യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര
നസീര്‍ ഹുസൈന് കിഴക്കേടത്ത്
പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിറിന്റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു.
അവിടേക്ക് പോകുന്നതിനു മുമ്പ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. കരടി ശല്യമുള്ള സ്ഥലമായതിനാല്‍ കരടികളെ എങ്ങനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ സ്ഥിരം ശല്യക്കാരാണ്. യാത്രികർ കളയുന്ന ഭക്ഷണമാണ് ഇതിനു കാരണം. അസാധാരണ ഘ്രാണശക്തിയുള്ള ഇവ വളരെ ദൂരെ നിന്നുതന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട് നമ്മുടെ കയ്യിലെ ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടാരത്തിന്റെ പുറത്തുസ്ഥാപിച്ച കരടിക്ക് തുറക്കാൻ പറ്റാത്ത പെട്ടിയിൽ നിക്ഷേപിക്കണം. നക്ഷത്ര നിരീക്ഷണ ശീലം ഉള്ളതിനാൽ വളരെ പെട്ടെന്ന് ആകാശഗംഗ ഞാൻ ശ്രദ്ധിച്ചു. പക്ഷെ ആകാശത്തിന്റെ പകുതി മാത്രമേ കണ്ടൊള്ളൂ. നേരം വെളുക്കുന്നതു വരെ അതിന്റെ ഗുട്ടൻസ് പിടി കിട്ടിയില്ല.
1899ല്‍ ഡേവിഡ് കറിയും മദർ കറി എന്ന ജെന്നി ഏറ്റ ഫോസ്റെറും തുടങ്ങിയ വില്ലേജാണിത്. ആയിരം ആളുകള്‍ക്ക് താമസിക്കാവുന്ന, സ്ഥിരം കൂടാരങ്ങളും, ഷെയർ ചെയ്ത് ഉപയോഗിക്കാവുന്ന ബാത്ത് റൂമും ഉൾപ്പെട്ട പ്രകൃതിയോട് ഇണങ്ങി നിർമിച്ചിരിക്കുന്ന സംവിധാനമാണിത്. കൂടാരത്തിനുള്ളിലെ ഉറക്കം പേടിച്ചായായിരുന്നു. കേൾക്കുന്ന എല്ലാ ശബ്ദവും കരടിയുടെതാണോ എന്ന് പേടിച്ച് ഉറങ്ങിപ്പോയത് എപ്പോഴാണെന്നറിഞ്ഞില്ല.
രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് തലേരാത്രി ആകാശം നേർ പകുതി മാത്രം കണ്ടതിന്റെ കാരണം പിടികിട്ടിയത്. ഞങ്ങളുടെ കൂടാരത്തിന്റെ തൊട്ടടുത്ത് പകുതി ആകാശവും മറച്ച് 5000 അടി ഉയരത്തിൽ നിൽക്കുകയാണ് ഹാഫ് ഡോം എന്ന കരിങ്കൽ മല. ഒരു താഴിക കുടത്തിന്റെ പകുതി മുറിച്ചു മാറ്റിയാലുള്ള ആകൃതിയാണിതിന്. അതുകൊണ്ടാണ് ഹാഫ് ഡോം എന്ന് വിളിക്കുന്നത്. ഇതിനു മുകളിൽ കയറുന്നത് സാഹസികമാണെങ്കിലും അമേരിക്കയിൽ ഹൈക്കിംഗ് ചെയ്യുന്നവർക്കിടയിൽ ഇത് വളരെ പ്രശസ്തമാണ്. 4800 അടി 12 മണിക്കൂർ കൊണ്ട് കയറിത്തീർക്കാം. അവസാനത്തെ 400 അടി ഒരു കേബിൾ വയറിൽ പിടിച്ച് മുകളിലേക്ക് ഒറ്റ കയറ്റമാണ്. വേനൽക്കാലത്താണ് ഈ ഹൈക് തുറക്കുന്നത്.
യോസമിറ്റി താഴ്വര ഗ്ലേസിയർ മഞ്ഞുമലകൾമൂലം ഉണ്ടായതാണ്. അഞ്ചു കോടി വര്‍ഷംകൊണ്ട് പ്രകൃതി ഒരുക്കിയ പ്രദേശമാണിത്. ഹാഫ് ഡോം ഒരത്ഭുതമാണെങ്കിൽ അതിലും വലിയ അത്ഭുതമാണ് എൽ കപ്പിത്താൻ. ഹാഫ് ഡോമിൽ നിന്ന് കുറച്ചകലെ മാറിയുള്ള കരിങ്കൽ മതിലാണിത്. ഉയരം 3000 അടി. എൽ കപ്പിത്താൻ മല കയറ്റത്തിനാണ് പ്രശസ്തം. ഇതിന്റെ കുത്തനെയുള്ള ഭാഗത്തുകൂടി ഫ്രീ ക്ലൈമ്പിംഗ് ആദ്യമായി ചെയ്തത് 2015ലാണ്. 19 ദിവസം എടുത്തു കുത്തനെയുള്ള കയറ്റത്തിൽ കെട്ടിയിട്ട കൂടാരത്തില്‍ താമസിച്ചു ചെയ്ത ഈ കയറ്റത്തിന്.
കാഴ്ചയുടെ തൃശൂർപ്പൂരമാണ് യൊസെമിറ്റിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഗ്ലേസിയറില്‍ നിന്നും നോക്കിയാല്‍ യൊസെമിറ്റി താഴ്വരയിലെ ഏതാണ്ട് എല്ലാ കാഴ്ചകളും കാണാം. ബ്രൈഡ് വെയിൽ വെള്ളച്ചാട്ടം, വെർനൽ വെള്ളച്ചാട്ടം തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും ഹോഴ്സ് ടെയിൽ വെള്ളച്ചാട്ടം സൂര്യാസ്തമയ സമയത്ത് മുകളിൽ നിന്ന് തീ വീഴുന്നപോലെ കാണുന്നത് മനോഹരം തന്നെ. 210 മൈൽ നീളമുള്ള ജോൺ മുയിർ ട്രെയിൽ യോസെമിറ്റിയിലൂടെ കടന്നുപോകുന്നു. അമേരിക്കയിലെ മറ്റു ട്രെക്കിംഗുകള്‍ ജോൺ മുയിർ ട്രെകിങ്ങിനുള്ള തയ്യാറെടുപ്പാണെന്നാണ് പറയുക. 8000 അടിക്കും 10000 അടിക്കും ഇടയിലൂടെയാണ് ഭൂരിഭാഗം യാത്രയും.
യ്യൊസമിറ്റി അടിവാരത്തിലാണ് മരിപോസ ഗ്രോവ് (സ്പാനിഷ് വാക്ക്: പൂമ്പാറ്റകളുടെ കൂട്ടം എന്നര്‍ത്ഥം). 2400 വർഷം പഴക്കമുള്ള ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ജയന്റ് സികോയ (Giant Sequoias) മരങ്ങളുടെ കൂട്ടമാണിത്. അസാധാരണ വലിപ്പംകൊണ്ടും ഇവ ശ്രദ്ധേയമാണ്.
ഒരു മരത്തിലൂടെ റോഡ് കടന്നു പോകുന്നു എന്ന് പറയുമ്പോള്‍ ഇതിന്റെ വലിപ്പം ഊഹിക്കാം. മരങ്ങളെ സംബന്ധിച്ച എന്റെ കാഴ്ച്ചപ്പാടിനെ മാറ്റിമറിച്ച ഒന്നായിരുന് ഗ്രോവ് സന്ദർശനം. മുഹമ്മദിനും ക്രിസ്തുവിനും മുമ്പ് ഇന്ത്യയിൽ ആദിമ വേദങ്ങൾ രചിക്കപ്പെടുന്ന കാലത്ത് മുളച്ച ഒരു വിത്ത് ഇന്നും ജീവിച്ചിരിക്കുന്നു എന്ന അത്ഭുത പ്രതിഭാസം. ഇവയുടെ കട്ടിയുള്ള തൊലിക്ക് കാട്ടുതീ യുടെ ചൂട് താങ്ങാൻ കഴിവുണ്ട്. കാട്ടുതീയുടെ ചൂട് കൊണ്ടാണ് ഇവയുടെ കായയുടെ തോട് പൊട്ടുന്നത്. കുറെ നാൾ കാട്ടുതീ തുടര്‍ന്നപ്പോള്‍ അഗ്നിശമന സേന തീ അണക്കാൻ ശ്രമിച്ചത് ഇവയുടെ പ്രജനനം ഏറെക്കുറെ അവസാനിച്ചു. ഇപ്പോൾ കൃത്രിമ നിയന്ത്രിത തീയുണ്ടാക്കി ഇവയുടെ പ്രജനനം സാധ്യമാക്കുന്നു.
ചില അനുഭവങ്ങൾ വിവരിക്കുമ്പോൾ ഭാഷാപരിമിതി പ്രധാന വെല്ലു വിളിയാണ്. ഇന്ത്യൻ തത്വശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരാശയം ചേതനവും അചേതനവും ആയതെല്ലാം കർമ ഫലങ്ങളുടെ അടിസ്ഥാനത്തിൽ പുനർജനിക്കും എന്നതാണ്. ഇവിടെയുള്ള ഓരോ പാറക്കൂട്ടത്തിലും, വെള്ളച്ചാട്ടത്തിലും, മരങ്ങളിലും, എന്റെ പൂർവികരെ കാണുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എല്ലാ യാത്രകളും പൂര്‍ത്തീകരിക്കുന്നത് മനസ്സിലാണല്ലോ!