Special

ലങ്ക വരുന്നു ; രഹസ്യമായല്ല, ‘പരസ്യ’മായി

ശ്രീലങ്കൻ ടൂറിസത്തിന് അത്ര നല്ല വർഷമായിരുന്നില്ല 2017 . കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളിൽ കുറെ ലങ്ക തട്ടിയെടുത്തെങ്കിലും സന്ദർശകരുടെ എണ്ണത്തിൽ അവർക്കത്ര ആശ്വസിക്കാവുന്ന വർഷമല്ല കടന്നു പോയത് .

പുതുവർഷത്തിന് മോടി കൂട്ടാൻ ലങ്കൻ ടൂറിസം വൻ പരസ്യത്തിന് ഒരുങ്ങുകയാണ് . പരമ്പരാഗത രീതി വിട്ട് ഓൺലൈൻ / ഡിജിറ്റൽ പരസ്യങ്ങളുമായാണ് ശ്രീലങ്കൻ ടൂറിസത്തിന്റെ വരവ്. ജനുവരിയിൽ തന്നെ ഇതിന് തുടക്കമിടുമെന്ന് ശ്രീലങ്ക ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്.

Courtesy Sri Lanka Tourism

മിന്നൽ പ്രളയവും ഡെങ്കിപ്പനി പടരലും അടിയന്തര അറ്റകുറ്റപ്പണിക്ക് 3 മാസം രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതുമാണ് 2017ൽ ശ്രീലങ്കക്ക് തിരിച്ചടിയായത്.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സഞ്ചാരികളെ പ്രധാനമായും ലക്ഷ്യമിട് കൊളംബോയെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. ബാങ്കോക്കും കുലാലംപൂരുമാണ് ഇക്കാര്യത്തിൽ ശ്രീലങ്കക്ക് മാതൃക.

Courtesy Sri Lanka Tourism

കൊളംബോയിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ലങ്കൻ ടൂറിസം പലതും മനസിൽ കണ്ടിട്ടുണ്ട്. കൊളംബോയെ ദക്ഷിണേഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കുകയാണ് പ്രധാനം. തെക്കനേഷ്യൻ രാജ്യങ്ങളുടെ സംസ്കാരം, ഭക്ഷണം, കല, സംഗീതം എന്നിവ ഇഴുകിച്ചേർന്ന കൊളംബോയാണ് അതിലൊന്ന്. രാജ്യാന്തര ഷോപ്പിംഗ് മേളകൾ സംഘടിപ്പിക്കുക, വൻകിട മാളുകൾ സ്ഥാപിക്കുക എന്നിവയൊക്കെ പദ്ധതിയിലുണ്ട്. മാളുകൾ സ്ഥാപിക്കുന്നവരിൽ ലുലു ഗ്രൂപ്പുമുണ്ട്.

പ്രതീക്ഷകൾ – പ്രഖ്യാപനങ്ങൾ

Courtesy Sri Lanka Tourism

➡ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്ഥിരം വേദിയില്ലാത്തത് ശ്രീലങ്കയുടെ തലവേദനയായിരുന്നു. ശ്രീലങ്കയിലെ ആദ്യ പെർഫോമൻസ് ആർട്സ് സെൻറർ ദിയാവന്ന ഓയയുടെ തീരത്ത് ഉടൻ തുറക്കും. മികച്ച നിലവാരത്തിലാണ് ശ്രീ ധരണി പെർഫോമൻസ് സെന്ററിന്റെ നിർമാണം.

➡ നീണ്ട 24 വർഷങ്ങൾക്കു ശേഷം മെൽബണിൽ നിന്ന് കൊളംബോയിലേക്ക് വിമാന സർവീസ് തുടങ്ങുന്നു. 1993 നു ശേഷം ആദ്യം . ലക്ഷ്യം ഓസ്ട്രേലിയൻ വിനോദ സഞ്ചാരികൾ.

➡ ദുബായ് , സിംഗപ്പൂർ ഷോപ്പിംഗ് ഫെസ്റ്റിവലുകൾക്ക് വെല്ലുവിളിയാകാൻ കൊളംബോ ഷോപ്പിംഗ് ഫെസ്റ്റിവൽ . ഒക്ടോബർ 1 മുതൽ നവംബർ 5 വരെയായിരുന്നു ആദ്യ ഷോപ്പിംഗ് ഉത്സവം .ദുബായ്, സിംഗപ്പൂർ മേളകളെ 5 വർഷം കൊണ്ട് പിന്നിലാക്കുമെന്നാണ് ശ്രീലങ്കയുടെ അവകാശവാദം.

➡ സ്പോർട്സ് ടൂറിസത്തിലും കണ്ണുനട്ട് ശ്രീലങ്ക . നിരവധി കായിക മത്സരങ്ങൾ സംഘടിപ്പിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്ന പ്രഖ്യാപനം ശ്രീലങ്ക നടത്തിക്കഴിഞ്ഞു.

പോയവർഷത്തിന്റെ നഷ്ടം

Courtesy Sri Lanka Tourism

ചൈന, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലാണ് പോയവർഷം കുറവു വന്നത്.
ചൈനയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 2016 ന്റെ ആദ്യ ഒമ്പതു മാസം കുറവു വന്നത് 2.1% . ഇക്കാലയളവിൽ 2,08,635 സഞ്ചാരികൾ ചൈനയിൽ നിന്നെത്തിയപ്പോൾ തൊട്ടു മുൻ വർഷം ഇതേ കാലയളവിലെ എണ്ണം 2,13,103 ആയിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് 2016ൽ ആദ്യ ഒമ്പതു മാസം 88 ,104 പേരെത്തിയപ്പോൾ 2017ൽ ഇതേ കാലയളവിൽ ഇത് 79, 190 ആയി കുറഞ്ഞു.

ഏതായാലും 2018 പ്രതീക്ഷ നൽകുന്നതെന്നാണ് ശ്രീലങ്കൻ വിനോദ സഞ്ചാര രംഗത്തുള്ളവർ പറയുന്നത് .