മലബാറിലെ ഊട്ടി-കക്കയം ഡാം
കോഴിക്കോട് നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു.
പശ്ചിമഘട്ടത്തിലെ നിബിഢ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്. സംസ്ഥാന വനം വകുപ്പിന്റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ മറ്റൊരു പ്രധാന കാഴ്ച. ഫാമിലി ടൂറിനും സാഹസിക യാത്രകള്‍ക്കും പറ്റിയ കക്കയത്തേക്ക് കോഴിക്കോട് നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സിലും അല്ലെങ്കില്‍ ടാക്സി പിടിച്ചും ഇവിടെയെത്താം. കക്കയം ടൗണില്‍നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താന്‍. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഉരള്‍ക്കുഴിയുള്ളത്.
680 ഇനം സപുഷ്പികളും 39 ജാതി പുല്ലുകളും 22 ജാതി ഓര്‍ക്കിഡുകളും 28 ജാതി പന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കടുവ, പുലി, കാട്ടുപോത്ത്, പല ജാതി കുരങ്ങുകള്‍ മലമാന്‍, കേഴമാന്, കാട്ടുനായ, കരടി, ചെങ്കീരി, കാട്ടുപന്നി, മുള്ളന്‍പന്നി, പശ്ചിമഘട്ടത്തില്‍ മാത്രം ജീവിക്കുന്ന ഈഞ്ച അണ്ണാന് ഉള്‍പ്പെടെയുള്ള അണ്ണാനുകള്‍ തുടങ്ങി പല വന്യജീവികളുടെയും സാന്നിധ്യത്താല്‍ ആകര്ഷകമാണ്ഇവിടെ. പശ്ചിമ ഘട്ടത്തില്‍മാത്രം കാണപ്പെടുന്ന നീലഗിരി ചിലപ്പന്‍, ചെഞ്ചിലപ്പന്‍, കോഴിവേഴാമ്പല്‍, മരപ്രാവ്, നീലക്കിളി, പാറ്റ പിടിയന്‍ എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 180ലധികം ജാതി പക്ഷികളെ ഇവിടെ കണ്ടെത്തി. ധാരാളം ഉഭയ ജീവികളും ഉരഗങ്ങളും ഇവിടെയുണ്ട്. റീഡ് ഫ്രോഗ് എന്നു വിളിക്കുന്ന തവള ഇന്ത്യയില്‍ ഇവിടെ മാത്രമേ ഉള്ളൂ എന്നതാണ് പുതിയ കണ്ടെത്തല്‍.