ഒരു സ്ഥലം കൂടി ബാക്കിയുണ്ട് കാണാൻ. ദേശാഭിമാനിയായ ഏതൊരു ഇന്ത്യക്കാരനും അവിടം കണ്ടിരിക്കണം.ഒരു കബറിടം ആണത്.ഇന്ത്യ ഭരിച്ച ഒടുവിലത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ കബറിടം.
താമസിക്കുന്ന ഹോട്ടലിൽ അന്വേഷിച്ചപ്പോൾ ഏറെ ദൂരെയൊന്നുമല്ല സ്ഥലം എന്ന് മനസിലായി.മ്യാന്മാറിന്റെ തിലകക്കുറി എന്ന് വിളിക്കാവുന്ന ഷഡഗോൺ പഗോഡയുടെ സമീപം തന്നെയാണ് ബഹദൂര്ഷാ മെമ്മോറിയൽ.
ടാക്സിയിൽ 15 മിനുട്ടു കൊണ്ട് സ്ഥലത്തെത്തി.ശാന്ത സുന്ദരമായ പ്രദേശത്ത് റോഡോരത്ത് തന്നെയാണ് മെമ്മോറിയൽ.
കേരളത്തിൽ നാട്ടിൻപുറത്തുള്ള മുസ്ലിം പള്ളികളുടെ അതേ ശൈലിയിൽ ആർച്ചോടു കൂടിയ മതിൽക്കെട്ട് .’ ദർഗ ഓഫ് ബഹദൂർ ഷാ സഫർ -എമ്പറർ ഓഫ് ഇന്ത്യ’ എന്ന് ആർച്ചിൽ എഴുതി വെച്ചിട്ടുണ്ട്.

പരിപൂർണ നിശബ്ദതയാണ് എങ്ങും.അടുത്തെങ്ങും ആരെയും കാണാനില്ല.ഗേറ്റ് കടന്നു ഉള്ളിലെത്തിയപ്പോൾ ടിപ്പിക്കൽ ഇസ്ലാമിക് ശൈലിയിലുള്ള ഒരു കെട്ടിടം.അതിനുള്ളിലാണ് സുൽത്താന്റെ കബറിടം. കെട്ടിടത്തിന്റെ ഉള്ളിൽ കയറി പിരിയൻ ഗോവണി ഇറങ്ങി വേണം കബറിടത്തിലെത്താൻ.ഭൂനിരപ്പിലും താഴെയാണ് കബർ എന്നർഥം .

ഒരു ബാൽക്കണിയിൽ നിന്നെന്ന പോലെ താഴേക്കു നോക്കുമ്പോൾ കാണാം, ഖുർആൻ സൂക്തങ്ങൾ പ്രിന്റ് ചെയ്ത പച്ച സിൽക്ക് പുതപ്പിനുള്ളിൽ ഇന്ത്യയുടെ അവസാനത്തെ മുഗൾ ചക്രവർത്തി ഉറങ്ങുന്നു.

ദർഗ ഓഫ് ബഹദൂർ ഷാ സഫർ

ചരിത്രത്തിലേക്ക് തിരനോട്ടം

അൽപ്പം ചരിത്രം പറഞ്ഞാലേ ബഹദൂർ ഷാ സഫർ ആരായിരുന്നെന്നും അദ്ദേഹം അനുഭവിച്ച ദുരിതങ്ങൾ എന്തായിരുന്നെന്നും മനസിലാകൂ . ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ഉയർന്ന ആദ്യ ശബ്ദം അക്ബർഷാ ചക്രവർത്തിയുടെ മകനായ ബഹദൂർ ഷാ സഫറിന്റെതായിരുന്നു. എന്നു മാത്രവുമല്ല, 1857 മെയ് 11 നു ബഹദൂർ ഷായുടെ ഭടന്മാർ ഡൽഹിയിൽ ബ്രിട്ടീഷുകാരെ വ്യാപകമായി ആക്രമിക്കുകയും ചെയ്തു. 56 ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. ഏതായാലും ഷായുടെ നീക്കം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരായ ആദ്യകാല പ്രക്ഷോഭത്തിന്‌ തുടക്കമിട്ടു.വടക്കേ ഇന്ത്യയിലെങ്ങും അതിന്റെ അനുരണനങ്ങളുണ്ടായി.വടക്കേ ഇന്ത്യ മുഴുവൻ പ്രക്ഷോഭങ്ങൾ ആളിക്കത്തി.

3 മാസം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് പട്ടാളം സർവശക്തിയോടെ ആഞ്ഞടിച്ചു.മുഗൾ രാജാക്കന്മാരുമായി ബന്ധപ്പെട്ട കൊട്ടാരങ്ങളും പള്ളികളും ഉദ്യാനങ്ങൾ പോലും ബ്രിട്ടീഷ് പട്ടാളം അടിച്ചു തകർത്തു.എതിർത്തവരെ പിടികൂടി തൂക്കിലേറ്റി.
ഒടുവിൽ 1857 സെപ്തംബർ 21 നു ബഹദൂർ ഷാ സഫർ ബ്രിട്ടീഷുകാർക്ക് കീഴടങ്ങി.അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ച പട്ടാളം തുടർന്ന് ഹുമയൂണിന്റെ ശവകുടീരത്തിൽ ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ മക്കളെയും പേരക്കുട്ടികളെയും ലാൽ ദർവാസാ എന്ന സ്ഥലത്തെത്തിച്ച് നഗ്നരാക്കി നിർത്തി വെടി വെച്ചു കൊന്നു.ആ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത് ‘ഖൂൻ ദർവാസാ ‘എന്നാണ്. രക്ത കവാടം എന്നർത്ഥം .

ബഹദൂർ ഷാ സഫർ II

ബഹദൂർ ഷാ സഫറിന്റെ അറസ്റ്റോടെ ഇന്ത്യയിൽ 400 വർഷം നീണ്ടു നിന്ന മുഗൾ ഭരണത്തിന് തിരശീല വീണു.
ബ്രിട്ടീഷുകാർ അദ്ദേഹത്തെ ചെങ്കോട്ടയിൽ തടവിൽ പാർപ്പിച്ചു.കവി കൂടിയായിരുന്ന സുൽത്താൻ കരിക്കഷ്ണങ്ങൾ കൊണ്ട് ഭിത്തിയിൽ കവിതകൾ എഴുതിയത് ഇന്നും അവിടെ കാണാമത്രെ.ഇതിനിടെ ഷായെ ബ്രിട്ടീഷ് കോടതി ബർമയിലേക്ക് നാടുകടത്താൻ വിധിച്ചു.

1858 ഒക്ടോബറിൽ 84 കാരനായ ആ ഇന്ത്യൻ ചക്രവർത്തി ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ ബർമയിലേക്ക് കപ്പൽ കയറി. ഭാര്യയും രണ്ട് ആൺ മക്കളും അവരുടെ ഭാര്യമാരും അദ്ദേഹത്തെ അനുഗമിച്ചു.

റംഗൂണിൽ 16 ചതുരശ്ര അടി വിസ്തീർണ്ണം മാത്രമുള്ള 4 മുറികളാണ് ഷായ്ക്കും കുടുംബത്തിനും ബ്രിട്ടീഷ് സർക്കാർ അനുവദിച്ചത്.അവിടെ വീട്ടു തടങ്കലിൽ കഴിയാനായിരുന്നു അവരുടെ യോഗം. കവിത കുത്തിക്കുറിക്കാനുള്ള കടലാസ് പോലും അദ്ദേഹത്തിന് ബ്രിട്ടീഷ് ഭരണകൂടം നിഷേധിച്ചു.
എന്തായാലും ഏറെക്കാലമൊന്നും സുൽത്താനെ ദ്രോഹിക്കാൻ അവർക്കായില്ല. 4 വർഷത്തിന് ശേഷം,ഇന്ത്യയുടെ ആ വീരപുത്രൻ അന്ത്യശ്വാസം വലിച്ചു.

ഷായുടെ മരണം ഉയർത്തിയേക്കാവുന്ന ജനരോഷം ഭയന്ന് മരണവിവരം ബ്രിട്ടീഷുകാർ പുറത്തു വിട്ടില്ല.
ഒരു വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചു..അപ്പോഴേക്കും ഒരു മരുമകൾ മാനസിക സമ്മർദ്ദങ്ങളെത്തുടർന്ന് അസുഖ ബാധിതയും അന്ധയുമായി മാറിയിരുന്നു.ഷായുടെ ഭാര്യയാകട്ടെ മയക്കുമരുന്നിനടിമയായി.അവർ 1886 ൽ .മരിച്ചു .ഭാര്യയേയും ഷായുടെ ശവകുടീരത്തിനടുത്തു തന്നെ മറവു ചെയ്തു.

സ്മാരകത്തിന്റെ പിറവി

1903 ൽ ഇന്ത്യയിൽ നിന്നുള്ള ഒരു സംഘം യാത്രികർ ബർമയിലെത്തി ബഹദൂർ ഷായുടെ ശവകുടീരം അന്വേഷിച്ചതോടെയാണ് വീണ്ടും സുൽത്താൻ ശ്രദ്ധാകേന്ദ്രമായത് ..അവർ ഏറെ ശ്രമപ്പെട്ട് ബ്രിട്ടീഷുകാർ ‘ഒളിപ്പിച്ചു വെച്ച’ ഷായുടെ കബറിടം കണ്ടുപിടിച്ചു. കാടുപിടിച്ച അവസ്ഥയിലായിരുന്ന ആ സ്ഥലത്ത് അവർ സമ്മർദ്ദം ചെലുത്തി ബ്രിട്ടീഷുകാരെക്കൊണ്ട് ഒരു ബോർഡ് വെയ്പ്പിച്ചു. (അക്കാലത്ത് ബർമയും ബ്രിട്ടീഷ് ഭരണത്തിലായിരുന്നു).അവർ മനസില്ലാമനസോടെ ഇങ്ങനെ ഒരു കുഞ്ഞു ബോർഡാണ് സ്ഥാപിച്ചത് : BAHADUR SHA SAFAR,THE EX KING OF DELHI DIED AT RANGOON ON NOV 17TH 1862 AND WAS BURRIED NEAR THIS SPOT’.

വീണ്ടും 90 വർഷത്തോളം ഷായുടെ ഖബർ വിസ്‌മൃതിയിൽ കഴിഞ്ഞു. 1991 ൽ ചില തൊഴിലാളികൾ കെട്ടിട നിർമാണത്തിനായി ഒരു പറമ്പിൽ കുഴിയെടുക്കുമ്പോൾ പെട്ടെന്ന് ഒരു ശവക്കല്ലറ കണ്ടെത്തി.ഇഷ്ടികയിൽ തീർത്ത ആ കല്ലറയിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു;’മുഗൾ സുൽത്താനായ ബഹദൂർ ഷാ സഫറിനെ ഇതിനുള്ളിൽ കബറടക്കിയിരിയ്ക്കുന്നു .’
അപ്പോഴാണ് ,ഇത്രകാലവും ബ്രിട്ടീഷുകാർ മറ്റൊരു ശവക്കല്ലറ കാട്ടി പറ്റിക്കുകയായിരുന്നെന്നു നാട്ടുകാർക്ക് ബോധ്യമായത്!
ഏതായാലും അതോടെ ചക്രവർത്തിയുടെ കബറിന് ശാപമോക്ഷമായി.’ബഹാദൂർ ഷാ സഫർ മുസോളിയം കമ്മറ്റി’ രൂപീകരിച്ച് ഇന്ത്യയുടെ ധനസഹായത്തോടെ കബറിടം ഭംഗിയാക്കി,പള്ളിയും പണിതു.1994 ൽ പണിത ആ കബറിടത്തിലാണ് ഞാനിപ്പോൾ നിൽക്കുന്നത്.
ഇപ്പോൾ ഒരു ദൈവദൂതന്റെ പരിവേഷമാണ് ബഹാദൂർ ഷായ്ക്ക് മ്യാൻമറിലുള്ളത്.അന്നാട്ടിലെ മുസ്ലിങ്ങൾക്ക് ദൈവസമാനനാണ് നമ്മുടെ ചക്രവർത്തി.

മൻമോഹൻസിങ് ഷായുടെ കബറിടത്തിൽ

രാജീവ് ഗാന്ധിയും മൻമോഹൻസിങ്ങും നരേന്ദ്ര മോദിയും ഷായുടെ കബറിടം സന്ദർശിച്ചിട്ടുണ്ട് .കൂടാതെ ഷായുടെ കബറിടത്തിൽ ചെന്നു പ്രാർത്ഥിച്ചിട്ടാണ് നേതാജി സുഭാഷ് ചന്ദ്രബോസ്‌ തന്റെ പ്രഖ്യാതമായ ‘ഡൽഹി ചലോ ‘ പ്രക്ഷോഭം ആരംഭിച്ചതെന്നും പഴമക്കാർ പറയുന്നു.

 

ധന്യസ്മരണയിൽ സാഭിമാനം

നിശബ്ദത തളം കെട്ടി നിൽക്കുന്ന കബറിടത്തിൽ തൊഴുതു പ്രാർഥിച്ചു നിൽക്കുമ്പോൾ മനസ് നിറഞ്ഞു.ഇന്ത്യയുടെ വീരപുത്രന് തൊഴുകൈ കൊണ്ടെങ്കിലും തിലോദകം ചാർത്താൻ കഴിഞ്ഞല്ലോ!
തിരിച്ചിറങ്ങുമ്പോൾ സന്ദർശക പുസ്തകം മറിച്ചു നോക്കി.കണ്ണുടക്കിയത് രാജീവ് ഗാന്ധിയുടെ കൈപ്പടയിലാണ്.’അങ്ങേയ്ക്ക് തലചായ്ക്കാൻ സ്ഥലം തരാൻ ഞങ്ങൾക്ക് (ഇന്ത്യയ്ക്ക്) കഴിഞ്ഞില്ല.എന്നാലും അങ്ങ് ഇവിടെ,ഞങ്ങളുടെ തൊട്ടടുത്ത് തന്നെ ഉണ്ടല്ലോ.അങ്ങയുടെ നാമം അനശ്വരമാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമായി രക്തസാക്ഷിയായ അങ്ങയുടെ ഓർമയ്ക്ക് മുന്നിൽ ഞാൻ തലകുനിയ്ക്കട്ടെ..’

നരേന്ദ്ര മോദി ഷായുടെ കബറിടത്തിൽ

എന്തെന്നില്ലാത്ത മനസ്താപത്തോടു കൂടിയാണ് ഞങ്ങൾ കബറിടത്തിന്റെ പടിയിറങ്ങിയത്.വേണ്ടപ്പെട്ട ആരെയോ മറുനാട്ടിൽ ഒറ്റയ്ക്കാക്കി പോരുന്ന വേദനയാണ് മനസിലെന്നു ഞാൻ തിരിച്ചറിഞ്ഞു…

(ബൈജു എൻ നായർ – പ്രമുഖ സഞ്ചാരിയും ഓട്ടോമൊബൈൽ ജേർണലിസ്റ്റുമാണ് )