Destinations

മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ

പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള  തിരിഞ്ഞുനടത്തമാണ്  ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം  കൂടിയാണിത്.

ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ  പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു.

“മനോഹരമാണെങ്കിലും  പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു.

എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക  മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ  തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷക്കായി വലിയ മുള്ളുകളുമുണ്ട്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരമാണ് മെലീഹയിലെ പച്ചക്കാഴ്ചകളിൽ പ്രധാനിയായ മറ്റൊന്ന്. വളരെ താഴ്ചയിലേക്ക് വേരുകളാഴ്ത്തി മരുഭൂമിയുടെ ഉള്ളറകളിൽ നിന്ന് ജലമൂറ്റിയാണ് ഈമരത്തിന്റെ നിലനിൽപ്പ്.

അറേബ്യൻ പ്രിംറോസ്, പോപ്കോൺ ചെടി എന്നീ ഇനങ്ങളും മെലീഹയിലുണ്ട്, മറ്റിടങ്ങളെക്കാൾ കൂടുതലായി. അതുകൊണ്ടു തന്നെ ‘പച്ചപ്പിന്റെ കണികയില്ലാത്തഊഷര മരുഭൂമി’ എന്ന സഞ്ചാരികളുടെ കാഴ്ചപ്പാട് മെലീഹയിലെത്തുമ്പോൾ മാറുമെന്നാണ്  തരിന്ദുവിന്റെ അഭിപ്രായം.

സസ്യങ്ങൾ മാത്രമല്ല, മരുഭൂ ജീവികളും മെലീഹയിൽ കാണാനാവും. അധോലോകങ്ങളിൽ’ ഒളിച്ചാണ് ഇവരും ചൂടിനെ അതിജീവിക്കുന്നത്. മണലിനടിയിലെ മാളങ്ങളും പാറക്കെട്ടുകളിലെ പൊത്തുകളുമാണ് ഇവരുടെ താവളങ്ങൾ. പകൽ വെയിലിൽ നിന്ന് സംരക്ഷിക്കുന്ന മണൽ മാളം, രാത്രി മരുഭൂമി തണുക്കുമ്പോൾ ചെറുചൂടും പകരുന്നു. പകൽ നേരംഇങ്ങനെ ഒളിക്കുന്ന  ഇക്കൂട്ടർ, രാത്രികാലങ്ങളിലാണ് ഇര തേടിയിറങ്ങുക. പല്ലി വർഗത്തിൽപ്പെട്ട ‘സാൻഡ് ഫിഷ്’, ‘സാൻഡ് ബോ’ എന്ന മരുപ്പാമ്പ്    എന്നിവയെല്ലാം ഇങ്ങനെ ആയുസിന്റെ ഒട്ടുമുക്കാലും മണലിനടിയിൽ കഴിയുന്ന ജീവികളാണ്. മണലിനടിയിലൂടെ നീന്തിയാണ് ഇരപിടുത്തം. മെലീഹയുടെ മണൽപ്പരപ്പിൽ ഇവയെ കാണാം.

“സ്പാനിഷ് ഫ്ലൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിൽ, കുക്കൂ വാസ്പ് എന്നിവയടക്കം ധാരാളം വ്യത്യസ്തമായ  ചെറുപ്രാണികളും മെലീഹ പ്രദേശത്തുണ്ട്. അലഞ്ഞു നടക്കുന്ന കഴുതകളെയുംഒട്ടകങ്ങളെയും ധാരാളമായി കാണാം. പ്രശസ്തമായ അറേബ്യൻ കാട്ടുകുറുക്കനും ഇവിടെയുണ്ട്. പക്ഷെ, അപൂർവമായേ കാണാനൊക്കൂ. ആരുമില്ലെന്ന് ഉറപ്പുവരുത്തിരാത്രികാലങ്ങളിലാണ് ഇവ തീറ്റ തേടിയിറങ്ങുക. ആരെയെങ്കിലും കണ്ടാൽ ഞൊടിയിട കൊണ്ട് അപ്രത്യക്ഷനാവുകയും ചെയ്യും,”  തരിന്ദു വിവരിച്ചു. മരുഭൂമിയിൽ വന്യ ജീവികളെയുംസസ്യങ്ങളെയും തേടിയുള്ള യാത്രക്ക് നല്ല ക്ഷമ വേണമെന്നാണ് തരിന്ദുവിന്റെ അഭിപ്രായം, കൂടെ ഭാഗ്യവും.

രാവിലെയുള്ള ട്രെക്കിങ്ങ്, രാത്രിയിൽ മരുഭൂമിയിൽ രാപ്പാർക്കുന്ന ക്യാമ്പ്, ജൈവ വൈവിധ്യം   പരിചയപ്പെടുത്തുന്ന വർക് ഷോപ്പുകൾ തുടങ്ങി പഠനവും കാഴ്ചകളും ഒന്നിക്കുന്നനിരവധി സൗകര്യങ്ങൾ മെലീഹ ആർക്കിയോളജി കേന്ദ്രത്തിലുണ്ട്. രാതിയിലെ വാനനിരീക്ഷണവും ആസ്ട്രോ ഫോട്ടോഗ്രഫിയുമാണ് മറ്റൊരു ആകർഷണം. ആകാശത്ത് അപൂർവകാഴ്ചകളൊരുങ്ങുന്ന ദിവസങ്ങളിൽ അത് നിരീക്ഷിക്കാനും കാമറയിൽ പകർത്താനും മെലീഹായിൽ പ്രേത്യേക സൗകര്യങ്ങൾ ഒരുക്കാറുണ്ട്. ഫോട്ടോഗ്രാഫിയും ട്രെക്കിങ്ങുംവാനനിരീക്ഷണവും ജൈവവൈവിധ്യവുമെല്ലാം പഠിക്കുന്ന, അതിൽ കൂടുതൽ ഗവേഷണം നടത്തുന്ന ആളുകൾ  വഴികാട്ടാനെത്തുന്നു എന്നതിനാൽ മെലീഹ വിനോദത്തിനുംസാഹസികതക്കുമൊപ്പം അറിവിന്റെ പുതിയ വാതായനങ്ങളും തുറന്നിടുന്നുണ്ട്.

ചിത്രങ്ങൾ /ഫോട്ടോ ക്രെഡിറ്റ് : അജ്മൽ ഹസ്സൻ