America

കണ്ടുപിടുത്തങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

പല സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. എന്നാൽ കണ്ടുപിടുത്തങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത്നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെഴ്സിയിലെ തോമസ്‌ ആൽവാ എഡിസന്‍റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്‍റെ ജീവിതത്തെ കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും മതിയാകില്ല. 1847ൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ മിടുക്കനല്ലാത്തത് കൊണ്ട് അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച കഥകൾ എല്ലാവരും കേട്ടിരിക്കും. വീടായിരുന്നു എഡിസന്‍റെ ആദ്യ ലാബ്‌. പരീക്ഷണങ്ങള്‍ക്ക് പൈസ കണ്ടു പിടിക്കാനാണ് ഗ്രാൻഡ്‌ ട്രങ്ക് റെയിൽവെയിൽ പത്ര വിതരണം നടത്തിയത്. ട്രെയിന്‍റെ ഒഴിഞ്ഞ കംപാർട്ട്‌മെന്‍റില്‍ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്ററായി ജോലി ചെയ്തു.

കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന സമയമായിരുന്നു 19ആം നൂറ്റാണ്ടിന്‍റെ അവസാനം. ശാസ്ത്രത്തിലും കണ്ടുപിടുത്തങ്ങളിലും അതീവ താല്‍പ്പര്യമുള്ള എഡിസൺ പക്ഷെ, മൌലികമായ കണ്ടു പിടുത്തങ്ങളെക്കാൾ കണ്ടുപിടിച്ച കാര്യങ്ങൾ മനുഷ്യർക്ക്‌ ഉപയോഗപ്രദമാവുന്നത് എങ്ങിനെ എന്നായിരുന്നു പ്രധാനമായും ചിന്തിച്ചത്. 1876ൽ ന്യൂ ജെർസിയിലെ മെൻലോ പാർക്ക് എന്ന സ്ഥലത്ത് ആദ്യത്തെ വലിയ ലാബ്‌ അദ്ദേഹം സ്ഥാപിച്ചു. ലോകത്തെ മാറ്റി മറിച്ച കണ്ടുപിടുത്തങ്ങളാണ് ഇവിടെനിന്ന് പുറത്തിറങ്ങിയത്. 1877ൽ ഈ ലാബിലാണ് ഫോണോ ഗ്രാഫ് കണ്ടുപിടിക്കുന്നത്‌. ഈ ലാബിൽ ഇപ്പോഴും നമുക്ക് നിര്‍മിക്കാവുന്ന ചില മോഡെലുകൾ കാണാം. കോളാമ്പിയുടെ അകത്തു തുണി തിരുകിക്കയറ്റി വെച്ചായിരുന്നു ഒച്ച കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നത്. ഈ കണ്ടുപിടുത്തങ്ങൾ കൊണ്ട് മെൻലോ പാർക്ക് പ്രശസ്തമാവുകയും എഡിസൺ മെൻലോ പാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെടുകയും ചെയ്തു. എഡിസൺ കണ്ടുപിടിച്ച ലൈറ്റ് ബൾബ്‌ കൂടുതൽ നാൾ നില്‍ക്കുന്നതായിരുന്നു. അതിനു വേണ്ട വൈദുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജെനറേറ്ററും ഇവിടെ നിര്‍മിച്ചു.

ഈ സ്ഥലത്ത് ഒരുമുറി ലാബും ഒരു വലിയ ലൈറ്റ് ബൾബ് ടവറും ഇപ്പോഴുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ബൾബ്‌ ഈ ടവെറിന്‍റെ മുകളിലാണ്. ലാബ്‌ ചെറിയ മുറിയാണെങ്കിലും ലൈറ്റ് ബൾബ്‌ കണ്ടുപിടിക്കാൻ അദേഹം നടത്തിയ കഷ്ടപടുകളുടെ അടയാളങ്ങൾ അവിടെയുണ്ട്. 3000ൽ കൂടുതൽ മുളകൊണ്ടുള്ള തണ്ടുകൾ കരിച്ചാണ് ബൾബിന്‍റെ ഫിലമെന്‍റ് കണ്ടുപിടിക്കാൻ ശ്രമം നടത്തിയത്. അനേകം ബൾബ്‌ മാതൃകകൾ ഈ ലാബിൽ കാണാം. ഈ ലാബ് സ്ഥിതി ചെയ്യുന്നത് ക്രിസ്റ്റീ സ്റ്റ്രീറ്റിലാണ്. ലൈറ്റ് ബൾബ്‌ ഉപയോഗിച്ച് ആദ്യമായി വെളിച്ചം നല്‍കിയ റോഡാണിത്. 1954ൽ ഈ നഗരം എഡിസൺ എന്ന് നാമകരണം ചെയ്യപ്പെട്ടു. കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ മാത്രമല്ല നന്നായി മാർക്കറ്റ്‌ ചെയ്യാനും അറിയാവുന്ന ആളായിരുന്നു എഡിസൺ. ഇതിൽ നിന്നെല്ലാം കിട്ടിയ പണം കൊണ്ട് വെസ്റ്റ് ഓറഞ്ച് എന്ന സ്ഥലത്ത് വലിയ ഫാക്ടറി തുടങ്ങി. കണ്ടുപിടുത്തങ്ങൾ നിര്‍മിക്കുന്ന ഫാക്ടറിയായിരുന്നു അത്. സിനിമ നിർമിക്കുന്ന 1893ൽ ഇവിടെയാണ്‌ ബ്ലാക്ക്‌ മാരിയ എന്ന ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ നിര്‍മിച്ചത്. സൂര്യപ്രകാശം കിട്ടാനായി 360 ഡിഗ്രി തിരിക്കാവുന്ന പ്ലാറ്റ്ഫൊമിലാണ് ഈ സ്റ്റുഡിയോ.

സിമന്‍റ് മുതൽ കൃത്രിമ റബർ വരെ ഈ ഫാക്ടറിയില്‍ നിർമിക്കപ്പെടുകയോ പരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്തു. 1931 ഇൽ മരിക്കുന്നതിന്‍റെ തലേന്ന് കൃതൃമ റബർ ഉണ്ടാക്കാന്‍ മേശപ്പുറത്ത്‌ വച്ച ഇറക്കുമതി ചെയ്ത ഏതോ ചെടി ഇപ്പോഴും അവിടെ കാണാം. കെമിസ്ട്രി ലാബിൽ ഇപ്പോഴും രാസ വസ്തുക്കളുടെ മണം നില നിൽക്കുന്നു. അനേകം ലെയ്ത് മെഷീനുകൾ, എഡിസനു മാത്രം പോകാനുള്ള ലിഫ്റ്റ്‌ എല്ലാം ഇവിടെയുണ്ട്. ഇതിന്‍റെ\ മുമ്പിൽ വൈദ്യുതി കൊണ്ട് ഓടിക്കാവുന്ന എഡിസൺ കണ്ടുപിടിച്ച ട്രെയിൻ ഇപ്പോഴും കാണാം. മരിക്കുന്നതിനു മാസങ്ങൾക്ക് മുമ്പാണ് ഹൊബൊക്കനിൽ നിന്ന് തുടങ്ങുന്ന ഇലക്ട്രിക്‌ ട്രെയിൻ സർവീസ് എഡിസനും ഉറ്റ സുഹൃത്ത്‌ ഹെന്രി ഫോർഡും തുടങ്ങിയത്.

എഡിസൺ താമസിച്ചിരുന്ന വീട് ഇതിനടുത്താണ്. വീടും ഗാരേജും അതെപോലെ നിലനിര്‍ത്തിയിരിക്കുന്നു. സ്വന്തമായി വൈദ്യുതനിലയം എഡിസനുണ്ടായിരുന്നു. പറഞ്ഞാൽ തീരാത്തത്ര കണ്ടുപിടുത്തങ്ങൾ എഡിസന്‍റെ പേരിൽ ഉണ്ടെങ്കിലും അദ്ദേഹം കണ്ടുപിടിക്കാത്തവയുടെ കൂമ്പാരം ഈ ലാബുകളിൽ കാണാം. എഡിസൺ പറഞ്ഞ പോലെ പ്രതിഭ ഒരു ശതമാനം പ്രചോദനവും, 99 ശതമാനം വിയർപ്പൊഴുക്കലുമാണ്. ഈ ലാബുകൾ അതിന്‍റെ സാക്ഷ്യ പത്രങ്ങളാണ്.