ടൂറിസം വികസനത്തിനുള്ള തടസങ്ങൾ നീക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്തു
തിരുവനന്തപുരം: ടൂറിസം വികസനത്തിന് തടസങ്ങളുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തിരുവനന്തപുരത്ത് സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള ടൂറിസം സംസ്കാരം വളർത്തിയെടുക്കും. കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതിന് ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം രംഗം ഇനിയും അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാ സാധ്യതകളും സംസ്ഥാനം പ്രയോജനപ്പെടുത്തും . ടൂറിസം രംഗത്ത് സംസ്ഥാനത്തിന് ഇനിയും മുന്നേറാൻ സാധ്യതകൾ ഉണ്ട്.. ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണം. നമ്മുടെ നാടിന്റെ സാംസ്കാരികമായ വളർച്ച ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. അതിനായി സർക്കാരും സംരംഭകരും നാട്ടുകാരുടെ പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ടൂറിസം വകുപ്പിന്റെ പുതുക്കിയ വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ടൂറിസം നയത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം രംഗത്തെ സംരംഭകരുടെ പങ്കാളിത്തം ടൂറിസം വികസനത്തിന് അനിവാര്യമാണ്. ഓഖി ദുരന്തബാധിതരെ സഹായിക്കാൻ ടൂറിസം മേഖലയിലുള്ളവരുടെ സഹായവും മന്ത്രി അഭ്യർത്ഥിച്ചു.
അട്ടോയ് പ്രസിഡന്റ് പി കെ അനീഷ് കുമാർ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ എം നജീബ് , കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു , കെടിഡിസി എംഡി രാഹുൽ ആർ നായർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവർ സംസാരിച്ചു.
ഇവർ സംസ്ഥാന ടൂറിസം അവാർഡ് ജേതാക്കൾ
- കേരളത്തിലേയ്ക്കുള്ള മികച്ച ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർ – ഇന്റർ സൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് , കൊച്ചി
- കേരളത്തിലെ മികച്ച 3 സ്റ്റാർ ഹോട്ടൽ – എസ്‌ചുറി ഐലൻഡ് , തിരുവനന്തപുരം (പ്രത്യേക പരാമർശം)
- കേരളത്തിലെ മികച്ച 4 സ്റ്റാർ ഹോട്ടൽ – സ്‌പൈസ് വില്ലേജ്, തേക്കടി
- കേരളത്തിലെ മികച്ച 5 സ്റ്റാർ ഹോട്ടൽ – കൊച്ചി മാരിയട്ട് ഹോട്ടൽ, ഇടപ്പള്ളി
- കേരളത്തിലെ മികച്ച 5 സ്റ്റാർ ഡീലക്സ് ഹോട്ടൽ – ദ ലീല റാവിസ് കോവളം
- കേരളത്തിലെ മികച്ച ഹെറിറ്റേജ് ഹോട്ടൽ – കോക്കനട്ട് ലഗൂൺ, കുമരകം, (വിശിഷ്ട പരാമർശം)
- കേരളത്തിലെ മികച്ച അംഗീകൃത ക്ലസ്സിഫൈഡ് ആയുർവേദിക് കേന്ദ്രം – സോമതീരം റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് ആയുർവേദ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് , ചൊവ്വര
- കേരളത്തിലെ മികച്ച അംഗീകൃത ക്ലസ്സിഫൈഡ് ഹോംസ്റ്റേ – റോസ് ഗാർഡൻസ് ഇക്കോ ഫ്രണ്ട്‌ലി ഹോം സ്റ്റേ , മൂന്നാർ
- കേരളത്തിലെ മികച്ച അംഗീകൃത ക്ലസ്സിഫൈഡ് സർവീസ്ഡ് വില്ല – ടീക് ടൗൺ, മലപ്പുറം (വിശിഷ്ട പരാമർശം)
- കേരളത്തിലെ മികച്ച ഹോട്ടൽ മാനേജർ – രാജേഷ് നായർ, എഛ് ഐ ജി 50, പനമ്പള്ളി നഗർ
- കേരളത്തിലെ മികച്ച ടൂറിസം/ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റിയൂട്ട് – ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്
- ടൂറിസം സംബന്ധിച്ച മികച്ച പ്രിന്റ് മീഡിയ റിപ്പോർട്ട് – ജി . ജ്യോതിലാൽ, മാതൃഭൂമി യാത്ര
- ടൂറിസം മേഖലയിലെ മികച്ച ഫോട്ടോഗ്രാഫി – രാജൻ എം തോമസ്, മലയാള മനോരമ
- കേരളത്തിലെ മികച്ച ടൂറിസം പ്രസിദ്ധീകരണം – മനോരമ ട്രാവലർ
- ടൂറിസം മേഖലയിലെ മികച്ച നൂതന പദ്ധതി – മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ്
- ടൂറിസം മേഖലയിലെ മികച്ച വിവരസാങ്കേതിക ഉപയോഗം – സഞ്ചാരി ഫെസ്ബൂക്ക് കമ്മ്യൂണിറ്റി ( വിശിഷ്ട പരാമർശം)
- ഉത്തരവാദിത്ത ടൂറിസം രംഗത്തെ മികച്ച പ്രവർത്തനങ്ങൾ – ചാലൂക്യ ഗ്രേയ്‌സ്, തിരുവനന്തപുരം
- മികച്ച അഡ്വെഞ്ചർ ടൂറിസം ഓപ്പറേറ്റർ – കാലിപ്സോ അഡ്വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി
- മികച്ച ടൂറിസം ക്ലബ് – ദാറുൽ ഉലൂം വി എച് എസ് എസ്, എറണാകുളം
- മികച്ച ടുറിസം ക്ളബ് സ്റ്റുഡന്റ് കോഓർഡിനേറ്റർ – അയേന വർഗീസ്, സെയിന്റ് സേവിയേഴ്‌സ് കോളേജ് ഫോർ വിമൻ, ആലുവ
- മികച്ച ടൂറിസം പോലീസ് – വി ബി റഷീദ്
- മികച്ച ടൂറിസം ലൈഫ് ഗാർഡ് – പ്രേംജിത് ടി വി