Kerala

പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം

പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്.


തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു.

തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു.  എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്.


ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് കൊണ്ട് ടൂറിസം മേഖല കൊച്ചിയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു.

ക്രസ്തുമസ്- പുതുവത്സര സീസണില്‍ ടൂറിസം മേഖല വീണ്ടും ഉണര്‍ന്നു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചു കൊണ്ട് വിവിധ സംഘടനകള്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധ നടക്കുന്നതനാല്‍ ടൂറിസം രംഗത്തിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുന്നതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പ്രഖ്യാപിച്ചു.

ദേശീയ പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്ന് വിനോദസഞ്ചാര മേഖല തികച്ചും സാധാരണമായിട്ടാണ് പ്രവര്‍ത്തിച്ചത്. ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന കൊച്ചിയില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എന്നാല്‍ പണിമുടക്ക് നടത്തുന്ന കൂട്ടര്‍ തീവണ്ടി തടഞ്ഞത് അന്തര്‍ സംസ്ഥാന തീവണ്ടികള്‍ വൈകിയോടുന്നതിന് കാരണമായി അതുകൊണ്ട് സഞ്ചാരികള്‍ എത്താന്‍ കുറച്ച് മണിക്കൂറുകള്‍ വൈകി.

ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തിനെ ഒഴിവാക്കിയത് വളരെ നല്ലൊരു തീരുമാനമാണ്. നമ്മുടെ നാട് കാണാന്‍ എത്തുന്ന വിദേശികളായ സഞ്ചാരികളില്‍ ഉണ്ടായിരുന്ന കേരളത്തിനെ കുറിച്ചുള്ള ഭയാശങ്ക ഇതുമൂലം മാറി കിട്ടുമെന്ന് ഈസ്റ്റ്ബൗണ്ടിന്റെ സൗത്ത് ഇന്ത്യന്‍ ബിസിനസ് ഹെഡ് ഹരി കെ സി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

കാലാസ്ഥയില്‍ മാറ്റം കൊണ്ട് തന്നെ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട ഇടമായ ഇടുക്കി ജില്ലയെ പണിമുടക്ക് ബാധിച്ചതേയില്ല. തണുപ്പ് തേടി ധാരാളം സന്ദര്‍ശകരാണ് ഇപ്പോള്‍ അവിടേക്ക് എത്തുന്നത്. സാധാരണ ദിനങ്ങളെക്കാള്‍ കൂടുതല്‍ സഞ്ചാരികളാണ് ഇന്ന് മീശപുലിമല സന്ദര്‍ശിക്കാനെത്തിയത്. ഹോട്ടലുകളും ഭക്ഷണശാലകളും എല്ലാം സാധാരണ ദിനം പോലെ ഇടുക്കിയില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ടൂറിസം രംഗത്തിന്റെ തിരിച്ചു വരവിനെയാണ് ഇടുക്കി എന്ന മിടുക്കിയിലൂടെ നമുക്ക് ലഭിക്കുന്നത്.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം പണിമുടക്ക് ദിനത്തില്‍ ശാന്തമായിരുന്നു. കോവളം, പൊന്‍മുടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളെ പണിമുടക്ക് ബാധിച്ചില്ല.


ഹര്‍ത്താല്‍ ദിനങ്ങളില്‍ നിന്ന് വിനോദസഞ്ചാര മേഖല ഒഴിവാക്കുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. വരും ദിനങ്ങളില്‍ ഇതേ പ്രവണത തുര്‍ന്നാല്‍ ടൂറിസം മേഖലയ്ക്ക് വന്‍ നേട്ടമായിരിക്കും ലഭിക്കുന്നത്. കേരള ടൂറിസം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രതികൂല പ്രതിഛായ ഇതിലൂടെ മാറി കിട്ടും.