കേരളത്തില്‍ ശൈത്യകാലത്ത് കണ്ടിരിക്കേണ്ട 10 ഇടങ്ങള്‍
മൂന്നാര്‍ ഹില്‍ സ്‌റ്റേഷന്‍
തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.
ഇരവികുളം ദേശീയോദ്യാനം
മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്
ആനമുടി
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളില്‍ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്ക് ഭാഗത്തായാണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്. വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകള്‍ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടുന്ന പ്രദേശത്താണ് ആനമുടി.
ടാറ്റ തേയില മ്യൂസിയം
ഉയരങ്ങളില്‍ ചായക്ക് രുചി കൂടാന്‍ എത്തുന്ന തേയില നിര്‍മ്മാണത്തെ കുറിച്ച് സഞ്ചാരികള്‍ക്ക് വര്‍ണ്ണിച്ച് നല്‍കാന്‍ മൂന്നാറില്‍ ടാറ്റ കമ്പനി ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ടാറ്റയുടെ പായ്ക്കിംഗ് മൂന്നാര്‍ നഗരത്തില്‍ നിന്ന് അധികം ദൂരമില്ലാത്ത നല്ലുത്താണി ടീ എസ്റ്റേറ്റില്‍ ആണ് ടാറ്റയുടെ കീഴില്‍ ഉള്ള ഈ ടീ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
ചായപ്പൊടി ഉണ്ടാക്കുന്ന മെഷിനറികള്‍, മൂന്നാറില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചതു മുതലുള്ള രേഖകളും അപൂര്‍വ ഫോട്ടോകള്‍, ചായയെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഡിസ്പ്ലേകള്‍ എന്നിവയാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകതകള്‍. 1929ല്‍ മൂന്നാറിനെയും ടോപ് സ്റേഷനെയും ബന്ധിപ്പിച്ചിരുന്ന തീവണ്ടി സര്‍വീസിലെ റെയില്‍ എഞ്ചിന്റെ ഭാഗങ്ങള്‍, പഴയ മരുന്ന് തളി ഉപകരണം, 1924ലെ പൊടിയ്ക്കല്‍ യന്ത്രം എന്നിവയും കാണാം.
ആലപ്പുഴ കായല്‍
കേരളത്തിലെ ഏറ്റവും പ്രമുഖമായ കായല്‍ ടൂറിസം കേന്ദ്രമാണ് ആലപ്പുഴ. ഹൗസ്ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, നാടന്‍ വള്ളങ്ങള്‍ എന്നിവയില്‍ കായല്‍ സഞ്ചാരം നടത്താന്‍ കഴിയുന്ന ആലപ്പുഴ ടൂറിസ്റ്റുകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.
ഒരു ജലാശയത്തിന്റെ ശബ്ദങ്ങളിലും കാഴ്ചകളിലും മുഴുകി അല്‍പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഒരു ചെറു നാടന്‍ വള്ളത്തില്‍ കയറി ആലപ്പുഴയിലെ കെട്ടുപിണഞ്ഞു കിടക്കുന്ന കനാലുകളിലൂടെ സഞ്ചരിക്കാം. ഈ അല്പസമയ ജലസഞ്ചാരത്തിനിടെ കരയിലെയും വെള്ളത്തിലെയും ദൈനംദിന ജീവിതം അടുത്തറിയുകയും ചെയ്യാം.
വാഗമണ്‍ ഹില്‍ സ്‌റ്റേഷന്‍
കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണല്‍ ജിയോഗ്രഫി ട്രാവലര്‍ ഉള്‍പ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്ന്. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന മലകളും. കിഴുക്കാം തൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞതും കൊടുംവളവുകളുള്ളതുമായ റോഡിലൂടെയാണ് യാത്ര. പശ്ചിമഘട്ടത്തിന്റെ അതിരില്‍ സമുദ്രനിരപ്പില്‍നിന്ന് ആയിരത്തി ഒരുന്നൂറു മീറ്റര്‍ (മൂവായിരം അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത് പകല്‍ച്ചൂട് പത്തുമുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാകാറുണ്ട്. കേരളത്തിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് ഈ ഹില്‍സ്റ്റേഷന്‍ അറിയപ്പെടുന്നത്.
കൊച്ചി
അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചി അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നാണ് കൊച്ചിയിലുള്ളത്. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യപാരത്തിന്റെ കേന്ദ്രബിന്ദുവായി കൊച്ചി വാണിരുന്നു. വില്ലിങ്ങ്ടണ്‍ ദ്വീപ്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം, കുംബളങ്ങി, ചുറ്റുമുള്ള മറ്റനേകം ദ്വീപുകളും ഉല്‍പ്പെട്ടതാണു ഇന്നത്തെ കൊച്ചി.
കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തില്‍ നിന്നും, റോഡ് മാര്‍ഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാര്‍ഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോര്‍ട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്.
വയനാട്
ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍.
നെല്ലിയാമ്പതി
പാലക്കാട് ജില്ലാ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങള്‍ക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുല്‍മേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പില്‍നിന്ന് 1585.08 മീറ്റര്‍ ഉയരത്തിലാണ്. ജനുവരി മുതല്‍ മെയ് വരെ പകല്‍ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.
ഇടുക്കി ഹില്‍ സ്റ്റേഷന്‍
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമണ്‍ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തല യുയര്‍ത്തിനില്ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ദൈവത്തിന്റെ ഈ സ്വന്തം ജില്ലയുടെ മനോഹാരിത യ്ക്ക് മാറ്റ് കൂട്ടുന്നു. ചേര വംശജരുടെയും … ട്രെക്കിംങ് ഇഷ്ടപ്പെടുന്ന ഒരു സാഹസപ്രിയനാണ് നിങ്ങളെങ്കില്‍ കാല്‍വരി മൌണ്ട്, കുളമാവ്, പാല്‍ക്കുളമേട്, നെടുങ്കണ്ടം ഹില്‍ എന്നീ മലഞ്ചെരിവുകളും വനപാതകളും സന്ദര്‍ശിക്കാന്‍ മറക്കരുത്.
പൂവാര്‍
തിരയും തീരവും കൈകോര്‍ക്കുന്ന കേരളത്തിന്റെ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തുളള സ്ഥലമാണ് പൂവാര്‍. പൂവാറില്‍ നിന്നും വളരെ കുറച്ച് കിലോമീറ്റര്‍ കൂടി യാത്ര ചെയ്താല്‍ തമിഴ്‌നാട് സംസ്ഥാനമായി. കൃത്യമായി പറഞ്ഞാല്‍ 5 കിലോമീറ്റര്‍ കഴിഞ്ഞാല്‍ പൊഴിയൂരായി. വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കുന്നതിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പൂവാര്‍, തിരുവനന്തപുരം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് നയനമനോഹരമായ കാഴ്ച സംഭാവന ചെയ്യുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമാണ് പൂവാര്‍ ഗ്രാമത്തിലേക്ക്. പൂവാറില്‍നിന്നും നേമം റെയില്‍വേ സ്റ്റേഷനിലേക്ക് 20 കിലോമീറ്റര്‍ ദൂരവും, നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലേക്ക് 10 കിലോമീറ്റര്‍ ദൂരവുമാണ് ഉള്ളത്. വിഴിഞ്ഞം ഹാര്‍ബറാണ് പൂവാര്‍ ഗ്രാമത്തിനു സമീപമുള്ള ഹാര്‍ബര്‍. 14 കിലോമീറ്റര്‍ ദൂരമാണ് പൂവാര്‍ ഗ്രാമത്തില്‍നിന്നും വിഴിഞ്ഞം ഗ്രാമത്തിലേക്ക്. ഏറ്റവും അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം – 18 കിലോമീറ്റര്‍ അകലെ.
കുമരകം
കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വര്‍ഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000ലധികം സ്വദേശി സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു.
ചെറായി ബീച്ച്
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള ചെറായി ബീച്ചില്‍ കുളിക്കാനെത്തുന്നവര്‍ക്ക് അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. തെങ്ങും നെല്‍പാടങ്ങളുമുള്ള ചെറായി കേരളത്തിന്റെ കേരളത്തിന്റെ തനതുഭംഗി നല്‍കുന്നു. കടല്‍മാര്‍ഗവും റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഇവിടെയെത്താം. ടൂറിസ്റ്റുകള്‍ക്കായി കടല്‍വിഭവങ്ങള്‍ വിളമ്പുന്ന നിരവധി ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഒപ്പം മികച്ച താമസസൗകര്യവും ചെറായില്‍ ലഭ്യമാണ്.